സ്വർണക്കടത്തിൽ അടിയന്തര പ്രമേയം, ചർച്ച ചെയ്ത് തള്ളി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം സ്വർണക്കടത്ത് കേസിൽ പ്രതിഷേധമുയർത്താൻ ശ്രമിച്ച പ്രതിപക്ഷ നീക്കം തടഞ്ഞ് സർക്കാർ. സ്വർണക്കടത്ത് വിഷയത്തിൽ സഭ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടിസ് ചർച്ച ചെയ്ത് വോട്ടിനിട്ട് തള്ളി.
പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പിലാണ് ശൂന്യവേളയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. നോട്ടിസ് തള്ളിയാൽ വൻപ്രതിഷേധമുയർത്താനൊരുങ്ങിയായിരുന്നു പ്രതിപക്ഷം എത്തിയത്. എന്നാൽ കേരളവും പൊതുസമൂഹവും അറിയാൻ താൽപര്യമുള്ള വിഷയമായതിനാൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ചയ്ക്ക് എടുക്കാമെന്ന് സ്പീക്കർ അറിയിച്ചു. സ്വർണക്കടത്ത് വിഷയത്തിൽ സർക്കാർ ഒളിച്ചോടുകയാണെന്ന ആക്ഷേപം ഒഴിവാക്കാനായിരുന്നു ചർച്ചയ്ക്ക് തയാറാണെന്ന നിലപാട് സ്വീകരിച്ചത്. ഷാഫി പറമ്പിലുൾപ്പെടെ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തുനിന്നും 15 പേർ പങ്കെടുത്തു.
സ്വപ്നയുടെ ആരോപണം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തതെന്ന് ഷാഫി ചോദിച്ചു. യു.ഡി.എഫിന്റെ അടുക്കളയിൽ വേവിച്ച വിവാദമല്ലിതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ ഗുരുതര ആരോപണമാണുള്ളതെന്നും ഷാഫി ആരോപിച്ചു.
ഇതോടെ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ച നിയമ മന്ത്രി പി. രാജീവ്, രഹസ്യ മൊഴി എങ്ങനെ പരാമർശിക്കാനാവുമെന്ന് ചോദിച്ചു. എന്നാൽ നോട്ടിസ് അവതരിപ്പിക്കുന്നതിനിടയിൽ പോയിന്റ് ഓഫ് ഓർഡർ അനുവദിക്കാറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരിച്ചടിച്ചു. രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ചൂണ്ടിക്കാട്ടിയതെന്നും ചട്ടം പഠിപ്പിക്കേണ്ടെന്നും ഷാഫിയും പ്രതികരിച്ചു. സ്വപ്‌നയ്ക്ക് ജോലിയും കാറും താമസവും സുരക്ഷയും ശമ്പളവും വക്കീലിനെയും പ്രധാനമന്ത്രിക്ക് കത്തെഴുതാനുള്ള ലെറ്റർ പാഡുമെല്ലാം ഏർപ്പാടാക്കിയത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സംഘ്പരിവാർ സ്ഥാപനം അവർക്ക് ചെല്ലും ചെലവും കൊടുത്ത് വളർത്തുകയാണ്. വ്യാജ ബിരുദം, സ്വർണക്കടത്ത് കേസുകളിൽ പ്രതിയായ വനിതയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യം.
സംസ്ഥാനത്തെ പൊതു അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിൽപൊലിസ് സ്വാഭാവികമായും കേസെടുക്കും. ഒരു പരിശോധനയുമില്ലാതെ ഡോളർ വിമാനത്താവളം വഴി കൊണ്ടു പോകാനാകുമോ..? വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കേന്ദ്ര ഏജൻസികൾക്കാണ്. എംബസികളിൽ നിന്ന് പ്രത്യേകം അടയാളപ്പെടുത്തി അയക്കുന്ന ബാഗുകൾക്കല്ലാതെ ഡിപ്ലോമാറ്റിക് പരിഗണന ലഭിക്കില്ല. മറ്റെല്ലാ ബാഗുകളും പരിശോധനകൾക്കു ശേഷമാണ് കടത്തി വിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിന്നാലെ സി.ബി.ഐ അന്വേഷണത്തിന് തയാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. തുടർന്ന് സഭയിൽ ബഹളമായി. പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഇതിനിടെ പ്രമേയം വോട്ടിനിട്ട് തള്ളി. സഭ അവസാനിച്ചതായി സ്പീക്കർ അറിയിച്ചു. ഇന്ന് സഭയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."