ജനങ്ങളുടെ ജീവന്‍ തെരുവുനായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കരുത്
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെ പുല്ലുവിളയില്‍ 65 കാരിയായ സ്ത്രീ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെടുകയും അവരെ രക്ഷപെടുത്താനെത്തിയ മകനു നായ്ക്കളുടെ ആക്രമണംമൂലം കടലില്‍ച്ചാടി രക്ഷപെടേണ്ടിവരികയും ചെയ്തതു നടക്കമുളവാക്കുന്ന വാര്‍ത്തയാണ്. സമാനസംഭവത്തില്‍ മറ്റൊരു സ്ത്രീകൂടി ഇത്തരത്തില്‍ നായ്ക്കളാല്‍ ആക്രമിക്കപ്പെടുകയും ഗുരുതമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
കേരളത്തില്‍ നിരവധിനാളുകളായി ആയിരക്കണക്കിനാളുകള്‍ തെരുവുനായ്കളുടെ ആക്രമണങ്ങള്‍ക്കു വിധേയരാവുകയും ഗുരുതമായി പരിക്കേല്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൊച്ചുകുട്ടികള്‍മുതല്‍ വൃദ്ധന്മാര്‍വരെ ഇതിന് ഇരയായിട്ടുണ്ട്. തെരുവുനായ്ക്കളെ കൊല്ലാന്‍പാടില്ലന്നുള്ള സുപ്രിംകോടതി നിര്‍ദേശം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷം സംജാതമായിട്ടുള്ളതെന്നതു യാഥാര്‍ഥ്യമാണ്. പക്ഷേ, അതുകൊണ്ട് എല്ലാവരും നിശബ്ദരായി ഇത്തരമൊരു സ്ഥിതിവിശേഷം സഹിക്കുകയും അതിനിരയാവുകയും ചെയ്തുകൊള്ളണമെന്നുപറയാന്‍ കഴിയില്ലല്ലോ.
ഇക്കാര്യത്തില്‍ സുപ്രിംകോടതിയെ സമീപിച്ച് അടിയന്തിരമായി ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. ഞാന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ തെരുവുനായ്ക്കള്‍ മനുഷ്യജീവനുഭീഷണിയുയര്‍ത്തുന്നത് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിവച്ചിരുന്നു. സുപ്രിംകോടതിയെ വീണ്ടും സമീപിച്ചു ഗുരുതരമായ സ്ഥിതിവിശേഷം ബോധ്യപ്പെടുത്തി അനുകൂലവിധി സമ്പാദിക്കാനായിരുന്നു അന്നു ശ്രമിച്ചത്.
അതിനുള്ള നീക്കം തുടങ്ങിയപ്പോഴേയ്ക്കും മൃഗസ്‌നേഹികള്‍ അടക്കമുള്ളവര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പിന്നീട് ആ നീക്കം മന്ദഗതിയിലായി. തെരുവുനായ്ക്കള്‍ നിഷ്‌ക്കരുണം മനുഷ്യനെ കടിച്ചുകീറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മൃഗസ്‌നേഹികളുടെ വികാരങ്ങളെ മാനിക്കുന്നതില്‍ തെറ്റില്ല. അനാവശ്യമായി മൃഗങ്ങളെ കൊന്നൊടുക്കുന്നതും ശരിയല്ല. പക്ഷേ, നമ്മുടെ ജീവനു നിരന്തരം ഭീഷണിയുയര്‍ത്തുന്ന മൃഗങ്ങളെ കൊല്ലരുതെന്നു പറയുന്നതില്‍ എന്താണര്‍ഥം. മനുഷ്യന്റെ ജീവനേക്കാള്‍ വിലയുണ്ട് തെരുവുനായ്ക്കള്‍ക്കെന്ന് ആരെങ്കിലും വാദിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.
നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ നിയമമുണ്ട്. അക്രമം കാണിക്കുകയും മറ്റുള്ളവരുടെ ജീവനു ഭീഷണയാകുന്നവിധത്തില്‍ അക്രമംനടത്തുകയും ചെയ്യുന്ന മനുഷ്യര്‍ക്കുനേരേയും ഇന്ത്യയിലെ നിയമപ്രകാരം വെടിവയ്ക്കാറുണ്ട്. എന്നാല്‍, മനുഷ്യരെ ആക്രമിച്ചുകൊല്ലുന്ന തെരുവുനായ്ക്കളെ ഒന്നുംചെയ്യാന്‍ കഴിയില്ലന്നുവരുന്നതു പരിതാപകരമാണ്.
ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ക്രിയാത്മകമായി നടപടികള്‍ കൈക്കൊള്ളണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. സുപ്രിംകോടതിയില്‍ ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തി കോടതിയെക്കൊണ്ടുതന്നെ ഇക്കാര്യത്തില്‍ നിര്‍ദേശം പുറപ്പെടുവിക്കാന്‍ കഴിയണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന എന്തുനടപടിക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണസഹകരണം ഞാന്‍ ഉറപ്പുതരുന്നു. ജനങ്ങളുടെ ജീവനാണു പ്രശ്‌നം. അതു സംരക്ഷിക്കാന്‍ ഏതറ്റംവരെ പോയാലും തെറ്റില്ലന്ന അഭിപ്രായകാരനാണു ഞാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."