അനാഥാലയങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍
ടി. മുംതാസ്
കോഴിക്കോട്: സര്‍ക്കാര്‍ നടപടികളും കൊവിഡ് പ്രതിസന്ധിയും കാരണം അനാഥാലയങ്ങളുടെ നിലനില്‍പ്പ് കടുത്ത പ്രതിസന്ധിയില്‍.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ചട്ടങ്ങളാണ് അനാഥാലയങ്ങളെയും കുട്ടികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് അനാഥാലയങ്ങള്‍ അടച്ചിട്ട് വീടുകളിലേക്ക് പറഞ്ഞയച്ച കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിന് ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
അനാഥമക്കളെ അനാഥാലങ്ങളില്‍ സംരക്ഷിക്കുന്നതിനു പകരം ദത്തെടുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് അനാഥാലയങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനാണെന്നാണ് പ്രധാന ആക്ഷേപം. ഈ ഉത്തരവ് പ്രകാരം വീടുകളിലേക്ക് പോയ കുട്ടികളെ സാമൂഹിക നീതി വകുപ്പ് അന്വേഷണം നടത്തി, അനുമതി നല്‍കിയതിനു ശേഷം മാത്രമേ തിരികെ പ്രവേശിപ്പിക്കുകയുള്ളു. ഇത് നൂറുകണക്കിന് കുട്ടികളെയാണ് ദുരിത്തിലാക്കുന്നത്. ഇത്തരത്തില്‍ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും അയക്കപ്പെട്ട കുട്ടികളില്‍ ബഹുഭൂരിഭാഗവും മതിയായ ഭക്ഷണമോ പഠനസൗകര്യങ്ങളോ ലഭിക്കാതെ വീട്ടില്‍ ദുരിതമനുഭവിക്കുകയാണ്.
ഇവരില്‍ 90 ശതമാനത്തിനും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. പല കുട്ടികള്‍ക്കും അനാഥാലയങ്ങളിലേക്ക് തിരികെ വരാന്‍ താല്‍പ്പര്യമുണ്ടെങ്കിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നു അനുമതി ലഭിക്കുന്നില്ല. കൊവിഡ് ബാധിച്ച് മരിച്ച രക്ഷിതാക്കളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കുന്ന കാലഘട്ടത്തിലാണ് മാതാപിതാക്കള്‍, അല്ലെങ്കില്‍ രണ്ടില്‍ ഒരാള്‍ മരിച്ച കുട്ടികള്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. വഖഫ് സ്വത്താണ് യത്തീം ഖാനകളുടെ മൂലധനമെങ്കിലും സര്‍ക്കാര്‍ ഗ്രാന്റും അനുവദിക്കുണ്ട്. ഈ ഗ്രാന്റ് ഭീമമായ തുക കുടിശ്ശികയായിരിക്കുകയാണ്.
പല അനാഥാലയങ്ങള്‍ക്കും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നില്ലെന്നതും പ്രതിസന്ധിയാകുന്നു. അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിന് വഖഫ് ചെയ്ത സ്ഥാപനങ്ങള്‍ വരെ ബാലനീതി വകുപ്പിന്റെ ശക്തമായ നിയന്ത്രണങ്ങളെത്തുടര്‍ന്ന് പൂട്ടിപ്പോകുകയാണെന്ന് കേരള സ്‌റ്റേറ്റ് മുസ്‌ലിം ഓര്‍ഫനേജസ് കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ഭാരവാഹി അഡ്വ. പി.പി സൈനുദ്ദീന്‍ ചൂണ്ടിക്കാട്ടി.
അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലാകലക്ടര്‍ ചെയര്‍മാനായി മോണിറ്ററിങ് കമ്മിറ്റിയുണ്ടെങ്കിലും ഈ കമ്മിറ്റി പലയിടത്തും നിര്‍ജീവാവസ്ഥയിലാണ്. ഇതു കാരണം അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അധികാരികളെ ബോധ്യപ്പെടുത്തുന്നതിനുള്ള വേദികളും ഇല്ലാതാകുന്നു. മേഖല അനുഭവിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കുന്നതിന് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."