ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം: മുന്‍ സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
തിരുവനന്തപുരം: ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കലക്ടറേറ്റിലെ മുന്‍ ജീവനക്കാരന്‍ ശ്രീകണ്ഠന്‍ നായരാണ് അറസ്റ്റിലായത്. ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായിരുന്നു ശ്രീകണ്ഠന്‍ നായര്‍. ഇയാള്‍ തന്നെയാണ് തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സബ് കലക്ടര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പേരൂര്‍ക്കട എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ ഇന്ന് പിടികൂടിയത്.
110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 74000 രൂപയുമാണ് ആര്‍.ഡി.ഒ. കോടതിയില്‍നിന്ന് മോഷണം പോയത്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം കേന്ദ്രീകരിച്ച് നടത്തിയ പൊലിസ് അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. 2020ലാണ് ഇയാള്‍ വിരമിച്ചത്. 2011 നും 2020 നുമിടയിലാണ് മോഷണം നടന്നതെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ലോക്കറുകള്‍ പൊളിക്കുകയോ കേടുവരുത്തുകയോ ചെയ്യാതെയാണ് തൊണ്ടിമുതലുകള്‍ പുറത്തേക്ക് കടത്തിയത്. മോഷ്ടിച്ച പണം പ്രതി ചെലവഴിച്ചതായും സ്വര്‍ണം വിവിധ സ്വകാര്യ ബാങ്കുകളില്‍ പണയം വെച്ചതിന്റെ രേഖകളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അഞ്ചു തവണയായാണ് ഈ ആഭരണങ്ങള്‍ പണയം വെച്ചത്. വിശദമായ പരിശോധനയില്‍ കോടതിയില്‍ നിന്ന് നഷ്ടമായ ആഭരണങ്ങളെന്ന് തിരിച്ചറിഞ്ഞു. പണയരേഖകളും കണ്ടെത്തിട്ടുണ്ട്. കവര്‍ന്ന ആഭരണങ്ങളുടെ സ്ഥാനത്ത് പ്രതി മുക്കുപണ്ടങ്ങള്‍ കൊണ്ടുവെയ്ക്കുകയും ചെയ്തിരുന്നു.
അജ്ഞാത മൃതദേഹങ്ങളില്‍ നിന്നു ലഭിക്കുന്നതും തര്‍ക്ക വസ്തുവും കളഞ്ഞുകിട്ടുന്നതുമടക്കമുള്ള സ്വര്‍ണവും പണവുമാണ് ആര്‍.ഡി.ഒ. കോടതികളില്‍ സൂക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."