മലയാളി വൈദികൻ ജർമനിയിൽ മുങ്ങിമരിച്ചു അപകടം വെള്ളത്തിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
മൂവാറ്റുപുഴ
ജർമനിയിലെ മ്യൂണിക്കിൽ വെള്ളത്തിൽ വീണ സഹയാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വൈദികൻ തടാകത്തിൽ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച റേഗൻസ്ബുർഗിലുള്ള തടാകത്തിൽ അപകടത്തിൽപ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാർസാഹ് ജില്ലയിലുള്ള ലേക്ക് മൂർണറിൽ വൈകിട്ട് ആറേകാലോടെയാണ് അപകടം. തിരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തികരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സി.എസ്.ടി സഭാധികൃതർ അറിയിച്ചു. കോതമംഗലം രൂപതയിൽപ്പെട്ട പൈങ്ങോട്ടൂർ ഇടവകാംഗമായ ഫാ. ബിനു ആലുവ സി.എസ്.ടി പ്രൊവിൻസിന്റെ ഭാഗമായ റേഗൻസ്ബർഗ് രൂപതയിലാണ് കഴിഞ്ഞ 10 വർഷത്തിലേറെയായി സേവനം അനുഷ്ഠിക്കുന്നത്. പൈങ്ങോട്ടൂർ കുരീക്കാട്ടിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളിൽ ഇളയയാളാണ്. സഹോദരങ്ങൾ: സെലിൻ, മേരി, ബെന്നി, ബിജു, ബിന്ദു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."