പഞ്ചാബ് ഗായകന്‍ സിദ്ധു മൂസെയുടെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍
ചണ്ഡീഗഡ്: പഞ്ചാബ് ഗായകന്‍ സിദ്ധു മൂസെ വാല കൊല്ലപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ കൊലപാതകിയെന്ന് സംശയിക്കുന്ന മൂന്നാമത്തെയാളെ പൊലിസ് പിടികൂടി. ദേവേന്ദ്ര എന്ന കാലയാണ് പഞ്ചാബ് പൊലിസിന്റെ പിടിയിലായത്.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ നേരത്തെ പൊലിസ് പിടികൂടിയ രണ്ടുപേര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിയാനയിലെ ഫത്തേബാദില്‍ നിന്നാണ് ഇയാളെ പിടിച്ചത്. ഫത്തേബാദിലെ ഭിര്‍ദനയില്‍ നിന്നാണ് നേരത്തെ രണ്ടുപേരെ പിടികൂടിയത്.
ഉത്തരാഖണ്ഡിലെ മന്‍പ്രീതിനെയാണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഗായകന്റെ സംസ്‌കാരം നടക്കുന്നതിനിടെയായിരുന്നു ആദ്യ അറസ്റ്റ്.
മെയ് 29നാണ് മൂസെ വാല കൊല്ലപ്പെട്ടത്. സംഭവത്തില്‍ കനേഡിയന്‍ ഗ്യാങ്സ്റ്റര്‍ ഗോള്‍ഡി ബ്രാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഗായകന്റെ വീട് സന്ദര്‍ശിച്ച് കൊലപാതകികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മൂസെ വാലയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
പഞ്ചാബ് സര്‍ക്കാര്‍ മൂസെ വാലക്ക് നല്‍കിയിരുന്ന വി.ഐ.പി സുരക്ഷ പിന്‍വലിച്ചതിന് അടുത്ത ദിവസമാണ് കൊലപാതകം നടന്നത്. മൂസെ വാലക്കൊപ്പം വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ബന്ധുവിനും സുഹൃത്തിനും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.
ഇതോടെ വി.ഐ.പി സുരക്ഷ പിന്‍വലിച്ച ആം ആദ്മി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 400ഓളം വി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ച സര്‍ക്കാര്‍ അക്കാര്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്‍വലിച്ച വി.ഐ.പി സുരക്ഷ ജൂണ്‍ ഏഴിനുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."