ഏകപക്ഷീയമോ മാധ്യമങ്ങളോടുള്ള നിലപാട്!
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഭരണഘടനയെയും ജനാധിപത്യത്തെയും നോക്കുകുത്തിയാക്കി കൊണ്ടിരിക്കുന്ന തീരുമാനങ്ങളും ബില്ലുകളുമാണ് ലോക്‌സഭ പാസാക്കിക്കൊണ്ടിരിക്കുന്നത്. സംവാദങ്ങളില്ല; ചർച്ചകളോ ചോദ്യങ്ങളോ ഇല്ല. ഭരണകക്ഷിയുടെ ഏകപക്ഷീയ തീരുമാനങ്ങളും നിയമ നിർമാണങ്ങളും മാത്രം. പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായങ്ങൾക്കോ ചോദ്യങ്ങൾക്കോ ഒരു വിലയും കൽപ്പിക്കാത്ത, മാധ്യമങ്ങൾക്ക് മൂക്കുകയറിടുന്ന ഭരണമാണ് നിലവിലുള്ളത്. ബി.ജെ.പി സർക്കാരിനെ പ്രകീർത്തിക്കുന്ന പി.ആർ വർക്കുകൾക്കാണ് ഭരണകൂടം പ്രാധാന്യം നൽകിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയൊരു കോപ്പിയെഴുത്ത് ആവർത്തിക്കുകയാണോ കേരള നിയമസഭയിലുമെന്ന് ശങ്കിച്ചുപോവുന്നു. നിയമസഭയിൽ പ്രസ് ഫോട്ടോഗ്രാഫർമാർക്ക് പ്രവേശനം നിഷേധിച്ച ഇന്നലത്തെ നടപടി ഇത്തരമൊരു ആശങ്കയാണുണ്ടാക്കുന്നത്. പ്രതിപക്ഷ ആവശ്യങ്ങൾക്കു ചെവികൊടുക്കാതെ നടപടിക്രമങ്ങൾ പെട്ടെന്ന് തീർത്ത് സഭ വേഗത്തിൽ പിരിഞ്ഞതും എത്രമാത്രം ഏകപക്ഷീയമല്ല.
ഇന്നലെ നിയമസഭ തുടങ്ങിയതുതന്നെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു. ബഫർ സോണിൽ രാഹുൽ ഗാന്ധി ഒന്നും മിണ്ടുന്നില്ലെന്ന് ആരോപിച്ച് വയനാട് ജില്ലാ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കൽപറ്റയിലെ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്തതിനെതിരേയുള്ള പ്രതിപക്ഷ പ്രതിഷേധമായിരുന്നു സഭയെ പ്രക്ഷുബ്ധമാക്കിയത്. ഇതിനൊന്നും ഉത്തരങ്ങൾ ഉണ്ടായില്ല. ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു സഭയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം.
മാധ്യമപ്രവർത്തകർക്ക് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫിസുകളിൽ പോലും പ്രവേശിക്കുന്നതിൽ കർശനമായ നിയന്ത്രണമുണ്ടായി. പി.ആർ.ഡി തരുന്ന വാർത്തകളും ചിത്രങ്ങളും നൽകിയാൽ മതിയെന്നും പ്രസ് ഫോട്ടോഗ്രാഫർമാരെയും ദൃശ്യ മാധ്യമങ്ങളുടെ കാമറാമാൻമാരെയും നിയമസഭയിലേക്ക് കടത്തിവിടാൻ പറ്റുകയില്ലെന്നും വാച്ച് ആൻഡ് വാർഡ് നിലപാടെടുക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്തതിനെതിരേ നിയമസഭയിൽ പ്രതിപക്ഷം രൂക്ഷമായ പ്രതിഷേധങ്ങൾ നടത്തുമ്പോൾ ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും അതിന്റെ ചിത്രങ്ങൾ വരാതിരിക്കാനായിരിക്കണം ഈ തടഞ്ഞുവയ്ക്കൽ കൊണ്ട് ഉദ്ദേശിച്ചു കാണുക. സംഭവം വിവാദമായതോടെ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞത്, വാച്ച് ആൻഡ് വാർഡിന്റെ ഭാഗത്തു നിന്നുണ്ടായ പിശകാണെന്നായിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണത്തിനു ശേഷവും പ്രസ് ഫോട്ടോഗ്രാഫർമാർക്ക് സഭയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഭരണപക്ഷത്തിന്റെ ചിത്രങ്ങളാണ് അപ്പോഴും പി.ആർ.ഡി മാധ്യമപ്രവർത്തകർക്കു നൽകിക്കൊണ്ടിരുന്നത്. വീണ്ടും മാധ്യമ പ്രവർത്തകരിൽനിന്ന് പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് വാച്ച് ആൻഡ് വാർഡ് മീഡിയാ റൂമിലെത്തി പിഴവ് വിശദീകരിക്കുകയായിരുന്നു. അതേതുടർന്ന് പ്രസ് ഫോട്ടോഗ്രാഫർമാർക്കും ദൃശ്യമാധ്യമ ഫോട്ടോഗ്രാഫർമാർക്കും സഭയിൽ പ്രവേശിക്കാമെന്ന് കരുതിയതാണ്. അപ്പോഴും പ്രവേശനം നിഷേധിക്കപ്പെട്ടു. നേരത്തെ തീരുമാനിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസ് ഫോട്ടോഗ്രാഫർമാർക്ക് അനുമതി നിഷേധിച്ചതെന്ന് ഇതിൽനിന്ന് വ്യക്തമായി.
സമുന്നതനായ സ്പീക്കർ എം.ബി രാജേഷ് നൽകിയ ഉറപ്പാണ് ഇവിടെ ലംഘിക്കപ്പെട്ടത്. സഭയ്ക്കകത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾ പുറത്തറിയരുത് എന്നതാണ് സർക്കാർ ലക്ഷ്യം എന്നുതന്നെയല്ലേ ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ഇതിനെ എങ്ങനെയാണ് ജനാധിപത്യ രീതിയിലുള്ള നിയമസഭാ നടപടികൾ എന്നു വിശേഷിപ്പിക്കാനാവുക! തികച്ചും ഏകാധിപത്യപരമായ നിലപാടാണ് മാധ്യമങ്ങളോട് ഇന്നലെ സഭയിൽ സർക്കാർ സ്വീകരിച്ചത്. ഇതുതന്നെയല്ലേ ലോക്സഭയിൽ ബി.ജെ.പി സർക്കാരും അനുവർത്തിക്കുന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ റദ്ദ് ചെയ്യുന്ന നടപടിയാണിത്. സ്പീക്കറുടെ ഉത്തരവില്ലാതെ വാച്ച് ആൻഡ് വാർഡ് തന്നിഷ്ടപ്രകാരം പ്രസ് ഫോട്ടോഗ്രാഫർമാരെ തടയുകയില്ല. സഭയുടെ മേലധികാരി സ്പീക്കറാണല്ലോ. പ്രതിപക്ഷത്തിന്റെ വലിയ തോതിലുള്ള പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പി.ആർ.ഡി മാധ്യമങ്ങൾക്കു നൽകിയില്ല. പകരം ഭരണപക്ഷത്തിന്റെ ചിത്രങ്ങൾ മാത്രമാണ് നൽകിയത്. മാധ്യമ സ്വാതന്ത്ര്യത്തിനും സഭാ സ്വാതന്ത്ര്യത്തിനും എതിരായ നീക്കമായേ ഇത്തരം പ്രവർത്തനങ്ങളെ കാണാനാകൂ.
പ്രതിപക്ഷ പ്രതിഷേധ ചിത്രങ്ങൾ സെൻസർ ചെയ്തുകൊണ്ടാണ് പി.ആർ.ഡി മാധ്യമങ്ങൾക്കു നൽകിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഈ ആരോപണം ഉയർത്തുകയുണ്ടായി. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുക എന്നത് പ്രതിപക്ഷത്തിന്റെ പതിവു രീതിയാണ്. സഭ പിരിഞ്ഞതിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ചുകണ്ടു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന പ്രതിപക്ഷത്തെയാണ് ഇന്നലെ സഭയിൽ കാണാൻ കഴിഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം. പ്രതിപക്ഷം ബാനർ ഉയർത്തിയതിനെതിരേയും പ്ലക്കാർഡ് ഉയർത്തിയതിനെതിരേയുമായിരുന്നു ഈ വിമർശനം. എന്നാൽ പ്രതിപക്ഷം ഡയസിൽ കയറി സ്പീക്കറുടെ കസേരയും മേശയും ഉപകരണങ്ങളും തല്ലിത്തകർത്തില്ലല്ലോ. ആലോചനയുള്ളവരോട് ഇതിൽ കൂടുതലായി വല്ലതും ഓർമിപ്പിക്കേണ്ടതുണ്ടോ?
ജനകീയ ആവശ്യങ്ങളിൽ പോലും പ്രതിഷേധിക്കാനോ അഭിപ്രായങ്ങൾ പറയാനോ പാടില്ലെന്നും അതു പ്രസ് ഫോട്ടോഗ്രാഫർമാർക്ക് പകർത്താൻ പറ്റില്ലെന്നും വാശിപിടിക്കുന്നത് ഏതൊരു നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നുകൂടി വിശദീകരിക്കപ്പെടേണ്ടതുണ്ട്. ലോക്‌സഭയിൽ പ്രതിപക്ഷത്തിന് ഒരു വിലയും നൽകാത്ത നിലപാടാണ് മോദി സർക്കാർ തുടർന്നുപോരുന്നത്. ബിൽ പാസാക്കുന്നതിനുമുമ്പ് അതിന്മേൽ ഒരു ചർച്ചയും നടക്കുന്നില്ല. കർഷക സമരത്തിനു കാരണമായ മൂന്ന് ബില്ലുകളും കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്ലും സഭയിൽ വായിച്ച് ചർച്ചയില്ലാതെ പാസാക്കിയതിനെ കേരളം എതിർത്തത്, ഇവിടെ ആ നീതി നിഷേധിക്കുന്നവർ മറക്കുന്നുവോ?.
നിയമസഭയിൽ നടക്കുന്നത് എന്താണെന്ന് അറിയാനും അറിയിക്കാനുമുള്ളതാണ് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ. ഡൽഹിയിലെ അതിന്റെ വായ എന്നോ അടച്ചുകഴിഞ്ഞു. ഫോട്ടോഗ്രാഫർമാർക്കുള്ള നിരോധന നീക്കത്തിലൂടെ ഇവിടെയും അത്തരമൊരു അവസ്ഥ സൃഷ്ടിക്കാൻ ഒരുങ്ങുകയാണോ സർക്കാർ? കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളുടെ പകർപ്പാകരുത് ഇടതു മുന്നണി സർക്കാർ.
സംസ്ഥാന സർക്കാരിന്റെ പല നടപടികളിലും പ്രസ് ഫോട്ടോഗ്രാഫർമാർക്ക് നിയമസഭാ പ്രവേശനം നിഷേധിച്ചത് ഉൾപ്പെടെയുള്ള പല തീരുമാനങ്ങളിലും അത്തരമൊരു സന്ദേഹമാണ് സാധാരണ ജനങ്ങൾക്ക് ഇപ്പോഴുള്ളത്. ഇത് ദൂരീകരിക്കേണ്ടത് സുഗമമായ നിയമസഭാ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."