ബജ്‌റംഗ്ദൾ ഗുണ്ടകളുടെ സംഘമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്
ഭോപ്പാല്‍: ബജ്‌റംഗ്ദളിനെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ സിങ്. ബജ്‌റംഗ്ദൾ ഗുണ്ടകളുടെ സംഘമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബജ്‌റംഗ്ദളിനെ ബജ്‌റംഗ് ബലിയോട് (ഹനുമാൻ) താരതമ്യം ചെയ്യുന്നത് വേദനാജനകമാണെന്നും ദിഗ്‍വിജയ സിങ് പറഞ്ഞു.
ഹിന്ദുത്വയില്‍ അല്ല, എല്ലാവരുടെയും ഐക്യവും ക്ഷേമവും ഉദ്ഘോഷിക്കുന്ന സനാതന ധർമത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു. ഞങ്ങള്‍ ഹിന്ദുത്വയെ ഒരു ധർമമായി കണക്കാക്കുന്നില്ല. വിയോജിക്കുന്നവരെ മര്‍ദിക്കുക, അവരുടെ വീടുകൾ നശിപ്പിക്കുക, പണം കവരുക- ഇതാണ് ഹിന്ദുത്വമെന്ന് ദിഗ്‌വിജയ സിങ് പറഞ്ഞു. 'ഞങ്ങളുടേത് സനാതന ധർമമാണ്. ധര്‍മം ജയിക്കട്ടെ, അധര്‍മം നശിക്കട്ടെ, ലോകത്തിന് നല്ലതു വരട്ടെ- ഇതാണ് സനാതന ധർമം' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഗുണ്ടകളുടെ സംഘം ജബൽപൂരിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തെന്നും അദ്ദേഹം പറഞ്ഞു. ബജ്‌റംഗ് ദളിനെ ബജ്‌റംഗ് ബലിയുമായി താരതമ്യം ചെയ്യുന്നത് ദൈവത്തെ അനാദരിക്കുന്നതിന് തുല്യമാണ്. നിങ്ങൾ മാപ്പ് പറയണമെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു. മധ്യപ്രദേശിലെ ജബൽപൂരിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."