മുഖ്യമന്ത്രിമാര്‍ക്ക് കാലിടറിയ ചരിത്രം ആവര്‍ത്തിച്ച് കര്‍ണാടക
മുഖ്യമന്ത്രിമാര്‍ക്ക് കാലിടറിയ ചരിത്രം ആവര്‍ത്തിച്ച് കര്‍ണാടക
പല പ്രമുഖ നേതാക്കളും പരാജയപ്പെട്ട ചരിത്രമുണ്ട് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്. ഇത് ആദ്യമായല്ല പ്രമുഖ നേതാക്കള്‍ നിയമസഭയില്‍ തോല്‍വി ഏറ്റുവാങ്ങുന്നത്. പലപ്പോഴും മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ക്കായിരുന്നു കാലിടറി വീണത്. അച്ഛന്റെ പരാജയത്തിന് കണക്ക് ചോദിക്കാനെത്തിയ ബസവരാജ് ബൊമ്മൈ 1994ലെ തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷട്ടാറിനോട് പതിനയ്യായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടേണ്ടിവന്നു.
വീണ്ടും ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ബസവരാജ് ബൊമ്മൈ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും ബൊമ്മൈ വ്യക്തമാക്കി.
നാല് തവണ കര്‍ണാടക മുഖ്യമന്തി പദം അലങ്കരിച്ച ബി.എസ് യെദിയൂരപ്പ തന്റെ സ്ഥിരം മണ്ഡലമായ ശിക്കാരിപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു.
കൂടാതെ 2018 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളിലാണ് ജനവിധി തേടിയത്. ബദാമിയില്‍ വിജയിച്ചെങ്കിലും സ്ഥിരം മണ്ഡലത്തില്‍ ദേവഗൗഡയോട് അദ്ദേഹം പരാജയപ്പെട്ടു. ആദ്യ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ നിലവില്‍ വന്ന 1983ല്‍ കോണ്‍ഗ്രസിന്റെ നേതാവായ ആര് ഗുണ്ടു റാവു പരാജയപ്പെട്ടു. 1989ലെ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ നാലാമത് മുഖ്യമന്ത്രിയായ എസ്.ആര് ബൊമ്മൈ പരാജയപ്പെട്ടു. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ 1994 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
എന്നാല്‍ കര്‍ണാടകയിലെ മുഖ്യമന്ത്രിമാരില്‍ പലര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാനാകാതെ പടിയിറങ്ങേണ്ടി വന്ന ചരിത്രം കൂടിയുണ്ട്.
എസ് നിജലിംഗപ്പ, വീരേന്ദ്ര പാട്ടീല്‍, ഡി ദേവരാജ് ഉര്‍സ്, എച്ച് ഡി കുമാരസ്വാമി എന്നിവര്‍ കര്‍ണാടകയില്‍ രണ്ടുതവണ മുഖ്യമന്ത്രിക്കസേരയില്‍ എത്തി. അഞ്ചു വര്‍ഷത്തിനിടെ, മൂന്ന് തവണ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായി. ബിഎസ് യെദ്യൂരപ്പ നാലു തവണ കര്‍ണാടക മുഖ്യമന്ത്രിയായിട്ടുണ്ട്.
സംസ്ഥാനത്ത് മൂന്ന് മുഖ്യമന്ത്രിമാര്‍ മാത്രമാണ് അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയത്. ഈ മൂന്നു പേരും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ്. എസ് നിജലിംഗപ്പ, ഡി ദേവരാജ് ഉര്‍സ്, സിദ്ധരാമയ്യ എന്നിവരാണവര്‍. രണ്ടു പേരാണ് കര്‍ണാടകയില്‍ തുടര്‍ച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് മുഖ്യമന്ത്രിമാരായത്. കോണ്‍ഗ്രസിന്റെ ഡി ദേവരാജ് ഉര്‍സും ജനതാ പാര്‍ട്ടിയുടെ രാമകൃഷ്ണ ഹെഗ്ഡെയുമാണ് അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."