പ്രതീക്ഷയുടെ ഇൗ തുരുത്തും തൂത്തുകളയണോ?
The kerala story
സത്യം, പുറത്തിറങ്ങാൻ ഷൂസ് ധരിക്കുമ്പോഴ്ത്തേക്കും നുണ ലോകം ചുറ്റി തിരിച്ചെത്തിയിരിക്കുമെന്ന് പറഞ്ഞത് മാർക് ട്വൈനാണ്. കേരളത്തിൽനിന്ന് സ്ത്രീകളെ മതം മാറ്റുകയും ഐ.എസിൽ ചേർക്കാൻ അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും കൊണ്ടുപോവുകയും ചെയ്യുന്നു എന്നത് ഇന്ന് രാജ്യം ചുറ്റി തിരിച്ചെത്തിയ പെരും നുണയാണ്. ഈ നുണയിൽ നിന്നാണ് കേരളത്തിൽ നിന്ന് 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന കഥ പറയുന്ന സുദീപ്‌തോ സെന്നിന്റെ ദ കേരളാ സ്‌റ്റോറിയെന്ന സിനിമ ഉണ്ടായിരിക്കുന്നത്.
ഒരുകാലത്ത് പൊതുസമൂഹം വായിക്കാൻ പോലും തയാറാകാത്ത സംഘ്പരിവാർ പ്രസിദ്ധീകരണങ്ങളിൽ മാത്രം അച്ചടിച്ചുവരുന്ന സാങ്കൽപിക കഥ മാത്രമായിരുന്നു ലൗ ജിഹാദ് പോലുള്ള പ്രചാരണങ്ങൾ. മലപ്പുറത്തേക്ക് ആയുധങ്ങളുമായി പുറപ്പെട്ട ഒരു കപ്പലിനെക്കുറിച്ചുള്ളതായിരുന്നു ഇതിനൊപ്പമുള്ള മറ്റൊരു കഥ. ബി.ജെ.പി നേതാക്കൾ ഇക്കാര്യം ആവർത്തിച്ചു പ്രസംഗിക്കുകയും തുടർച്ചയായി വാർത്താസമ്മേളനം നടത്തുകയും ചെയ്തു. 25 വർഷം കഴിഞ്ഞിട്ടും കപ്പൽ തീരത്തെത്തുകയോ കടലിൽ നങ്കൂരമിട്ടത് നാവികസേനയ്ക്ക് കണ്ടെത്താൻ കഴിയുകയോ ചെയ്തില്ല. എങ്കിലും സംഘ്പരിവാറിന്റെ വായ്ത്താരിയിൽ ഇപ്പോഴും ഈ ആയുധക്കപ്പലുണ്ട്. അത് എങ്ങോ നിന്ന് മലപ്പുറം തീരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അത്തരമൊരു സംഘ്പരിവാർ വായ്ത്താരിയായിരുന്നു ലൗ ജിഹാദും. അടുത്ത കാലംവരെ അത് ഇത്തരത്തിൽ അലകും പിടിയുമില്ലാത്ത കഥ മാത്രമായി കിടന്നു. സംഘ്പരിവാറിന് പിന്നാലെ അരമനകളും ഈ കഥകൾ ഏറ്റുപാടാൻ തുടങ്ങിയതോടെയാണ് പൊതുസമൂഹത്തിലൊരു വിഭാഗമെങ്കിലും ഇതിലെല്ലാം വിശ്വസിച്ചു തുടങ്ങിയത്.
ലൗ ജിഹാദ് ഇന്ന് സമൂഹത്തിലെ ഒരു വിഭാഗത്തിനെങ്കിലും സ്വീകാര്യമായ കഥയാണ്.
ഇല്ലാക്കഥയെന്ന് സർക്കാരും പൊതുസമൂഹവും ആവർത്തിച്ചു പറഞ്ഞാലും വായ്ത്താരിക്കും പ്രചാരണത്തിനും കുറവൊന്നുമില്ല. സത്യമല്ല, നുണകളാണ് ജനങ്ങളെ ആദ്യം കീഴടക്കുക. സർക്കാർ നടത്തുന്ന യുദ്ധത്തെ പിന്തുണച്ചു പുരോഹിതർ നടത്തുന്ന പ്രസംഗമാണ് ലോകത്തെ ഏറ്റവും അശ്ലീലമെന്നാണ് പ്രശസ്ത ജർമ്മൻ ദാർശനികൻ ഹെർബർട്ട് മർക്യൂസ് പറഞ്ഞത്. മർക്യൂസിനെ കടമെടുത്തു പറഞ്ഞാൽ അരമനകളിൽ നിന്നുയരുന്ന ലൗ ജിഹാദ് കഥകളെക്കാൾ വലിയ അശ്ലീലമില്ല.
ലൗ ജിഹാദുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നേരത്തെ നടത്തിയ പ്രസ്താവന തെറ്റായ പ്രചാരണങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതായി. കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നുമായിരുന്നു വി.എസ് പറഞ്ഞത്. സംഘ്പരിവാർ ഇൗ പ്രസ്താവനയെ വലിയ രീതിയിൽ ഉപയോഗിക്കുന്നുണ്ട്.
ലൗ ജിഹാദ് ഉണ്ടെന്ന് ഒരു അന്വേഷണ സംഘവും കണ്ടെത്തിയിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് വി.എസ് ഇങ്ങനെ പറഞ്ഞത്? ഏതു സാഹചര്യത്തിലാണെങ്കിലും വി.എസിനെപ്പോലെ ഒരാൾ ഇത്തരം പ്രസ്താവന നടത്താൻ പാടില്ലാത്തതായിരുന്നു.
സംഘ്പരിവാറിന്റെ ഒരു നുണപ്രചാരണവും വെറുതെ പോയിട്ടില്ല. മുസ്‌ലിംകൾ ആസൂത്രിതമായി പ്രണയിച്ച് മതം മാറ്റുകയും സിറിയയിലേക്ക് ലൈംഗിക അടിമകളാക്കാൻ കൊണ്ടുപോവുകയും ചെയ്യുന്നുവെന്നും വിശ്വസിക്കുന്നൊരു വിഭാഗം ഇന്ന് രാജ്യത്തുണ്ട്. മുസ്‌ലിം കടകളിൽ ഭക്ഷണം തുപ്പിവിളമ്പുന്നതാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
സംഘ്പരിവാർ പ്രോപ്പഗണ്ടകൾ സിനിമയായി വരുന്നതിന്റെ ആദ്യ ഉദാഹരണമല്ല ദ കേരള സ്റ്റോറി. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇത്തരത്തിലുള്ള സിനിമകൾ വ്യാപകമായുണ്ടാകുന്നുണ്ട്. കശ്മിരിൽ നിന്നുള്ള പണ്ഡിറ്റ് പലായനത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വിവേക് അഗ്നിഹോത്രിയുടെ കശ്മിർ ഫയൽസായിരുന്നു ഇതിനു മുമ്പുണ്ടായത്. പണ്ഡിറ്റ് പലായനത്തെക്കുറിച്ച് നുണ പറയുകയും അത് പൊലിപ്പിച്ചു കാട്ടുകയും ചെയ്യുന്നു എന്നത് മാത്രമല്ല കശ്മിർ ഫയൽസ് കശ്മിരികളോട് ചെയ്യുന്നത്. 1988നുശേഷം ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും പതിനായിരം പേരെ കാണാതാവുകയും ചെയ്ത സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തത്തിനിരയായ ഒരു ജനതയെ അത് പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നു.
ദ കേരളാ സ്‌റ്റോറിയും ഇത്തരത്തിലുള്ള വസ്തുകളുടെ മുഖത്ത് തുപ്പലാണ്. കേരളത്തിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് എത്രപേർ ഐ.എസിൽ ചേരാൻ പോയെന്നതിന് സർക്കാരിന്റെ പക്കൽ കണക്കുണ്ട്. അവരിലെത്രപേർ മരിച്ചെന്നും എത്രപേർ തിരിച്ചെത്തിയെന്നും കണക്കുണ്ട്. അവർ ഏത് മതക്കാരായിരുന്നുവെന്നതിനും കണക്കുണ്ട്. അവരിൽ ചിലരുടെ സംശയകമായ മതംമാറ്റത്തെക്കുറിച്ചുള്ള വസ്തുതകളുമുണ്ട്. ഒരു സിനിമ കൊണ്ടും അതൊന്നും മൂടിവയ്ക്കാൻ കഴിയില്ല. കേരളം ബി.ജെ.പിക്ക് കിട്ടാക്കനിയാണ്. താമരവിരിയിക്കാൻ കേരളത്തെ ചെളിക്കുണ്ടാക്കാനുള്ള നീക്കം കേരളീയർ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുകയാണ്. കേരളവും തമിഴ്‌നാടും ഭീകരവാദികളും മാവോയിസ്റ്റുകളും കമ്യൂണിസ്റ്റ് ഭീകരരും നിറഞ്ഞ പുരാതന ദേശമാണെന്ന പ്രചാരണം ഉത്തരേന്ത്യയിൽ വ്യാപകമായി നടക്കുന്നുണ്ട്.
കേരളത്തിൽ ആർ.എസ്.എസുകാർ പുറത്തിറങ്ങുന്നത് ഏതുനിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയോടെയാണെന്ന് പ്രസംഗിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇത് പാർലമെന്റിൽ ആവർത്തിക്കുന്നത് ആഭ്യന്തരമന്ത്രി അമിത്ഷായാണ്. ദക്ഷിണേന്ത്യയെക്കുറിച്ച് കാര്യമായി ധാരണയില്ലാത്ത ഉത്തരേന്ത്യക്കാരിൽ പലരും ഇതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നുമുണ്ട്. ഇന്ത്യയെ ഇങ്ങനെ വിഘടിപ്പിക്കുന്ന കലാപരിപാടി മറ്റൊരു പ്രധാനമന്ത്രിയുടേയും അജൻഡയിൽ ഉണ്ടായിരുന്നില്ല. ഹിന്ദി സംസാരിക്കുന്നവരെ തമിഴ്‌നാട്ടിൽ തല്ലിക്കൊല്ലുകയാണെന്ന പ്രചാരണം നടത്തിയ ബി.ജെ.പി നേതാവ് സമീപകാലത്ത് കേസിൽ നിന്ന് രക്ഷപ്പെട്ടത് മാപ്പുപറഞ്ഞതിന് ശേഷമാണ്. ഈ പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബിഹാരി യൂട്യൂബർ ഇപ്പോൾ കേസ് നേരിടുകയാണ്. സുദീപ്‌തോ സെന്നിന്റെ നുണക്കഥകളെ കേരളം ഒറ്റക്കെട്ടായി എതിർത്തു എന്നതാണ് കേരളീയ സമൂഹത്തെക്കുറിച്ച് ഇപ്പോഴും പ്രതീക്ഷവയ്ക്കുന്ന കാര്യം. ഒരു കേരളാ സ്റ്റോറി മാത്രമല്ല, ഇനിയും വരാനിരിക്കുന്ന കള്ളക്കഥകളെ ഒറ്റക്കെട്ടായി നേരിടാനാവണം നമുക്ക്. രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും ജീവിക്കാൻ ഈ ചെറിയൊരു തുരുത്തെങ്കിലും ബാക്കി വേണം.
The kerala story
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."