ഖല്‍ബ് തുറന്ന കത്തുകാലം
എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍
സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാല്‍ ഏറെ പിരിശത്തിലു ചൊല്ലിടുന്നു വസ്സലാം
ഞങ്ങള്‍ക്കെല്ലാം സുഖമാണിവിടെ എന്നു തന്നെ എഴുതീടട്ടെ
മറുനാട്ടില്‍ നിങ്ങള്‍ക്കും അതിലേറെ ക്ഷേമമാണെന്നു കരുതി സന്തോഷിക്കട്ടെ
എഴുതിയറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്...''
ഗള്‍ഫുകാരന്റെ നൊമ്പരം പാട്ടായി പകര്‍ത്തി മലയാളക്കര നെഞ്ചേറ്റിയ ഗായകനും കത്തുപാട്ടുകളുടെ ശില്‍പിയുമായ എസ്.എ ജമീലിന്റെ ഈ വരികള്‍ കത്തെഴുത്തിലെ ഗൃഹാതുരമായ ഓര്‍മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. നിങ്ങളുടെ വീടിന്റെ പഴകിയതും ഉപയോഗശൂന്യവുമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഇരുമ്പുപെട്ടിയിലോ മേശവലിപ്പിനുള്ളിലോ വില്‍പനയ്ക്കുവെച്ച എഴുതിത്തീര്‍ന്ന നോട്ടുപുസ്തകത്തിനുള്ളിലോ പരതുമ്പോള്‍ ഇതുപോലെ ചില വരികള്‍ കുറിച്ച ഒരു കടലാസ് കഷണം കണ്ടേക്കാം. ചിലപ്പോള്‍ ഇനിയൊരിക്കലും കണ്ണില്‍പെടാതെ ചിതലരിച്ചോ അക്ഷരങ്ങള്‍ മാഞ്ഞോ കണ്ണില്‍പെടാതെയുമുണ്ടാവാം. അതെ, നമുക്കുണ്ടായിരുന്നു ഒരുകാലം. ആര്‍ദ്രത തുളുമ്പുന്ന കത്തുകളുടെ വസന്തകാലം.
മനോഹരമായ കൈയെഴുത്തിലൂടെ വികാരനിര്‍ഭരമായ വാക്കുകളും പ്രണയവും പരിഭവങ്ങളും സൗഹൃദങ്ങളും കൈമാറിയ ആ വസന്തം പറന്നകന്നത് എത്ര പെട്ടെന്നാണ്. മനസിന്റെ അടിത്തട്ടില്‍ നിന്ന്; കാതങ്ങള്‍ക്കപ്പുറമുള്ള പ്രാണന്റെ പാതിയായ പ്രിയതമയ്ക്ക് പതിരാനേരത്ത് ജോലിത്തിരക്കുകള്‍ കഴിഞ്ഞ് സ്‌നേഹത്തില്‍ തുളുമ്പുന്ന അക്ഷരച്ചെപ്പുകള്‍ കൊണ്ട് മാസ്മരികത തീര്‍ത്ത പ്രവാസികളുടെ വരികള്‍.
പ്രണയാര്‍ദ്രതയുടെ കാവ്യവചസിനേക്കാള്‍ കുളിര്‍മഴ പെയ്യിക്കുന്ന ആ കത്ത് കിട്ടാന്‍ പോസ്റ്റ്മാന്റെ സൈക്കിള്‍ ബെല്ലു കാത്ത് പണിത്തിരക്കുകള്‍ക്കിടയിലും ഉമ്മറപ്പടിയില്‍ ഇടയ്ക്കിടെ വന്ന് നോക്കി; പോകുന്നവരോടെല്ലാം പോസ്റ്റ്മാനെ കണ്ടോ എന്ന് ചോദിക്കുന്ന പ്രിയപ്പെട്ടവള്‍.
ഏഴാംകടലിന്റെ അപ്പുറത്തുനിന്ന് ദിനങ്ങള്‍ താണ്ടി പല കത്തുകള്‍ക്കിടയിലും തൊട്ടുരുമ്മി കിന്നാരംപറഞ്ഞ് പല സ്ഥലങ്ങളിലൂടെയും കറങ്ങിത്തിരിഞ്ഞ് പോസ്റ്റ്മാന്‍ അവളുടെ കൈകളില്‍ കത്ത് കൊടുക്കുമ്പോള്‍ ആത്മനിര്‍വൃതിയുടെ മന്ദഹാസം ആ മുഖത്തു കാണം. ജോലിത്തിരക്കെല്ലാം കഴിഞ്ഞ് സമാധാനത്തോടെ അത് വായിക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന മനസ്. തന്റെ റൂമില്‍ വാതിലടച്ച് ഏകാന്തയായി ആ കത്തിന് ഒരു മുത്തവും കൊടുത്തു കവര്‍ പൊട്ടിക്കുമ്പോള്‍ തന്റെ ജീവിതപങ്കാളിയുടെ താന്‍ അനുഭവിച്ച അതേ സുഗന്ധം.
ആ അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇതനുഭവിക്കണമെങ്കില്‍ വീണ്ടുമാ കത്തുകളുടെ കാലത്തിലേക്ക് മടങ്ങണം. മറുപടിക്കത്ത് പ്രതീക്ഷിച്ച് കിനാവു കണ്ട് കിടക്കുന്ന പ്രിയതമന്റെ അടുത്തേക്ക് ഇനി ആരെങ്കിലും പോകുന്നുണ്ടോ എന്നന്വേഷിച്ച് സഹധര്‍മണി നെടുവീര്‍പ്പിടുകയാണ്.
പ്രണയം സ്മാര്‍ട്ട് ഫോണില്‍ വാട്ട്‌സ്ആപ്പിലും മെസഞ്ചറിലുമൊക്കെ സ്റ്റിക്കറും ഇമോജിയുമായി അയച്ചുകൊടുക്കുന്ന പുതുതലമുറയ്ക്ക് അനുഭവിക്കാനാകാതെപോയൊരു ചരിത്രമുണ്ട് പ്രണയത്തിന്. എങ്ങനെയാണ് ആ ഇരുണ്ട ഭൂതകാലത്തില്‍ കാണാമറയത്തുള്ളവര്‍ പ്രണയത്തെയും സ്‌നേഹബന്ധങ്ങളെയും നിലനിര്‍ത്തിയതെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഒരുകാലത്ത് പരസ്പരവിശ്വാസവും കെട്ടുറപ്പുള്ള ബന്ധങ്ങളും നിലനിന്നത് ഇത്തരം കത്തുകളിലൂടെയാണെന്ന് ഇവര്‍ക്കു പറഞ്ഞുകൊടുക്കാനെങ്കിലും നമുക്ക് കഴിയണം.
വീട്ടിലെ പ്രായംചെന്ന ഉമ്മമാര്‍ക്കും ഉപ്പമാര്‍ക്കുമൊക്കെ വിദേശത്തുള്ള മക്കള്‍ക്കും മറ്റും വേണ്ടി സ്‌നേഹവും സന്തോഷവും സന്താപവും നിറഞ്ഞ കത്തുകള്‍ എഴുതിയതും വായിച്ചുകൊടുത്തതും കത്തുപാട്ടുകള്‍ കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാന്‍ സഹായിച്ചതും ഓര്‍ത്ത് രസിക്കുന്നുണ്ടാകും ഇന്നത്തെ മധ്യവയസ്‌കര്‍.
ഉമ്മാമയും വല്യുപ്പയും ഞാന്‍ പഠിക്കാനിരിക്കുന്ന മേശയുടെ അടുത്ത് ഒരു കസേരയുമിട്ടിരുന്ന് എന്നോട് പറയും, ഇന്നലെ നീ വായിച്ചുതന്ന കത്തിനൊരു മറുപടി എഴുതണം. രണ്ട് ദിവസം കഴിഞ്ഞാല്‍ മാമന്റെ അടുത്തേക്ക് ബേബി ചേച്ചിയുടെ മകന്‍ പോകുന്നുണ്ട്. ഉമ്മാമയുടെയും വല്യുപ്പയുടെയും അധരങ്ങളില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന സ്‌നേഹവാത്സല്യത്തിന്റെ അക്ഷരമുത്തുകള്‍ ഓരോന്നായി പെറുക്കിയെടുത്ത് കത്തുകള്‍ എഴുതി പേജുകള്‍ കഴിയാനായ ലെറ്റര്‍പാഡിലെ അവസാനത്തെ പേജുകളില്‍ ഞാന്‍ എഴുതിത്തുടങ്ങും:
'സ്‌നേഹനിധിയായ പൊന്നുമോന്, ഉമ്മയും ഉപ്പയും മറ്റെല്ലാവരും കൂടി എഴുതുന്നു. എന്തെന്നാല്‍ മോനയച്ച കത്ത് കിട്ടി. വായിച്ചു. സന്തോഷം. ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെയാണ്. നിനക്കും സുഖമാണെന്ന് കരുതുന്നു...'
ഇങ്ങനെയാണ് ഓരോ കത്തിന്റെയും തുടക്കം. കത്തുകള്‍ എഴുതി പരിചയമുള്ള ഞാന്‍ ആമുഖം അവര് പറയുന്നതിന് മുമ്പേ എഴുതി തയാറാക്കിയിട്ടുണ്ടാവും. പിന്നെയങ്ങോട്ട് പരീക്ഷാഹാളില്‍ ഉപന്യാസം എഴുതാന്‍ അഡീഷനല്‍ ഷീറ്റ് വാങ്ങി എഴുതുന്നതുപോലെ അഞ്ചും ആറും പേജുകള്‍ നിറയുംവരെ എഴുത്ത് തന്നെ.
അയല്‍വാസിയായ സൈതാലിക്കാടെ മോള്‍ടെ നാത്തൂന്റെ മോള്‍ പാല്‍കുടി നിര്‍ത്തിയ കാര്യംമുതല്‍ പച്ചക്കറിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില വരെ അതില്‍ എഴുതാന്‍ വിട്ടുപോകാറില്ല. ഏറ്റവും രസം, നിനക്ക് ഇതിന്റെ കൂടെ കുറച്ച് നെയ്യപ്പം കൊടുത്തുവിടുന്നുണ്ട്. അതില്‍ നിന്ന് അല്‍പം തെക്കേതിലെ ഹംസത്തിനും കൊടുക്കണം. നെയ്യപ്പം എല്ലാം ഒറ്റയിരിപ്പിന് തിന്നശേഷം ഏമ്പക്കവുംവിട്ട് കത്ത് പൊട്ടിച്ച് വായിച്ച മൂപ്പരുടെ അവസ്ഥ എന്തായിരിക്കും!
അങ്ങനെ പല തമാശകള്‍ നിറഞ്ഞ വരികളും വിങ്ങലും തേങ്ങലും തലോടലും എല്ലാം സ്പര്‍ശിച്ച ഒരു കത്ത്, അതും കാപട്യംതീണ്ടാത്ത നാടന്‍ സംസാരഭാഷയില്‍. ബഷീറിന്റെ പാത്തുമ്മയുടെ ആടിലെ പാത്തുവിന്റെയും അബുവിന്റെയൊക്കെ സംഭാഷണംപോലെ അവരത് പറയുമ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാന്‍ എന്റെയൊരു നിലവാരംവച്ച് ഒാരോ വാക്കുകളും തെറ്റാതെ എഴുതാന്‍ ശ്രമിക്കാറുണ്ട്. കത്തിന്റെ അവസാന ഭാഗം 'ലെറ്റര്‍പാഡ് പേജ് കഴിയാനായി. ആരെങ്കിലും നാട്ടില്‍ വരുമ്പോള്‍ കൊടുത്തുവിടണേ' എന്നായിരിക്കും.
ഗള്‍ഫ് നാട്ടിലെ ആ ലെറ്റര്‍പാഡുകള്‍ ആരുടെയും വീട്ടില്‍ ഇന്ന് കാണില്ല. കത്ത് എഴുതിക്കഴിഞ്ഞു ഒരുതവണ അവരെ വായിച്ച് കേള്‍പ്പിച്ച് എഴുതാന്‍ വിട്ടുപോയത് ചേര്‍ത്തും വെട്ടാനുള്ളത് വെട്ടിയും ഒന്ന് മൊഞ്ചാക്കും. അതിന് ശേഷം അത് മടക്കി എയര്‍മെയില്‍ കവറിലിട്ട് അടുക്കളയിലെ ചെമ്പില്‍ നിന്ന് കുറച്ച് വറ്റുകള്‍ എടുത്ത് കവര്‍ ഒട്ടിച്ചുകൊടുക്കും.
അങ്ങനെ ഓര്‍മച്ചെപ്പില്‍ നിന്ന് ഓര്‍ത്തെടുക്കാന്‍ എത്രയെത്ര കത്തുകളാണ്. ആധുനിക യാത്രാസൗകര്യങ്ങളോ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഇല്ലാത്ത, പ്രവാചകന്‍ മുഹമ്മദ് നബി (സ) ജീവിച്ച കാലത്ത് ഇസ്്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അറേബ്യന്‍ ഉപദ്വീപിന് പുറത്തുള്ള ചക്രവര്‍ത്തിമാര്‍ക്ക് സ്വന്തം കൈപ്പടയില്‍ കത്തുകള്‍ എഴുതിയയച്ച സംഭവങ്ങള്‍ ചരിത്രത്തില്‍ മായാത്ത കിടക്കുന്നു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ മ്യൂസിയത്തില്‍ പ്രവാചകന്റെ ഏതാനും കത്തുകള്‍ അമൂല്യനിധികളെന്നോണം ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇവയുടെ തനത് കോപ്പികള്‍ മദീനയിലുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."