HOME
DETAILS
MAL
ധര്‍മരാജന്‍ സമ്മതിച്ചു; തട്ടിയെടുത്ത കാറില്‍ 3.5 കോടിയുണ്ടായിരുന്നു
backup
June 09 2021 | 02:06 AM
തൃശൂര്‍: കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ മലക്കം മറിഞ്ഞ് ധര്‍മരാജന്‍. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഇതുവരെ പറഞ്ഞിരുന്ന ധര്‍മരാജന്‍ കോടതിയില്‍ നിലപാട് മാറ്റി. കൊടകരയില്‍വച്ച് പ്രതികള്‍ തട്ടിയെടുത്ത കാറില്‍ 3.5 കോടിയുണ്ടായിരുന്നു എന്നാണ് ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.
നഷ്ടപ്പെട്ട പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ കച്ചവട ആവശ്യത്തിനു മറ്റൊരാള്‍ ഏല്‍പിച്ചതാണ് പണമെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇതുവരെ കണ്ടെടുത്ത 1.40 കോടി രൂപയും കാറും ഉടന്‍ തിരികെ നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിയാണു ഹരജി കൈമാറിയത്. ഹരജിയുടെ കോപ്പി പൊലിസിനു കോടതി കൈമാറി.
ഹരജിയില്‍ പറയുന്നത് ഇപ്രകാരമാണ്. ഏപ്രില്‍ ഒന്നിനു ഷംജീറിന്റെ കാര്‍ വാങ്ങി പണം ഒളിപ്പിച്ചു. പിറ്റേന്നു ഷംജീര്‍ കാര്‍ എടുക്കുമ്പോള്‍ 3.5 കോടി രൂപ ഉണ്ടെന്നു പറയാന്‍ തോന്നിയില്ല. അതിനാല്‍ 25 ലക്ഷമുണ്ടെന്നു മാത്രം പറഞ്ഞു. രണ്ടിനു രാത്രി ഷംജീര്‍ കാറുമായി പുറപ്പെട്ടു. മൂന്നിനു പുലര്‍ച്ചെ 4.50നു ഷംജീര്‍ വിളിച്ച് ആക്രമണമുണ്ടായെന്നും കാറും പണവും തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടമുള്ളതിനാല്‍ അപ്പോള്‍ പരാതി നല്‍കിയില്ല. - ഹരജിയില്‍ പറയുന്നു.പിന്നീട് ഏഴിനു ഷംജീര്‍ പരാതി നല്‍കിയപ്പോള്‍ 25 ലക്ഷം രൂപയെന്നാണു പറഞ്ഞത്. ഇത് ഡല്‍ഹിയില്‍ കച്ചവടത്തിനുള്ള പണമാണ്. പിടിച്ചെടുത്ത പണവും കാറും തിരിച്ചുനല്‍കണമെന്നും ധര്‍മരാജന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം കവര്‍ച്ച ചെയ്ത ബാക്കി പണം എവിടെയെന്നുപോലും കണ്ടെത്താനാവാതെ വട്ടംകറങ്ങുന്നതിനിടെയുള്ള ധര്‍മരാജന്റെ നീക്കം പൊലിസിനെ തെല്ലൊന്നുമല്ല കുഴപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."