HOME
DETAILS

പ്രാണവായു ജീവനെടുക്കുന്ന കാലം

  
backup
June 18 2022 | 03:06 AM

the-time-when-the-air-takes-life1111

കെ. ജംഷാദ്


മറ്റു ജീവജാലങ്ങളെ പോലെ ഭൂമിയിലെ ഒരു വർഗമാണ് മനുഷ്യരും. വിശേഷ ബുദ്ധിയുള്ള മനുഷ്യരുടെ ചെയ്തികൾമൂലം പ്രകൃതിയും പരിസ്ഥിതിയും കാലാവസ്ഥയും അനുദിനം തകർന്നുകൊണ്ടിരിക്കുകയാണ്. ഫലത്തിൽ ഭൂമുഖത്തുനിന്ന് മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെ ഉന്മൂലനത്തിന് ഇടയാക്കുന്ന പ്രവൃത്തികളാണ് ഓരോ വർഷവും അതിവേഗം നടന്നുകൊണ്ടിരിക്കുന്നത്. ആകാശവും വായുവും പ്രകൃതിയും വെള്ളവും മലിനമാക്കി സ്വയം കുഴിതോണ്ടുകയാണ് മനുഷ്യർ. പരിസ്ഥിതി നാശത്തിന്റെ തിക്തഫലങ്ങൾ അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിനൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രകൃതിക്ഷോഭങ്ങളും ഓരോ വർഷവും വർധിച്ചുവരുന്നു. ഇതിനെതിരേ ലോകരാജ്യങ്ങൾ നിയന്ത്രണങ്ങളും നടപടികളും ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാനാകുന്നില്ല.ഗവേഷകരുടെ മുന്നിൽ ഇപ്പോഴും ആശ്വാസകരമായ ഡാറ്റ ലഭിക്കുന്നില്ല. ഭൂമി മരണത്തോട് മല്ലിടുകയാണെന്ന ദുഃഖ സത്യം അംഗീകരിക്കാൻ നാം തയാറാകുന്നുമില്ല.


ആഗോള കൂട്ടായ്മകൾ


പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശുദ്ധവായുവിന്റെ അപര്യാപ്തതയാണ്. അന്തരീക്ഷ മലിനീകരണം അത്രയും വർധിച്ചുകഴിഞ്ഞു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം തന്നെയാണ് വായുനിലവാരം കുറയ്ക്കുന്നതിനും കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്നതിനുമുള്ള പ്രധാന കാരണം. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിനു പകരം പുനരുപയോഗ ഊർജ സ്രോതസുകളിലേക്ക് മാറിയാൽ ഒരു പരിധിവരെ ഈ പ്രശ്‌നം പരിഹരിക്കാനാകും. വ്യവസായങ്ങൾ, രാസമാലിന്യങ്ങൾ എന്നിങ്ങനെ നമ്മുടെ ആകാശത്തേക്ക് പ്രതിദിനം ടൺ കണക്കിന് മാലിന്യങ്ങൾ ഓരോ വർഷവും എത്തുന്നുണ്ട്.


1970 കളിൽ അമ്ലമഴ മൂലം മരങ്ങളും മറ്റും നശിക്കുകയും ഡി.ഡി.റ്റി പെയ്തിറങ്ങി പക്ഷികളും ജീവികളും ചത്തതുമാണ് പ്രകൃതിയെ കുറിച്ചോർക്കാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിച്ചത്. വായുമലിനീകരണത്തിന്റെ ദൂഷ്യഫലം ലോകം ആദ്യമായി അനുഭവിച്ചത് അന്നായിരുന്നു. ഇതിനൊരു പരിഹാരം വേണ്ടേയെന്ന ചിന്തയിൽ 1972ൽ സ്റ്റോക്ക്‌ഹോമിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ പരിസ്ഥിതി സമ്മേളനം നടന്നു. മനുഷ്യന്റെ നിലനിൽപ്പിന് ആധാരഗ്രഹമായ ഭൂമിയുടെ സംരക്ഷണത്തിനുവേണ്ടി നടന്ന ആദ്യ ആഗോള കൂട്ടായ്മയായിരുന്നു അത്. അന്നെടുത്ത തീരുമാനങ്ങളിൽ പലതും പല രാജ്യങ്ങളുടെയും ആശങ്കകളാൽ നടപ്പായില്ല. 20 വർഷത്തിനുശേഷം 1992ൽ യു.എന്നിന്റെ നേതൃത്വത്തിൽ നടന്ന ഭൗമ ഉച്ചകോടിയിൽ ഇത്തരം ആശങ്കകൾക്ക് ഏറെക്കുറെ പരിഹാരമുണ്ടായി. സ്‌റ്റോക്ക്‌ഹോം ഉച്ചകോടിക്ക് 50 വർഷം പൂർത്തിയാകുമ്പോൾ ലോകം വലിയ പരിസ്ഥിതി പ്രതിസന്ധിയിലാണ്. പ്രതിവർഷം ലക്ഷക്കണിക്കിന് പേരാണ് വായുമലിനീകരണത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുന്നത്.


പ്രാണവായു ഇന്ത്യയിൽ
കൊല്ലുന്നത് ലക്ഷങ്ങളെ


കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ വായുനിലവാരം ഉയർത്തിയാൽ പ്രദേശവാസികളുടെ ആയുസിൽ 10 വർഷംകൂടി കൂട്ടിക്കിട്ടുമെന്ന് പറയുന്നു. അതായത് അന്തരീക്ഷ മലിനീകരണം മൂലം ആളുകൾ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നുവെന്ന് അർഥം. എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സാണ് വായുമലിനീകരണ തോതിനെക്കുറിച്ച് പഠനം നടത്തിയത്. വായു മലിനീകരണം കൂടുമ്പോൾ ജീവിത ദൈർഘ്യം കുറയുന്നു. ബംഗ്ലാദേശാണ് ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യം. ബംഗ്ലാദേശിലെ ശരാശരി ആയുർദൈർഘ്യം വായുമലിനീകരണം മൂലം 6.9 വർഷം കുറയുമ്പോൾ ഇന്ത്യയിൽ അഞ്ചു വർഷമാണ്. ഉത്തരേന്ത്യയിലാണ് ഏറ്റവും കൂടുതൽ വായുമലിനീകരണം അനുഭവപ്പെടുന്നത്. പഞ്ചാബ് മുതൽ പശ്ചിമബംഗാൾ വരെയുള്ള മേഖലയിലാണ് മലിനീകരണ നിരക്ക് കൂടുതൽ. ഈ മേഖലയിൽ 50 കോടി പേരെ വായുമലിനീകരണം ബാധിക്കുന്നു. 7.6 വർഷത്തെ ഇവരുടെ ആയുസാണ് വായു മലിനീകരണം കവർന്നെടുക്കുന്നത്.


വില്ലൻ പി.എം 2.5 എന്ന
ചെറുകണികകൾ


ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പി.എം 2.5 (Particulate Matter 2.5) എന്ന ചെറുകണികകളുടെ സാന്നിധ്യമാണ് വായുമലിനീകരണത്തിന് പ്രധാന കാരണം. എട്ടോളം മറ്റു വാതകങ്ങളുടെ സാന്നിധ്യവും പരിശോധിക്കാറുണ്ട്. 2.5 മൈക്രോമീറ്ററിന് താഴെയുള്ള പൊടിപടലമാണിത്. ഇതിൽ ലോഹങ്ങൾ, ഓർഗാനിക് സംയുക്തങ്ങൾ മറ്റു വിഷവസ്തുക്കൾ എല്ലാം അടങ്ങിയിരിക്കും. മുടിനാരിഴയേക്കാൾ ചെറുതാണ് ഇവ. സാധാരണ മുടിനാരിന് 50 മുതൽ 70 മൈക്രോ മീറ്ററാണ് വ്യാസമുണ്ടാകുക. വായുവിലെ മറ്റൊരു കണികയായ പി.എം 10 ഉം വായു മലിനീകരണത്തിലെ വില്ലനാണ്. പൊടി, പരാഗങ്ങൾ തുടങ്ങിയ താരതമ്യേന വലിയ പൊടിയാണിത്. പി.എം 2.5 ശ്വാസകോശത്തിനുള്ളിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനാകും. രക്തത്തിൽ കലർന്ന് എല്ലാ അവയവങ്ങളിലും എത്താനാകും. എവിടെയും അസുഖം വരുത്താനും കഴിയും. ജീവനുതന്നെ ഭീഷണിയാകുന്ന വായുവിലെ മലിന കണികകളാണിവ. നാം വലിച്ചെടുക്കുന്ന വായുവിലെ നിശബ്ദ കൊലയാളി. ശുദ്ധമായ വായു, വെള്ളം, മണ്ണ് എന്നിവ മനുഷ്യന് നിലനിൽക്കാൻ അത്യന്താപേക്ഷികമാണ്. അത് ഉറപ്പുവരുത്താൻ സർക്കാരുകൾ പ്രതിജ്ഞാബദ്ധരുമാണ്.


ക്ലീൻ എയർ ആക്ട് എവിടെ,
മരണം വർധിക്കുന്നു


ശുദ്ധമായ വായു ഉറപ്പുവരുത്താൽ ക്ലീൻ എയർ ആക്ട് ഉണ്ടെങ്കിൽപോലും പ്രതിവർഷം ഒരു ലക്ഷം പേർ വായുമലിനീകരണത്തെ തുടർന്ന് മരിക്കുന്നുവെന്ന വസ്തുത നാം കാണാതെ പോകരുത്. ഓരോ വർഷവും ഇത്തരം മരണനിരക്ക് മുന്നോട്ടുതന്നെയാണ്. പല മടങ്ങാണ് ഓരോ വർഷവും ശ്വാസകോശസംബന്ധവും അല്ലാതെയുമുള്ള മോശം വായു വരുത്തിവയ്ക്കുന്ന അസുഖങ്ങളും ഇതുമൂലമുള്ള മരണനിരക്കും എന്നത് ഭയപ്പെടുത്തുന്ന കണക്കാണ്.
കൽക്കരി പോലുള്ളവയാണ് മാരകമായ വായുമലിനീകണം ഉണ്ടാകുന്ന ഫോസിൽ ഇന്ധനം. ഇവയുടെ ഉപയോഗം പരമാവധി കുറച്ചിട്ടുണ്ടെങ്കിലും ഉത്തരേന്ത്യയിലും മറ്റും ഊർജ ഉത്പാദനത്തിന് കൽക്കരി ഉപയോഗിക്കുന്നു. ട്രെയിനുകളും മറ്റും ഡീസലിലേക്കും പിന്നീട് ഇലക്ട്രിക് സംവിധാനത്തിലേക്കും മാറി. വാഹനങ്ങളും ഇലക്ട്രിക് ആകുന്നു. പുനരുപയോഗ ഊർജ സ്രോതസുകളും വ്യാപകമാകുന്നുണ്ട്. എങ്കിലും 9,000 ത്തോളം മരണം രാജ്യത്ത് മലിനീകരണം മൂലമുണ്ടാകുന്നു എന്നാണ് കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളും പറയുന്നത്.
2019 ൽ പലവിധ മലിനീകരണങ്ങളാൽ ഇന്ത്യയിൽ 23 ലക്ഷത്തിലധികം പേർ മരിച്ചുവെന്ന് മെഡിക്കൽ ജേണലായ ദ ലാൻസെറ്റ് പറയുന്നു.ഇതിൽ 16 ലക്ഷവും വായുമലിനീകരണം മൂലമാണെന്നാണ് കണ്ടെത്തൽ. അഞ്ചു ലക്ഷത്തിലധികം പേരും മരിച്ചത് ജലമലിനീകരണത്തെ തുടർന്നാണ്. അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളിലും ഇത്തരം മരണത്തിന് കുറവില്ല.
ആഗോളതലത്തിൽ 90 ലക്ഷം പേരാണ് 2019 ൽ മലിനീകരണത്തെ തുടർന്ന് മരിച്ചത് എന്നാണ് കണക്ക്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ്, ഇൻഞ്ചുറീസ് ആൻഡ് റിസ്‌ക് ഫാക്ടർ സ്റ്റഡിയുടെ 2019 ലെ കണക്കാണിത്. ഇതിൽ 2019 ൽ മാത്രം 67 ലക്ഷം പേരും മരിച്ചത് വായുമലിനീകരണം കൊണ്ടാണ്. മോശം വായു ശ്വസിച്ചതു മൂലം ഇന്ത്യയിൽ ഓരോ വർഷവും 10 ലക്ഷത്തിലധികം പേർ മരിക്കുന്നുവെന്നാണ് ഇവരുടെ കണക്ക്.


വെല്ലുവിളിയായി
കാലാവസ്ഥയും ഭൂപ്രകൃതിയും


വായുമലിനീകണം വർധിക്കുന്നതിൽ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും മുഖ്യപങ്കുണ്ട്. ഉത്തരേന്ത്യയിൽ വായുമലിനീകരണം കൂടുമ്പോൾ കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ താരതമ്യേന കുറയുന്നത് കാണാം. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയെ താരതമ്യപ്പെടുത്തുമ്പോൾ വായുമലിനീകരണം കുറവാണ്. ഉത്തരേന്ത്യയിലെ ഭൂപ്രകൃതി മോശം വായു കെട്ടിനിൽക്കുന്ന സാഹചര്യം സൃഷ്ടിക്കാറുണ്ട്. എല്ലാ ശൈത്യകാലത്തും ഡൽഹിയിൽ വായുമലിനീകരണം പാരമ്യത്തിലെത്തുന്നതിനു കാരണം സമീപ സംസ്ഥാനങ്ങളിൽ കർഷകർ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും ദീപാവലിക്കും മറ്റും പടക്കംപൊട്ടിക്കുന്നതും ആ സമയത്ത് ഡൽഹിക്കു മുകളിൽ മന്ദഗതിയിലുള്ള കാറ്റുമാണ്. വൈക്കോൽ കത്തിക്കുന്നതാണ് ഡൽഹിയിൽ മലിനീകരണത്തിന്റെ 45 ശതമാനത്തിനും കാരണമെന്ന് 2021ൽ റിപ്പോർട്ടുകളുണ്ടായിരുന്നു.


കേരളത്തിൽ കോഴിക്കോട്, കൊച്ചി നഗരങ്ങളിലാണ് താരതമ്യേന മലിനീകരണം കൂടുതൽ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് പലപ്പോഴും വായുനിലവാരം ആശ്വാസ പരിധിയിലാണ്. മൺസൂൺ കാലത്തെ മഴയും അറബിക്കടലിൽ നിന്ന് പടിഞ്ഞാറൻ കാറ്റും വേനലിൽ അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലെ കാറ്റും കേരളത്തിനു കുറുകെ സഞ്ചരിക്കുന്നതും കേരളത്തിലെ വായുമലിനീകരണത്തെ തടയുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. തീരദേശ നഗരങ്ങളിൽ വായുമലിനീകരണത്തെ കടലിൽ നിന്നെത്തുന്ന കാറ്റ് കുറയ്ക്കുന്നുണ്ട്. എങ്കിലും നഗരത്തിനുള്ളിൽ വലിയ കെട്ടിടങ്ങൾ വന്നതിനാൽ വായുമലിനീകരണ ഒബ്‌സർവേറ്ററികളിൽ പലപ്പോഴും ഓറഞ്ച് പരിധിയിൽവരെ വായു ഗുണനിലവാര തോത് ഉയരാറുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago