HOME
DETAILS

കർണാടക: ദേശീയ രാഷ്ട്രീയത്തിൽതുറക്കുന്ന വാതിലുകൾ

  
backup
May 15 2023 | 04:05 AM

karnataka-opening-doors-in-national-politics
പ്രൊഫ. റോണി കെ. ബേബി

കര്‍ണാടകയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ വേട്ടയാടപ്പെട്ട ഇന്ദിരാ ഗാന്ധിയെ അതുപോലെ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്നത് കര്‍ണാടകയിലെ ചിക്കമംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പാണ്. ഒരിക്കല്‍ കൂടി, രാഹുല്‍ ഗാന്ധിയെ ഭരണകൂടം നിശബ്ദനാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ബി.ജെ.പിയും സംഘ്പരിവാറും മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസിന് തിരികെവരാനുള്ള ഊര്‍ജ്ജമായി കര്‍ണാടക മാറുകയാണ്. ഇത് ചരിത്രത്തിന്റെ അപൂര്‍വമായ സാമ്യതയാണ്.

കോണ്‍ഗ്രസിൻ്റെ
ജീവൻമരണ പോരാട്ടം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവൻമരണ പോരാട്ടമായിരുന്നു. ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ ലഭിച്ച അവസരം. പല പ്രതിപക്ഷ പാര്‍ട്ടികളും പ്രചരിപ്പിച്ചിരുന്നത് ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ല എന്നതായിരുന്നു. ബി.ജെ.പി വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അംഗീകരിക്കാതെ മാറിനിന്ന പല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിലപാട് ഇനി മാറ്റേണ്ടിവരും. ബി.ജെ.പിയുടെ തട്ടകത്തില്‍ അവരെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയൊള്ളൂ എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

ഭാരത് ജോഡോ യാത്ര നല്‍കിയ ആവേശം

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം നടന്ന ആദ്യ ബലപരീക്ഷണത്തില്‍ തന്നെ ബി.ജെ.പിയെ മലര്‍ത്തിയടിക്കാന്‍ സാധിച്ചു. കന്യാകുമാരി മുതല്‍ കാശ്മിര്‍ വരെ രാഹുല്‍ ഗാന്ധി നടന്നുതീര്‍ത്ത നാലായിരം കിലോമീറ്റര്‍ കോണ്‍ഗ്രസിനെ ദേശീയ രാഷ്ട്രീയത്തില്‍ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യത്തിനും കര്‍ണാടക ഉത്തരം നല്‍കി. കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ പദയാത്ര കടന്നുപോയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് ഗംഭീര വിജയം നേടി. ഈ വിജയം വ്യക്തിപരമായി രാഹുല്‍ഗാന്ധിയുടേതും കൂടിയാണ്. കാരണം ബി.ജെ.പിയെ നേര്‍ക്കുനേര്‍ നേരിടുന്ന രാഹുല്‍ ഗാന്ധിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കര്‍ണാടകയിലെ വിജയം അനിവാര്യമായിരുന്നു. ലോക്‌സഭയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ നടത്തിയ ശ്രമങ്ങളും ബി.ജെ.പിക്ക് കര്‍ണാടകയുടെ മണ്ണില്‍ തിരിച്ചടിയായി.

മോദിയുടെ പിഴച്ച തന്ത്രങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കേറ്റ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. രാജ്യത്ത് എവിടെയും ബി.ജെ.പിയെ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ മാത്രം പ്രാപ്തിയുള്ള അജയ്യനായ നേതാവാണ് നരേന്ദ്രമോദിയെന്നാണ് ബി.ജെ.പിയുടെ വിടുവായത്തം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോള്‍ തന്നെ ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തിയിരുന്നത് മോദി ഘടകത്തിലായിരുന്നു. എത്ര കടുത്ത ഭരണവിരുദ്ധ വികാരത്തേയും മോദി തരംഗത്തിലൂടെ അതിജീവിക്കാം എന്ന ആത്മവിശ്വാസത്തിലായിരുന്നു വോട്ടെണ്ണുന്നതിന്റെ മുന്‍പ് വരെ ബി.ജെ.പി നേതൃത്വം. രണ്ട് ഡസനോളം തെരഞ്ഞെടുപ്പ് യോഗങ്ങളിലും നിരവധി റോഡ് ഷോകളിലുമാണ് നരേന്ദ്ര മോദി നേരിട്ട് പങ്കെടുത്തത്. അവസാന ദിനങ്ങളില്‍ ബംഗളൂരുവില്‍ തമ്പടിച്ച് പ്രചാരണത്തിന് നേരിട്ട് ചുക്കാന്‍ പിടിച്ചത് നരേന്ദ്രമോദിയാണ്. ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത പ്രതിഛായയിലൂടെ നരേന്ദ്രമോദി ബി.ജെ.പിക്ക് തുടര്‍ച്ചയായി വിജയങ്ങള്‍ സമ്മാനിക്കുമെന്ന സിദ്ധാന്തത്തിന് തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
വര്‍ഗീയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഭരണത്തിലെ നാലുവര്‍ഷവും കര്‍ണാടകയുടെ മണ്ണില്‍ വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തിയത്. ഹിജാബ് നിരോധനം, ടിപ്പു ജയന്തിയുമായി ബദ്ധപ്പെട്ട വിവാദം, ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവപ്പറമ്പുകളില്‍ മുസ് ലിം കച്ചവടക്കാരെ നിരോധിച്ചത്, ക്രൈസ്തവ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും നടന്ന അതിക്രമങ്ങള്‍, മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരിക, മുസ് ലിം വിഭാഗങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം റദ്ദാക്കി ലിംഗായത്ത് വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് വിഭജിച്ച് നല്‍കി എന്നിങ്ങനെ ആഴത്തിലുള്ള വര്‍ഗീയ വിഭജനമാണ് ബി.ജെ.പി നടത്തിയത്. ഗുജറാത്തിനും ഉത്തര്‍പ്രദേശിനും പിന്നാലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിലെ പരീക്ഷണശാല ആയാണ് ബി.ജെ.പി നേതൃത്വം കര്‍ണാടകയെ കണക്കുകൂട്ടിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ രംഗങ്ങളിലും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ബി.ജെ.പി നടത്തി. കടുത്ത ഭരണവിരുദ്ധ വികാരത്തെ വര്‍ഗീയത ഊതി കത്തിച്ചു നേരിടണമെന്നായിരുന്നു ബി.ജെ.പി കരുതിയത്. ആദ്യഘട്ടത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനെതിരേ കോണ്‍ഗ്രസ് നിശബ്ദത പുലര്‍ത്തുന്നുവെന്ന ആരോപണത്തിലൂടെ ഭൂരിപക്ഷ മതവിഭാഗങ്ങളെ കോണ്‍ഗ്രസിനെതിരേ തിരിച്ചുവിടാനാണ് ബി.ജെ.പി ശ്രമിച്ചത്. സാമൂഹിക ജീവിതത്തിന് ഭീഷണിയുള്ള വര്‍ഗീയ സ്വഭാവമുള്ള എല്ലാ സംഘടനകളും നിരോധിക്കുമെന്ന് പ്രകടന പത്രിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചപ്പോള്‍ അത് ബജ്‌റംഗ് ദളിന് എതിരായ നിലപാടാണെന്ന് വ്യാഖ്യാനിച്ച് വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പി അഴിച്ചുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചത് ജയ് ബജ്‌റംഗ് ബലി എന്ന മുദ്രാവാക്യത്തിലൂടെ ആയിരുന്നു. കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിന്റെ സമാപന ദിനങ്ങളില്‍ ഹനുമാന്‍ ചാലിസ് ചൊല്ലി മത വികാരം ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. പക്ഷേ കര്‍ണാകത്തിലെ ജനങ്ങള്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും ദക്ഷിണേന്ത്യയിലെ അവരുടെ ഹിന്ദുത്വ പരീക്ഷണങ്ങളെയും തള്ളിക്കളഞ്ഞുവെന്നത് മതേതര ഭാരതത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. താഴെത്തട്ടില്‍ ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. കേഡര്‍ സംവിധാനത്തോടെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവര്‍ത്തനവും ആസൂത്രണവുമാണ് പാര്‍ട്ടി നടത്തിയത്. വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരും ഇതിനുമുമ്പ് ഒരിക്കലും പ്രചാരണ രംഗത്തേക്ക് കടന്നു വരാതിരുന്ന നിരവധി അനുഭാവികളും ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി ഗോഥയിലിറങ്ങി. മുന്‍പൊരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള ഐക്യം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരംഗത്ത് കാണാന്‍ കഴിഞ്ഞു.

പിന്നോക്ക-ദലിത്
ന്യൂനപക്ഷ കേന്ദ്രീകരണം

കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കുകള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. 1990കള്‍ക്ക് മുന്‍പ് ഇന്ദിരാഗാന്ധിയുടെ കാലം വരെ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായിരുന്ന വോട്ട് ബാങ്കുകളായ ദലിത്-പിന്നോക്ക ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നു എന്ന് ഫലം വിശകലനം ചെയ്താല്‍ മനസിലാകും. കര്‍ണാടകയില്‍ അഹിന്ദ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വോട്ട് ബാങ്ക് പൂര്‍ണമായും തന്നെ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നിന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ത്രികോണ മത്സരം നടന്ന ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ശക്തരായിരുന്ന ജനതാദളിനെ നിഷ്പ്രഭമാക്കിയത് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കേന്ദ്രീകരിച്ചതു കൊണ്ടാണ്. ദലിത് പിന്നോക്ക വിഭാഗങ്ങള്‍ ശക്തമായ ഹൈദരാബാദ് കര്‍ണാടക മേഖലയിലും കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും വൈമുഖ്യം കാണിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനം ഉന്നയിച്ചതും ദലിത്-പിന്നോക്ക വോട്ടുകളുടെ കേന്ദ്രീകരണം കോണ്‍ഗ്രസിന് അനുകൂലമാകാന്‍ കാരണമായി. സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ ഉയരാന്‍ ശക്തമായ ബദല്‍ രാഷ്ട്രീയമാണ് ദലിത് പിന്നോക്ക-ന്യൂനപക്ഷ ഐക്യം.

തുടര്‍ചലനങ്ങള്‍
ദേശീയ രാഷ്ട്രീയത്തിലും

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തിലും തുടര്‍ച്ചലനങ്ങള്‍ക്ക് വഴിയൊരുക്കും. കൂടുതല്‍ ശക്തവും ഒത്തൊരുമയുള്ള പ്രതിപക്ഷത്തെ ആയിരിക്കും നരേന്ദ്ര മോദിക്കും ബി.ജെ.പിയും നേരിടേണ്ടി വരിക. ബി.ജെ.പിക്കെതിരേ രാജ്യത്ത് രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യനീക്കങ്ങളെ കൂടുതല്‍ ശക്തമാക്കാനും ഈ തെരഞ്ഞെടുപ്പ് ഫലം സഹായകരമാകും.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടമാണ്. തെലുങ്കാനയിലും ബി.ആര്‍.എസിനൊപ്പം ബി.ജെ.പിയും കോണ്‍ഗ്രസും ചേരുന്നതോടെ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഇവിടെയൊക്കെ ഊര്‍ജിത വീര്യത്തോടെ പോരാടുന്ന കോണ്‍ഗ്രസിനെ ആയിരിക്കും ബി.ജെ.പിക്ക് നേരിടേണ്ടി വരിക. രാജ്യത്തെ മതേതര ജനാധിപത്യ സംസ്‌കൃതി നിലനിന്നുകാണണമെന്നും വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങള്‍ അചഞ്ചലമായി നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്ന ഏവര്‍ക്കും ആത്മവിശ്വാസവും ആവേശവും പകരുന്നതാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago