ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം നാളെ
സ്വന്തം ലേഖകന്‍
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ തിരിച്ചുവിളിക്കണമെന്നും ജന വിരുദ്ധ നിയമങ്ങള്‍ ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജനകീയ നിരാഹാര സമരം നാളെ നടക്കും. നാളെ പകല്‍ 12 മണിക്കൂര്‍ വീടുകളിലും ഓഫിസുകളിലും നിരാഹാരമിരുന്നാണ് ദ്വീപ് ജനത പ്രതിഷേധിക്കുക. കടകളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിട്ട് സമരത്തില്‍ പങ്കാളികളാകും. സര്‍ക്കാര്‍ ഇടപാടുകളും ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ ബഹിഷ്‌കരിക്കാനും നിര്‍ദേശമുണ്ട്.
വീടുകളില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഫോട്ടേയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുക, വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തുക തുടങ്ങിയ സമര പരിപാടികളും നടക്കും. സമരത്തിന്റെ ഏകോപനത്തിനായി ഓരോ ദ്വീപിലും എല്ലാ രാഷ്ട്രീയ കക്ഷികളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദ്വീപ് തല കോര്‍ കമ്മിറ്റികളുടേയും ഉപദേശക സമിതികളുടേയും രൂപീകരണം നടന്നതായി ഫോറം കോ- ഓഡിനേറ്റര്‍ ഡോ. സാദിഖ് സുപ്രഭാതത്തോട് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫിസുകളില്‍ നിരാഹാരം അനുഷ്ഠിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. കോര്‍ കമ്മിറ്റിയുടെ സംസ്ഥാന തല യോഗം വെള്ളിയാഴ്ച ഓണ്‍ലൈനില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇന്നലെ കൊച്ചിയില്‍ ലീഗല്‍ സെല്ലിന്റെ യോഗവും ചേര്‍ന്നു. ഡല്‍ഹിയിലും കേരളത്തിലുമുള്ള ദ്വീപിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഉന്നതതല ഉപദേശക സമിതിക്ക് രൂപം നല്‍കി. ബാബു മില്ലത്ത് ( ചെയര്‍മാന്‍), മുഹമ്മദ് മണിക് ഫാന്‍, കെ .കെ മുഹമ്മദ് കൊച്ചി (കണ്‍വീനര്‍), ഡോ സഈദ് മുഹമ്മദ് കോയ ( ട്രഷറര്‍ ), ഡോ. സാദിഖ് ( കോ ഓഡിനേറ്റര്‍ ), ഡോ. ലിയാക്കത്ത് അലി ഖത്തര്‍ (എന്‍.ആര്‍. ഐ കോ ഓഡിനേറ്റര്‍ ) എന്നിവരാണ് ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."