ലക്ഷദ്വീപിലെ സ്‌കൂളുകളിൽ പാചകജോലി ഒഴിവ്; കൂലി മാസം ആയിരം രൂപ വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
തസ്തികകളുടെ എണ്ണവും
വെട്ടിക്കുറച്ചു
ജലീൽ അരൂക്കുറ്റി
കൊച്ചി
ലക്ഷദ്വീപിലെ സ്‌കൂളുകളിലേക്ക് പാചകത്തൊഴിലാളികളെയും സഹായികളെയും ആവശ്യമുണ്ട്. ശമ്പളം കേട്ടാൽ ആരും ഒന്നു ഞെട്ടും. പ്രതിമാസം ആയിരം രൂപ. കേൾക്കുമ്പോൾ തന്നെ വിചിത്രമെന്ന് തോന്നുന്ന ഈ കൂലിക്ക് ആര് ജോലിക്ക് വരുമെന്ന കാത്തിരിപ്പിലാണ് സ്കൂളുകാരും പഞ്ചായത്ത് അധികൃതരും.
കൊവിഡ് വ്യാപനത്തിൽ സ്‌കൂളുകൾ അടച്ചതോടെ താൽക്കാലിക ജീവനക്കാരായ മുഴുവനും പാചകത്തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു. സ്‌കൂൾ തുറന്നതോടെയാണ് പാചകത്തൊഴിലാളികളെയും സഹായികളെയും ജോലിക്കുവയ്ക്കാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ എന്നിവർക്ക് സർക്കുലർ നൽകിയത്. പുതിയ ഈ സർക്കുലറിലാണ് ഓരോ സ്‌കൂളുകളിലേക്കും അനുവദിച്ചിരിക്കുന്ന താൽക്കാലിക തസ്തികകളും ശമ്പളവും വ്യക്തമാക്കിയിരിക്കുന്നത്.
മുൻവർഷങ്ങളിൽ 374 രൂപ ദിവസവേതനപ്രകാരം പതിനായിരത്തോളം രൂപ മാസം ലഭിച്ചിരുന്ന തസ്തികയിലാണ് ആയിരം രൂപ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ശമ്പളം എഴുതിയപ്പോഴുള്ള പിശകാണെന്ന് കരുതി സ്‌കൂൾ അധികൃതർ ബന്ധപ്പെട്ടെങ്കിലും മന്ത്രാലയ തീരുമാനമാണെന്നായിരുന്നു മറുപടി.
നിലവിൽ 43 സ്‌കൂളുകളിലേക്ക് 110 പേരെ നിയമിക്കാനാണ് അനുമതി. പ്രീ പ്രൈമറി വിഭാഗത്തിലെ 13 സ്‌കൂളുകളിലേക്ക് 24 ഉം പ്രൈമറി വിഭാഗത്തിൽ 16 സ്‌കൂളിൽ 42 ഉം യു.പി വിഭാഗത്തിൽ 13 സ്‌കൂളുകളിൽ 44 ഉം തസ്തികളാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന 186 തസ്തികൾ വെട്ടിക്കുറച്ചാണ് ഇപ്പോൾ 110 ലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ പത്ത് മാസങ്ങളിലായിട്ടാണ് നിയമിക്കുന്നതെങ്കിലും 89 ദിവസം കഴിയുമ്പോൾ നിയമനം പൂതുക്കി നൽകണമെന്നും നിർദേശം ഉണ്ട്.
വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ നിന്നാണ് ദിവസവേതന തൊഴിലാളികളെ നൽകിയിരുന്നത്. നേരത്തെ വിദ്യാഭ്യസവകുപ്പ് ജില്ലാപഞ്ചായത്തിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
പ്രഫുൽഖോഡ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി വന്നതോടെയാണ് വിദ്യാഭ്യാസവകുപ്പ് അഡ്മിനിസ്‌ട്രേഷൻ നേരിട്ട് ഏറ്റെടുത്തത്. പരിഷ്‌കാരങ്ങളുടെ ഭാഗമായി ചില സ്‌കൂളുകൾ അടച്ചുപൂട്ടുകയും മറ്റു ചിലത് ലയിപ്പിക്കുകയും ചെയ്ത ശേഷം 150 ലധികം കരാർ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടുകയും ചെയ്തു.
ലക്ഷദ്വീപിലെ മിനിമം ദിവസവേതനം 324.80 രൂപയായിരിക്കെ മാസം ആയിരം രൂപയ്ക്ക് ആളുകളെ നിയമിക്കാനുള്ള നീക്കം ദ്വീപ് ജനതയെ പരിഹസിക്കുന്നതും തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഗൂഢനീക്കവുമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗൺസിലർ ഹസൻ ബൊഡുമുക്കഗോത്തി സുപ്രഭാതത്തോട് പറഞ്ഞു. ശമ്പളം കണ്ട് ഞെട്ടിയ പഞ്ചായത്ത് പ്രസിഡന്റുമാർ ഗത്യന്തരമില്ലാതെ സ്‌കൂളുകളുടെ അഭ്യർഥന മാനിച്ച് അറിയിപ്പ് നൽകി ആളെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."