മറക്കല്ലേ…വസ്തു നികുതി നിര്‍ണയിച്ച ശേഷമുള്ള കെട്ടിടങ്ങളുടെ രൂപമാറ്റം അറിയിക്കാനുള്ള അവസാന തിയ്യതി നാളെ
മറക്കല്ലേ…വസ്തു നികുതി നിര്‍ണയിച്ച ശേഷമുള്ള കെട്ടിടങ്ങളുടെ രൂപമാറ്റം അറിയിക്കാനുള്ള അവസാന തിയ്യതി നാളെ
തൃശൂര്‍: വസ്തുനികുതി നിര്‍ണയിച്ച ശേഷം കെട്ടിടത്തിലെ തറവിസ്തീര്‍ണത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയത് അറിയിക്കാനുള്ള തീയതി തിങ്കളാഴ്ച 15-05-2023) അവസാനിക്കും. വസ്തുനികുതി നിര്‍ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗക്രമത്തിലോ വരുത്തിയ മാറ്റങ്ങള്‍ തദ്ദേശ സെക്രട്ടറിയെ അറിയിക്കേണ്ടത്. മാറ്റം അറിയിക്കാനുള്ള 9ബി ഫോറം കോരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഫോമെത്താന്‍ വൈകി, രേഖകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം; തിരുത്താന്‍ അവസരം ലഭിക്കാത്തവര്‍ നിരവധി
അതേസമയം, മാറ്റം വരുത്തിയത് അറിയിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും തിരുത്താന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. തദ്ദേശ വകുപ്പില്‍ ഇതു സംബന്ധിച്ച് വ്യക്തത ഇല്ലാത്തതും മാറ്റം അറിയിക്കാനുള്ള 9ബി ഫോറം വൈകി ലഭിച്ചതുമാണ് കാരണം.മേയ് 10നാണ് ഫോറം ലഭ്യമായത്.
കെട്ടിടത്തില്‍ മാറ്റം വരുത്തിയവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. നിര്‍ദേശം സംബന്ധിച്ച് ഭൂരിഭാഗം ജനത്തിനും അറിവുപോലുമില്ലാത്തത് ഭാവിയില്‍ പിഴയടക്കം ശിക്ഷനടപടികള്‍ക്ക് വഴിയൊരുക്കിയേക്കും.
വസ്തുനികുതി നിര്‍ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗക്രമത്തിലോ വരുത്തിയ മാറ്റങ്ങള്‍ തദ്ദേശ സെക്രട്ടറിയെ അറിയിക്കണമെന്ന ഉത്തരവ് മാര്‍ച്ച് അവസാനമാണ് പുറത്തിറങ്ങിയത്. 9ബി ഫോറം വൈകിയതിന് ഒപ്പം സര്‍ക്കാര്‍ അറിയിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരിലുള്‍പ്പെടെയുള്ള ആശയക്കുഴപ്പം തീര്‍ന്നിട്ടുമില്ല.
തറയുടെ തരം മാറ്റല്‍, മേല്‍ക്കൂരയുടെ തരം മാറ്റല്‍, ഭാഗികമായോ പൂര്‍ണമായോ പൊളിക്കല്‍, സെന്‍ട്രലൈസ്ഡ് എ.സി സ്ഥാപിക്കല്‍ തുടങ്ങിയ വിവരങ്ങളാണ് ഫോമില്‍ നല്‍കാനുള്ളത്. ഹാജറാക്കുന്ന രേഖകള്‍ സംബന്ധിച്ച് വിവരം ചേര്‍ക്കണമെന്നുണ്ടെങ്കിലും അവ ഏതൊക്കെയെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല. പഞ്ചായത്തുകളില്‍ 2013 ഏപ്രില്‍ ഒന്നിനും നഗരസഭകളില്‍ 2016 ഏപ്രില്‍ ഒന്നിനുമാണ് വസ്തുനികുതി അവസാനമായി പുതുക്കിയത്.
ഇവ നിര്‍ണയിച്ച ശേഷം കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നവര്‍ 30 ദിവസത്തിനകം രേഖമൂലം സെക്രട്ടറിയെ അറിയിക്കണമെന്നാണ് ചട്ടം. 2013ന് മുമ്പു വരെ വിസ്തീര്‍ണം കണക്കിലെടുക്കാതെ ഉപയോഗം നിശ്ചയിച്ച് കെട്ടിടത്തിന് കിട്ടുമായിരുന്ന വാടക നിശ്ചയിച്ചാണ് നികുതി ഈടാക്കിയിരുന്നത്.
കെട്ടിട ഉടമ നല്‍കുന്ന വിവരം അറിയിച്ചാലും ഇല്ലെങ്കിലും പരിശോധന നടത്താന്‍ ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവരുടെ സംഘത്തെ നിയോഗിക്കാനാണ് തദ്ദേശവകുപ്പ് നിര്‍ദേശം. ഇവര്‍ വീടുകളിലെത്തി നടത്തുന്ന പരിശോധനക്കു ശേഷം 10 ശതമാനം കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥതല പരിശോധനയും നടക്കും.
പരിശോധനയില്‍ 25 ശതമാനത്തില്‍ കൂടുതല്‍ വിവരങ്ങളില്‍ വ്യത്യാസമുണ്ടായാല്‍ മുഴുവന്‍ കെട്ടിടങ്ങളുടെയും വിവരശേഖരണം നടത്തണം. തുടര്‍ന്ന് തെറ്റായി വിവരം നല്‍കുന്നവര്‍ക്ക് പിഴശിക്ഷയും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."