മരണത്തിലേക്ക് തുറന്നുവച്ച അനാസ്ഥയുടെ വാതില്‍
തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ യുവതി മരിക്കാന്‍ ഇടയായത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ആശുപത്രി അധികൃതരില്‍ നിന്നുണ്ടായ അനാസ്ഥ കാരണമാണ്. കാന്‍സര്‍ ബാധിതയായ ഉമ്മ നസീമയെ പരിചരിക്കാന്‍ എത്തിയ മകള്‍ക്ക് ഉമ്മയുടെ അരികിലെത്തുംമുന്‍പ് മരണത്തെയാണ് പുല്‍കേണ്ടിവന്നത്. മുകളിലത്തെ നിലയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറിയാണ് നസീമയുടെ 22കാരിയായ മകള്‍ നാജിറ മരിച്ചത്.
അറ്റകുറ്റപ്പണിക്കായി തുറന്നുവച്ച ലിഫ്റ്റിന്റെ കവാടത്തില്‍ അപായസൂചന നല്‍കുന്ന ഒരു ബോര്‍ഡ് വയ്ക്കാന്‍ ആശുപത്രി ഭരിക്കുന്നവര്‍ക്ക് ഒരു തോന്നല്‍ പോലുമുണ്ടായില്ല. റോഡരികിലെ കുഴികള്‍ നന്നാക്കുന്നിടത്തുപോലും അപായസൂചനാ ബോര്‍ഡുകള്‍ വച്ചുകൊണ്ടിരിക്കുന്ന നാട്ടില്‍ ഒരു കഷ്ണം ചുവന്ന റിബണ്‍ തകര്‍ന്നുകിടക്കുന്ന ലിഫ്റ്റിന്റെ കവാടത്തില്‍ കെട്ടിയിരുന്നെങ്കില്‍ ഒരുവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ അനാഥമാക്കി നാജിറക്ക് ഈ ലോകത്തോട് യാത്ര പറയേണ്ടി വരുമായിരുന്നോ? ഗുരുതരമായി പരുക്കേറ്റ് രണ്ടു മണിക്കൂറാണ് ആരോരുമറിയാതെ നാജിറ അനാഥാവസ്ഥയില്‍ കഴിഞ്ഞത്.
ദിനംപ്രതി എണ്ണായിരത്തിലധികം പുതിയ രോഗികളാണ് ആര്‍.സി.സിയില്‍ അര്‍ബുദത്തിനു ചികിത്സ തേടിവരുന്നത്. പ്രതിവര്‍ഷം പതിനൊന്നായിരം കാന്‍സര്‍ ബാധിതര്‍ ഇവിടേക്കെത്തുന്നു. അമ്പതിനായിരത്തിലധികം പേര്‍ ചികിത്സാനന്തര സേവനങ്ങള്‍ക്കായും ആര്‍.സി.സിയെ ആശ്രയിക്കുന്നു. എപ്പോഴും ഇവിടെ ആള്‍ബാഹുല്യമാണ്. ആയിരക്കണക്കിനു രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആലംബമായിത്തീരേണ്ട സ്ഥാപനം ഒരിക്കല്‍പോലും അനാസ്ഥയുടെ പേരില്‍ ചീത്തപ്പേര് കേള്‍പ്പിക്കാന്‍ പാടില്ലായിരുന്നു.
ആരോഗ്യപ്രവര്‍ത്തകരെപ്പോലെ തന്നെ ഇതരവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും സദാസമയവും ജാഗരൂകരായി കര്‍മനിരതരാകേണ്ട സ്ഥാപനവും കൂടിയാണ് തിരുവനന്തപുരത്തെ റീജ്യനല്‍ കാന്‍സര്‍ സെന്റര്‍. ദരിദ്രരായ അര്‍ബുദ ബാധിതരുടെ സംസ്ഥാനത്തെ ഏക അഭയസ്ഥാനവും കൂടിയാണിത്. ദേശീയ അര്‍ബുദ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നിര്‍ധനരായ അര്‍ബുദ രോഗികള്‍ക്കു വേണ്ടി ഇന്ത്യയിലൊട്ടാകെ പ്രവര്‍ത്തിക്കുന്ന 26 കേന്ദ്രങ്ങളിലൊന്നാണ് 1981ല്‍ സ്ഥാപിതമായ തിരുവനന്തപുരത്തെ ആര്‍.സി.സി. ഇതില്‍ നിന്നുതന്നെ ഈ ആതുരാലയത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നുണ്ട്. അത്തരമൊരു ചികിത്സാ കേന്ദ്രത്തില്‍ ഒരിക്കല്‍പോലും കെടുകാര്യസ്ഥതയോ അനാസ്ഥയോ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇവിടെയാണ് ഒരു യുവതി രണ്ടു മണിക്കൂര്‍ നേരം തകര്‍ന്നുകിടക്കുന്ന ലിഫ്റ്റ് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്നത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പോലും അവര്‍ പെട്ടില്ല.
മെയ് 14നു വൈകിട്ടാണ് മൂന്നാംനിലയില്‍ ലിഫ്റ്റ് തകരാറിലായത്. ഇലക്ട്രീഷ്യന്‍ വന്ന് അടഞ്ഞ വാതില്‍ പാതിതുറന്ന് മുകളില്‍ എത്തിച്ചുവെങ്കിലും തുറന്നുവച്ച വാതില്‍ അടയ്ക്കാന്‍ മറന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. ഏതൊരു തൊഴിലാളിയും ഒരു ജോലി പൂര്‍ത്തിയാക്കിയാല്‍ അത് എത്രത്തോളമായെന്ന് മേസ്ത്രി എന്നു പറയുന്ന സൂപ്പര്‍വൈസര്‍ പോയി നോക്കാറുണ്ട്.
മേലുദ്യോഗസ്ഥന്‍ അതു ചെയ്തിരുന്നുവെങ്കില്‍ ലിഫ്റ്റിന്റെ അപകടാവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുമായിരുന്നു. ഇവിടെ അതുണ്ടായില്ലെന്നുവേണം കരുതാന്‍. ഉണ്ടായിരുന്നുവെങ്കില്‍ മരണത്തിലേക്ക് തുറന്നുവച്ച വാതില്‍പടിയില്‍ അപായസൂചന നല്‍കുന്ന ബോര്‍ഡ് വയ്ക്കാനോ, മറ്റു സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാനോ അദ്ദേഹം തയാറാകുമായിരുന്നു. ഇനി അഥവാ, തുറന്നുവച്ച വാതില്‍ ശ്രദ്ധയില്‍പെട്ടിട്ടും ഗൗനിക്കാതെ പോയ മേലുദ്യോഗസ്ഥനും നാജിറയുടെ മരണത്തിന് ഉത്തരവാദിയാണ്. ഒരു ഇലക്ട്രീഷ്യനെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ടോ സെക്യൂ
രിറ്റി ജീവനക്കാരനെ മാറ്റിനിര്‍ത്തിയതുകൊണ്ടോ നാജി
റയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ആര്‍.സി.സി അധികാരികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ചികിത്സയിലെ വീഴ്ചയും നാജിറയുടെ മരണത്തിനു
കാരണമായിട്ടുണ്ട്. അപകടം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും തലച്ചോറിനു ക്ഷതമുണ്ടെന്നു കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ല. അവരില്‍ നിന്നുണ്ടായ ചികിത്സാ പിഴവാണ് തലച്ചോറിലെ പരുക്ക് യഥാസമയം കണ്ടെത്തി ന്യൂറോ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെപോയതിന്റെ പ്രധാന കാരണം. തലച്ചോറിലെ പരുക്ക് യഥാസമയം കണ്ടെത്തി ചികിത്സ നല്‍കിയിരുന്നെങ്കില്‍ ഒരു കൊച്ചുകുഞ്ഞിന്റെ മാതാവായ നാ
ജിറയെ രക്ഷിക്കാമായിരുന്നു.
ഇതിനൊക്കെ പുറമെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ നാജിറക്ക് കൊവി
ഡ് ബാധിക്കുന്നതും. ഐ.സി.യു പോലുള്ള പരിചരണമുറിയില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാള്‍ക്ക് അവിടെ വച്ചുതന്നെ കൊറോണ വൈറസ് ബാധിക്കുക എന്നുവച്ചാല്‍ ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയെന്നല്ലാതെ മറ്റെന്താണ് ഈ അപരാധത്തെ വിശേഷിപ്പിക്കാനാവുക. ശരീരസുഖമില്ലാത്ത ആളാണ് നാജിറയുടെ ഭര്‍ത്താവ് മുഹമ്മദ് ഇസ്മാഈല്‍.
ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ ജീവിതം എത്രമാത്രം അരക്ഷിതമാണെന്നും അനാസ്ഥ മൂലമുണ്ടാകുന്ന അവരുടെ മരണംപോലും അധികാരികളിലോ സമൂഹത്തിലോ ചലനങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും നാജിറയുടെ മരണം ഓര്‍മിപ്പിക്കുന്നു.
സംഭവത്തില്‍ ആര്‍.സി.സി ഡയരക്ടര്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇലക്ട്രീഷ്യനടക്കമുള്ള അഞ്ചുപേരുടെ സസ്‌പെന്‍ഷനില്‍ ഒതുങ്ങും ഈ അനാസ്ഥയും. ദിവസങ്ങള്‍ കഴിയുമ്പോള്‍ ജനം ഇതു മറക്കുകയും പ്രതിഷേധങ്ങളുടെ ചൂട് ആറിത്തണുക്കുകയും ചെയ്യും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ തിരികെ ജോലിയില്‍ കയറും. നാജിറയുടെ കുഞ്ഞിനു മതിയായ നഷ്ടപരിഹാരം നല്‍കുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരിക്കുന്നത്. അതെങ്കിലും സമയബന്ധിതമായി നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരികയാണെങ്കില്‍ ആശയറ്റ കുടുംബത്തോട് ചെയ്യുന്ന നീതിയുടെ ഒരംശം മാത്രമായിരിക്കുമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."