ഫാസിസ്റ്റ് പ്രയോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നവര്‍
എൻ.കെ ഭൂപേഷ്
'10 വര്‍ഷത്തിനുമുമ്പുള്ള ബോംബെയിലെ സ്ഥിതി മോശമായിരുന്നുവെങ്കില്‍ ഗുജറാത്തിലെ സ്ഥിതി അതിന്റെ ആയിരമിരട്ടി പരിതാപകരമാണ്. ആദ്യ ആറ് മാസത്തിനുള്ളില്‍ എനിക്ക് നേരെ അഞ്ച് തവണയാണ് ആക്രമണമുണ്ടായത്. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടുതവണ ഡ്രൈവര്‍മാര്‍ എന്നെ വഴിയില്‍ ഇറക്കിവിട്ടു.1992-93 കാലത്ത് ബോംബെയും 2002 ല്‍ ഗുജറാത്തും മനസിലാക്കിയതുകൊണ്ട്, സംഭവങ്ങള്‍ വെറുതെ ശേഖരിച്ചുവച്ചതുകൊണ്ടോ ജനാധിപത്യത്തിന്റെയോ ഭരണ നിര്‍വഹണത്തിന്റെയോ പക്ഷപാതിത്വങ്ങളെയോ മുന്‍വിധികളെയോ കുറിച്ച് പറയുകയോ അതിനെതിരേ പ്രവര്‍ത്തിച്ചതുകൊണ്ടോ മാത്രം കാര്യമില്ലെന്ന് മനസിലായി. നമ്മുടെ നീതി നിര്‍വഹണ സംവിധാനത്തെ വിവിധ വശങ്ങളില്‍നിന്ന് പരിശോധനയ്ക്ക് വിധേയമാക്കേണ്ട അവസരമാണിതെന്ന് തോന്നി. ആള്‍ക്കൂട്ട കലാപം നടന്നാല്‍ നീതിയെന്നെങ്കിലും ലഭ്യമാക്കപ്പെടുമോ ? ' മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ് 'Foot soldier of the constitution' എന്ന തന്റെ ആത്മകഥയില്‍ എഴുതിയതാണിത്. ഇത്തരത്തിലുള്ള കൂടുതല്‍ ആളുകള്‍ ഉണ്ടായെങ്കില്‍ എന്ന് ആശിച്ചു പോകുകയാണെന്നാണ് വിഖ്യാത ചരിത്രകാരി റോമിളാ ഥാപ്പര്‍ ടീസ്റ്റയെ കുറിച്ച് എഴുതിയത്.
ഗുജറാത്തില്‍ വംശഹത്യ നടന്ന സമയത്തെകുറിച്ചായിരുന്നു ആത്മകഥയില്‍ ടീസ്റ്റ വിശദീകരിച്ചത്. ഇന്ന് ടീസ്റ്റ സെതല്‍വാദ് അറസ്റ്റിലാണ്. ആള്‍ക്കൂട്ട കലാപം നടന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരം ലഭിച്ചതിനു തൊട്ടുപിന്നാലെ അവര്‍, ഏറെ നാള്‍ പലവിധത്തില്‍ വേട്ടയാടപ്പെട്ടലിനു ശേഷം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അതും അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍.
ഗുജറാത്ത് കലാപത്തിന് പിന്നില്‍ യാതൊരു തരത്തിലും ഗുഢാലോചന നടന്നിട്ടില്ലെന്നും ഗോധ്രയിലെ തീവയ്പ്പ് സംഭവത്തിനു ശേഷം വളരെ പെട്ടന്നുണ്ടായ പ്രതികരണം മാത്രമാണ് കലാപമെന്നുമാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതുമെന്ന് ആവശ്യപ്പെട്ടാണ് കലാപത്തില്‍ കൊല്ലപ്പെട്ട എം.പിയായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി കോടതിയോട് ആവശ്യപ്പെട്ടത്. ഈ ഹര്‍ജി തള്ളിയാണ് ഒരു തരത്തിലുള്ള ഗൂഢാലോചനയും കലാപത്തിന് പിന്നില്‍ ഉണ്ടായിട്ടില്ലെന്ന് പരമോന്നത കോടതി വിധിച്ചത്. എന്നുമാത്രമല്ല, കോടതി മറ്റൊരു കാര്യം കൂടി പറഞ്ഞു. വിധിയിലെ ആ പരാമര്‍ശം ടീസ്റ്റ സെതല്‍വാദിനെയും ആര്‍.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യാനുള്ള സമ്മതപ്പത്രമായിരുന്നു. കോടതി ഇങ്ങനെയാണ് പറഞ്ഞത്. 'പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം, അസംതൃപ്തരായ ചില ഉദ്യോഗസ്ഥര്‍ സെന്‍സേഷണലിസം സൃഷ്ടിക്കാന്‍ നടത്തിയ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുവെന്നും അങ്ങനെ ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കൂടി കോടതി കൂട്ടി ചേര്‍ത്തു' (Indian Express-2022 June 25). പിന്നാലെ അറസ്റ്റും ഉണ്ടായി. അതിന് മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷാ അതിരൂക്ഷമായാണ് ടീസ്റ്റയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
നേരത്തെയും സംഘ്പരിവാര്‍ അവരെ വിമര്‍ശിച്ചിരുന്നുവെങ്കിലും ഇത്തവണ കോടതിയുടെ അഭിപ്രായത്തിന്റെ പിന്‍ബലവും അവര്‍ക്കുണ്ടായിരുന്നു. ഗുജറാത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിലായിരുന്നു ആര്‍.ബി ശ്രീകുമാര്‍. കലാപാനന്തരം മോദിയുടെ ശത്രുവായ പൊലിസ് ഉദ്യോഗസ്ഥന്‍. ഗുജറാത്തില്‍ എല്ലാം ശാന്തമാണെന്ന് അന്ന് മോദി തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍, അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് റിപ്പോർട്ട് നല്‍കിയ ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ കലാപം സംസ്ഥാനത്തെ 154 ജില്ലകളിലും ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കിയതു മുതല്‍ മോദിയുടെയും ബി.ജെ.പിയുടെയും നോട്ടപുള്ളിയായിരുന്നു ആര്‍.ബി ശ്രീകുമാര്‍. അദ്ദേഹത്തിന് അര്‍ഹമായ പ്രൊമോഷന്‍ തടഞ്ഞുവച്ചു. പിന്നീട് വിരമിച്ചതിന് ശേഷമാണ് അദ്ദേഹം നിയമ നടപടിയിലൂടെ തനിക്ക് അര്‍ഹമായ ഡി.ജി.പി പദവി മുന്‍കാല പ്രാബല്യത്തോടെ നേടിയെടുത്തത്. മോദിക്കെതിരേ നിന്ന മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലിലാണ്. ടീസ്റ്റയേയും ആര്‍.ബി ശ്രീകുമാറിനുമെതിരേ സുപ്രീംകോടതി തന്നെ പരാമര്‍ശം നടത്തിയ സ്ഥിതിക്ക് ഇവരുടെ വിധി എന്താണെന്ന് ഊഹിക്കാവുന്നതെയുള്ളൂ.
നീതിക്കു വേണ്ടി നിയമപരമായി നീങ്ങിയവരോട് കോടതികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് സുപ്രീംകോടതി പരമാര്‍ശവും വിധിയും. അത് ഇപ്പോള്‍ തുടങ്ങിയതല്ല. സഞ്ജീവ് ഭട്ട് മൂന്ന് വര്‍ഷമായി ജയിലിലാണ്. കസ്റ്റഡിയില്‍ ഒരാളെ മര്‍ദിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. അദ്ദേഹത്തിനെതിരായ കേസിലെ വിചിത്രമായ സംഗതികള്‍ പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പൊലിസ് കസ്റ്റഡിയിലെടുത്ത് ആഴ്ചകള്‍ക്കുശേഷമാണ് അയാള്‍ മരിച്ചത്. മര്‍ദിച്ചുവെന്നതില്‍ പോലും വസ്തുതകളില്ല. ഇങ്ങനെയൊക്കെയായിട്ടും ഇതുവരെ സഞ്ജയ് ദത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. അദ്ദേഹം വര്‍ഷങ്ങളായി നീതിപീഠത്തിന്റെ കനിവും കാത്തിരിക്കുകയാണ്, എത്രയോ ആളുകളെപോലെ.
വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഒരു വര്‍ഷമായി ജയിലിലാണ്. ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ഗൗതം നവ്‌ലാഖും ആനന്ദ് തെല്‍തുംദെയും പോലുള്ള നിരവധി പേര്‍ ജയിലിലടക്കപ്പെട്ടിട്ടും വര്‍ഷങ്ങളായി. ജി.എൻ സായ്ബാബ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു.
എക്‌സിക്യൂട്ടീവിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനും ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കനുസരിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാനുമുള്ള ശേഷി ഇന്ത്യന്‍ നിയമ സംവിധാനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവോ എന്ന സംശയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായുണ്ട്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഈ ആശങ്ക വര്‍ധിച്ചത്. ചുരുക്കം ചില സന്ദര്‍ഭങ്ങളിലൊഴികെ ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കോടതിയുടെ അംഗീകാരം കിട്ടുന്ന സാഹചര്യമാണ് നിലവിൽ രൂപപ്പെടുന്നത്.
അയോധ്യയായാലും റാഫേലായാലും ജഡ്ജി ലോയയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടും ഭീമ കൊറെഗാവ് കേസിലും ആധാറിലുമൊക്കെ സംഭവിച്ചത് ഇതുതന്നെയാണ്. 2014 മുമ്പ് 2 ജി കേസിലും കല്‍ക്കരി കേസിലും ശക്തമായി ഇടപെട്ട സി.ബി.ഐയുടെ രാഷ്ട്രീയ വിധേയത്വത്തെ സൂചിപ്പിച്ച് അത് കൂട്ടിലടക്കപ്പെട്ട തത്തയാണെന്ന പരാമര്‍ശം നടത്തിയ കോടതിയാണ് പിന്നീട് ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചത്. ആധാര്‍ ബില്ല് മണി ബില്ലായി സഭയില്‍ അവതരിപ്പിച്ചതിനെ അംഗീകരിച്ച കോടതിയുടെ നടപടിയും ഏറെ വിവാദമായതാണ്. ഇതിന്റെയൊക്കെ തുടര്‍ച്ചയായി തന്നെ വേണം സാക്കിയ ജാഫ്രിയുടെ കേസിലെ സുപ്രീംകോടതിയുടെ വിധിയെ കാണാന്‍.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിയായിരുന്നു മായാ കോഡ്‌നാനി. മുസ് ലിം വിരുദ്ധ കലാപത്തില്‍ അവര്‍ക്കുള്ള പങ്ക് വിചാരണ കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തതാണ്. നരോദ പാട്യ കൂട്ടക്കൊലയുടെ 'കിങ്പിന്‍' എന്നാണ് കോടതി അവരെ വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് മേല്‍ക്കോടതി അവരുടെ ശിക്ഷ റദ്ദാക്കി, ഇപ്പോള്‍ സുഖമായി ജീവിക്കുന്നു.
സഞ്ജീവ് ഭട്ടും ടീസ്റ്റയും ആര്‍.ബി ശ്രീകുമാറും നീതിക്കു വേണ്ടി വ്യവസ്ഥകള്‍ക്കുള്ളില്‍നിന്ന് പോരടിച്ച് ഇപ്പോള്‍ തടവിലും. രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തിക്കുമുന്നില്‍ ദുര്‍ബലമായി പോകുന്ന നീതിവ്യവസ്ഥയാണ് ഇതിലൊക്കെ തെളിഞ്ഞുകാണുന്നത്.
ഫാസിസത്തിനുമുന്നില്‍ വ്യവസ്ഥയുടെ എല്ലാ തൂണുകളും കീഴടങ്ങുകയാണ്. അല്ലെങ്കില്‍ എല്ലാവരും അതിലേക്കുള്ള പാതയൊരുക്കുകയാണ്. തിരച്ചറിവില്ലായ്മയുടെ ആലസ്യത്തില്‍ കഴിഞ്ഞുകൂടുകയാണ് രാഷ്ട്രീയപ്പാർട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."