പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിക്കുന്നു
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡനവും ബലാത്സംഗവും വര്‍ധിക്കുന്നു. പോസ്‌കോ നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്ത കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,114 പെണ്‍കുട്ടികളാണ് ഒന്നരവര്‍ഷത്തിനിടെ ബലാത്സംഗത്തിനിരയായത്. മറ്റു പീഡനങ്ങള്‍ക്കിരയായത് 386 പെണ്‍കുട്ടികളാണ്. കഴിഞ്ഞവര്‍ഷം732 പെണ്‍കുട്ടികളും ഈ വര്‍ഷം ജൂണ്‍ 20വരെ 382 പെണ്‍കുട്ടികളുമാണ് ബലാത്സംഗത്തിനിരയായത്. ഇതില്‍ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ച സംഭവങ്ങളുണ്ട്. സ്വന്തം വീട്ടില്‍ നിന്നു പോലും പീഡനത്തിനിരയായ കുട്ടികളും കുറവല്ല.
196 പെണ്‍കുട്ടികളെയാണ് ഇക്കാലയളവില്‍ തട്ടിക്കൊണ്ടുപോയത്. 611 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഴിഞ്ഞവര്‍ഷത്തെ 417 കേസുകളും ഈ വര്‍ഷം ആറുമാസത്തിനിടെ 194 കേസുകളും ഉള്‍പ്പെടുന്നു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഒന്നരവര്‍ഷത്തിനിടെ 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ 1,406 ഉം ഈ വര്‍ഷം മാര്‍ച്ച് 31 വരെ 405 കേസുകളും ഉള്‍പ്പെടെ 1,811 കേസുകളുമാണ് മറ്റു കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്ളത്.
18 വയസു തികയാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡന കേസുകളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2008 മുതല്‍ ഈ വര്‍ഷം വരെ ആകെ രജിസ്റ്റര്‍ ചെയ്തത് 3,996 ബലാത്സംഗ കേസുകളാണ്. 2008 ല്‍ 215 കേസുകളായിരുന്നെങ്കില്‍ അടുത്ത വര്‍ഷം 235 ആയി ഉയര്‍ന്നു. 2010ല്‍ 208 ആയി കുറഞ്ഞെങ്കിലും 2011ല്‍ 423ല്‍ എത്തി. 2012 ല്‍ 455 ആയും 2013ല്‍ 637 ആയും കേസുകള്‍ ഇരട്ടിച്ചു. 2014 ല്‍ 709 ബലാല്‍സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തട്ടിക്കൊണ്ടുപോകലിലും ക്രമാതീതമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2008ല്‍ 87 ആയിരുന്ന കേസുകള്‍ 2012 ല്‍ 142 ആയി. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും 2015 ല്‍ ഇത് 160 ആയി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."