അനാസ്ഥകള്‍ തുടര്‍ന്നു; പൊലിഞ്ഞു നദീറയുെട ജീവന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അധികൃതരുടെ തുടര്‍ച്ചയായ അനാസ്ഥയ്‌ക്കൊടുവില്‍ നദീറയുടെ ജീവന്‍ പൊലിഞ്ഞു. തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററിലെ ലിഫ്റ്റില്‍ നിന്നു വീണ് പരുക്കേറ്റു ചികിത്സയിലായിരുന്ന പത്തനാപുരം കുണ്ടയം ചരുവിള വീട്ടില്‍ നദീറ (22) യാണ് മരിച്ചത്.
തലയ്ക്കും തുടയെല്ലിനും ഗുരുതര പരുക്കേറ്റു ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പരുക്കേറ്റു ഒരാഴ്ചക്ക് ശേഷമാണ് തലച്ചേറിന് ഗുരുതര ക്ഷതമുണ്ടായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തുന്നത്. ചികിത്സയ്ക്കിടെ നദീറയ്ക്ക് കൊവിഡും ബാധിച്ചു.
ആര്‍.സി.സിയില്‍ ചികിത്സയിലുണ്ടായിരുന്ന മാതാവിനെ പരിപാലിക്കുന്നതിനായി എത്തിയപ്പോള്‍ മേയ് 15നാണ് നദീറ അപകടത്തില്‍പെട്ടത്. അറ്റകുറ്റപ്പണികള്‍ക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റില്‍ കാലെടുത്തുവെച്ച നദീറ മൂന്നാംനിലയില്‍ നിന്നു താഴേക്ക് പതിക്കുകയായിരുന്നു.
അപായസൂചനകളൊന്നും നല്‍കാതെ അശ്രദ്ധയോടെ ലിഫ്റ്റ് തുറന്നിട്ടതാണ് അപകടത്തിനിടയാക്കിയത്. മണിക്കൂറുകള്‍ക്കു ശേഷമാണ് അപകടവിവരം പുറത്തറിഞ്ഞത്. യുവതിക്ക് ചികിത്സ നല്‍കുന്നതിലും ഗുരുതര അംലഭാവമുണ്ടായി. തലച്ചോറിനു ഗുരുതര ക്ഷതമേറ്റെന്ന് ഒരാഴ്ചക്കു ശേഷമായിരുന്നു കണ്ടെത്തിയത്.
അപ്പോഴേക്കും യുവതിയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്കെത്തിയിരുന്നു. സംഭവം വിവാദമായതോടെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പിരിച്ചുവിട്ടും രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തും ആര്‍.സി.സി അധികൃതര്‍ തടിയൂരി. അതിനിടെ യുവതിക്ക് കൊവിഡും സ്ഥിരീകരിച്ചിരുന്നതായി ഇന്നലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ട്രൂനാറ്റ് പരിശോധനാഫലം ലഭിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിക്ക് ആശുപത്രിയില്‍ നിന്നു തന്നെയാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം.
നോണ്‍ കൊവിഡ് വിഭാഗത്തിലായിരുന്നു നദീറയുടെ ചികിത്സ. പരേതനായ നാസറിന്റെയും നസീമയുടെയും മകളായ നദീറയ്ക്ക് ഒന്നര വയസുള്ള മകളുണ്ട്. മൃതദേഹം മഞ്ചള്ളൂര്‍ ജുമുആ മസ്ജിദില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."