സുപ്രിംകോടതിക്കെന്താ പണി; ചോദിക്കാൻ അവകാശമുണ്ടെന്ന് എം.എ ബേബി
കോഴിക്കോട്
സുപ്രിംകോടതിക്കെന്താ പണിയെന്ന് എനിക്ക് മാത്രമല്ല, നിങ്ങൾക്കും ചോദിക്കാൻ അവകാശമുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ കേളു ഏട്ടൻ പഠനകേന്ദ്രം സംഘടിപ്പിച്ച 'ആർ.എസ്.എസിന്റെ കേരള അജൻഡയും മാധ്യമങ്ങളും' വിഷയത്തിലുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിംകോടതിക്ക് പല വിഷയങ്ങളിലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. സി.എ.എ എന്ന് പറയുന്നൊരു കുന്തം പാർലമെന്റ് പാസാക്കിയിരുന്നു. ഒരാൾക്ക് പൗരത്വം നൽകാനോ പൗരത്വം നിഷേധിക്കാനോ മതം മാനദണ്ഡമായിക്കൂടാ എന്നതാണ് ഇന്ത്യൻ ഭരണസംവിധാനത്തിന്റെ ഉദാത്തമായ ആശയം. ആ ആശയത്തെ കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം. സി.എ.എ ഭരണഘടനാവിരുദ്ധമാണോ എന്നുള്ള ചോദ്യം സുപ്രിംകോടതിയുടെ മുന്നിൽ സമർപ്പിച്ചിട്ട് വർഷങ്ങളായി. ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും പാർലമെന്റ് പാസാക്കിയാൽ അതെടുത്ത് തോട്ടിലെറിയാനുള്ള ജോലി സുപ്രിംകോടതിക്കാണ്. ശമ്പളം വാങ്ങിച്ച് ആ ജോലി അവർ ചെയ്യുന്നില്ലെന്നും എം.എ ബേബി പറഞ്ഞു. ഇതേ സുപ്രിംകോടതി ജഡ്ജിയായ രമണ തന്നെ പറയുകയാണ് അന്വേഷണാത്മകമായ പത്രപ്രവർത്തം ഇന്ത്യയിൽ അവസാനിച്ചുവെന്ന്. സുപ്രിംകോടതി അതിന്റെ ചുമതലകൾ നിർവഹിക്കാൻ ധൈര്യപ്പെടാത്ത വിധം രാഷ്ട്രീയ സ്വയം സേവക് സംഘ് അവരുടെ പിടിമുറുക്കിയിരിക്കുകയാണ് ഭരണകൂട സംവിധാനത്തിനുമേൽ.
ആ പിടി നമ്മുടെ മാധ്യമ സംവിധാനത്തിന്മേലും ഉണ്ടായിരിക്കുകയാണ്. ഇത് ചെറിയ പ്രശ്‌നമല്ല. അതിന്റെ ഗൗരവം ഉൾക്കൊണ്ട് കൊണ്ട് ഈ പ്രശ്‌നത്തെ സമീപിക്കാൻ കഴിയണമെന്നും എം.എ ബേബി പറഞ്ഞു.
കെ.ടി കുഞ്ഞിക്കണ്ണൻ പരിപാടിയുടെ മോഡറേറ്ററായി. മാധ്യമപ്രവർത്തകരായ ടി.എം ഹർഷൻ, സനീഷ് ഇളയിടത്ത്, ഡോ. കെ. മഞ്ജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."