രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കോ?
രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പി.എച്ച്.ഡി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പട്രയുടെ തുറന്നുപറച്ചിൽ. ഉക്രൈനിലെ റഷ്യൻ അധിനിവേശം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ ഭാവിയെ ഇത് ഇരുളടഞ്ഞതാക്കുമെന്നും സാമ്പത്തിക തിരിച്ചുവരവ് അനിശ്ചിതത്വത്തിലാക്കുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പു നൽകിയത്.
രൂപയുടെ മൂല്യം ഇടിയുന്നതും വിപണിയിലെ അനിശ്ചിതത്വവും ആഗോളസാഹചര്യവും പിന്നോട്ടുവലിക്കുന്ന ഘടകങ്ങളാണ്. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്തകളും ഇന്ത്യൻ വിപണിയെ കൂടുതൽ ആശങ്കയിലേക്കു തന്നെയാണ് ഇറക്കിവിടുന്നത്. മാന്ദ്യഭയത്തിൽ നിൽക്കുന്ന ഓഹരിവിപണി ഇന്നലെ അൽപം തലപൊക്കിനോക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. നിഫ്റ്റി 142.60 പോയിന്റും സെൻസെക്‌സ് 462.26 പോയിന്റും തിരിച്ചു കയറിയിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തിൽ 78.24 രൂപയിലാണ് ഇന്ത്യൻ രൂപ നിൽക്കുന്നത്. ഇത് എക്കാലത്തേയും മോശമായ നിലയാണ്. പണപ്പെരുപ്പത്തിൻ്റെ ആഴം വ്യക്തമാക്കാൻ ഇതുമാത്രം മതിയാകും. ഈ സാമ്പത്തിക വർഷത്തിൽ രൂപയുടെ മൂല്യം ഇനിയും അതിവേഗം ഇടിയാൻ സാധ്യതയുണ്ടെന്നും ഡോളറുമായുള്ള വിനിയമയത്തിൽ 81രൂപ കടക്കുമെന്നുമുള്ള നിരീക്ഷണം ഏറെ ഗൗരവമുള്ളതാണ്.
ഉയർന്ന പണപ്പെരുപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ആശങ്കയുണ്ടാക്കുന്നതായി ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്റെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് വന്നത്. പ്രതിസന്ധി മറികടക്കാൻ സാധാരണ പ്രയോഗിക്കാറുള്ള വഴി തന്നെയാണ് റിസർവ് ബാങ്ക് ഇത്തവണയും സ്വീകരിച്ചത്. വിപണിയിലെ പണലഭ്യത കുറച്ച്, രൂക്ഷമായ നാണ്യപ്പെരുപ്പം പിടിച്ചുനിർത്താനാണ് നിരക്കുവർധനയിലൂടെ റിസർവ് ബാങ്ക് ശ്രമിക്കുന്നത്. വാസ്തവത്തിൽ ഇത് തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണ് . വിലക്കയറ്റം പിടിച്ചുനിർത്താൻ പലിശനിരക്ക് വർധിപ്പിക്കണമെന്നത് ആർ.ബി.ഐയുടെ പരമ്പരാഗത നിലപാടാണ്. ഈയൊരു നടപടി രാജ്യവളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തികവിദഗ്ധർ നിരീക്ഷിക്കുന്നു. നിരക്ക് വർധിപ്പിക്കുന്നതിലൂടെ ഭവന വായ്പ, വ്യക്തിഗതവായ്പ, വാഹന വായ്പ, വ്യവസായ വായ്പ എന്നിവയടക്കം എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് വർധിക്കാനിടയാക്കും. ഇത് ജനങ്ങളെ പൊതുവിൽ വായ്പകളിൽനിന്ന് അകറ്റും. പ്രതിസന്ധിയിൽ ഉഴലുന്ന സാമ്പത്തികരംഗം ഇതോടെ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകും. വായ്പകളും മുതൽമുടക്കും വർധിപ്പിച്ച് തൊഴിലും വരുമാനവും കൂട്ടുകയും അതിലൂടെ ജനങ്ങളുടെ ക്രയശേഷി വർധിപ്പിച്ച് വ്യാപാര, വ്യവസായ മേഖലയിലെ മാന്ദ്യം നേരിടുകയുമാണ് യഥാർഥത്തിൽ ചെയ്യേണ്ടത്.
പലിശനിരക്ക് വർധിപ്പിക്കുക വഴി രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നത്തിന് പരിഹാരമാകുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയാൽ ഇല്ലെന്നു തന്നെയാണ് മറുപടി. സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം രൂക്ഷമായ വിലക്കയറ്റം, വ്യാപാര-വ്യവസായ മേഖലയിലെ മാന്ദ്യം, പെരുകുന്ന വ്യാപാരക്കമ്മി, രൂപയുടെ വിനിമയനിരക്കിൽ അടിക്കടിയുണ്ടാകുന്ന തകർച്ച ഇവയൊക്കെയാണ്. നോട്ടുനിരോധനം, ചരക്കുസേവന നികുതി (ജി.എസ്.ടി), ലോക്ക്ഡൗൺ എന്നിവമൂലം തകർന്നു തരിപ്പണമായ ഒരു വ്യവസ്ഥിതിയാണ് നമ്മുടേത് എന്നുകൂടി ചേർത്തുവായിക്കണം. രാജ്യം പുരോഗതിയിലേക്കാണെന്ന് നിരന്തരം ഗീർവാണം മുഴക്കുന്നതല്ലാതെ അടിസ്ഥാന പ്രശ്‌നങ്ങൾ ഇപ്പോഴും അങ്ങനെത്തന്നെ കിടക്കുകയാണ്. ഇതു പരിഹരിക്കാത്ത കാലത്തോളം വിപണി തകർച്ചയിൽ തന്നെയായിരിക്കും.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. വിപണിയിൽ ഉൽപന്നങ്ങൾക്ക് ഡിമാൻഡ് (ആവശ്യം) വർധിക്കുമ്പോഴാണ് സാധാരണ വിലക്കയറ്റം അനുഭവപ്പെടുക. സാധനങ്ങൾക്കു ദൗർലഭ്യം വരുമ്പോഴും വില കൂടും. എന്നാൽ, കാര്യമായ ഒരു ഡിമാൻഡുമില്ലാതെയാണ് വില അതിശീഘ്രം കുതിക്കുന്നത്. ഇതാണ് ഇന്ത്യയിൽ തുടർച്ചയായി സംഭവിക്കുന്നത്. ഉൽപാദനച്ചെലവിന് അനുസരിച്ച് ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ ഉൽപാദകർ നിർബന്ധിതരാകുന്നു.
വാസ്തവത്തിൽ രാജ്യം നേരിടുന്ന സാമ്പത്തികത്തകർച്ചയുടെ പ്രധാന കാരണം മുന്നറിയിപ്പുകളെ അവഗണിച്ചുള്ള നിലവിട്ട ഭരണം തന്നെയാണ്. വിലക്കയറ്റം നിയന്ത്രക്കുന്നതിനു സ്വീകരിക്കേണ്ട വിവിധ മാർഗങ്ങൾ സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവച്ചിരുന്നു. അവയെല്ലാം അവഗണിച്ചു എന്നുമാത്രമല്ല വിരുദ്ധമായ നടപടികളെടുക്കുകയു ചെയ്തു. പെട്രോളിയം ഉൽപന്നങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന നിർദേശം പാടേ അവഗണിച്ച് വില നിരന്തരം വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 30 രൂപ വർധിപ്പിച്ചതിൽ നിന്ന് എട്ടുരൂപ കുറയ്ക്കാൻ കഴിഞ്ഞ മാസം മഹാമനസ്‌കത കാട്ടിയെന്നത് മറക്കുന്നില്ല. ഇതിന്റെ ഫലം ചില്ലറ വിൽപന രംഗത്ത് പ്രകടമാകുകയും ചെയ്തിരുന്നു. പണലഭ്യത കുറയ്ക്കാൻ കടുത്ത നടപടി സ്വീകരിക്കാനുള്ള നിർദേശവും ചെവിക്കൊണ്ടില്ല.
ഉക്രൈൻ യുദ്ധവും തത്ഫലമായി ക്രൂഡോയിൽ വില കൂടിയതും പൊതുവിപണിയിൽ വിലക്കയറ്റത്തിന് കാരണമായെന്നു പറയുന്നതിനെ തൊണ്ടതൊടാതെ വിഴുങ്ങാൻ പറ്റില്ല. ക്രൂഡോയിൽ വില ഇടിഞ്ഞ കാലത്തും ഇന്ത്യയിൽ വില കുത്തനെ ഉയരുകയായിരുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ച് ലാഭം കൊയ്യുകയായിരുന്നു സർക്കാർ. വിലനിയന്ത്രണത്തിന്റെ ഘടകം പലിശയും റിപ്പോ നിരക്കും ആയി ബന്ധിപ്പിച്ച നമ്മുടെ പണനയത്തിലും അശാസ്ത്രീയത കാണാം. റിസർവ് ബാങ്ക് സാധാരണ പലിശനിരക്ക് കുറയ്ക്കാറില്ല. പലിശ കുറച്ചാൽ ബാങ്ക് വായ്പ വർധിക്കുമെന്നും പണം വിപണിയിലെത്തി വിലക്കയറ്റം ഉണ്ടാകുമെന്നുമാണ് റിസർവ് ബാങ്ക് കണക്കാക്കുന്നത്. അങ്ങനെയൊന്നും സംഭവിക്കാതെ തന്നെ വില ഇന്ത്യയിൽ നിരന്തരം കൂടുന്നത് കാണാം. വില നിയന്ത്രിക്കുന്നതിന്റെ ചാലകമാകാൻ റിപ്പോ നിരക്കിന് കഴിയുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
വിലക്കയറ്റം പിടിച്ചുനിർത്താൻ ഫലപ്രദമായ സർക്കാർ നടപടികൾ ആവശ്യമാണ്. അമിതനികുതിയും എണ്ണവിലയും കുറയ്ക്കുകയാണ് അതിന് അടിയന്തരമായി ചെയ്യേണ്ടത്. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടഞ്ഞ് സാധാരണക്കാരന്റെ നിലവിളി കേൾക്കാൻ തയാറായാൽ നിലവിലെ പ്രതിസന്ധിയിൽനിന്ന് രാജ്യം തിരിച്ചുകയറും. ഇല്ലെങ്കിൽ അയൽരാജ്യങ്ങളിൽ നിന്ന് കേൾക്കുന്ന ദുരിതവാർത്തകൾ നാളെ നമ്മുടെ രാജ്യത്തുനിന്നുകൂടി കേൾക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."