മാലിന്യം നിറഞ്ഞ് പാര്‍വതീ പുത്തനാര്‍
കഠിനംകുളം: തലസ്ഥാന ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകി കഠിനംകുളം കായലില്‍ അവസാനിക്കുന്ന പതിനെട്ടു കിലോമീറ്റര്‍ നീളമുള്ള പാര്‍വതീ പുത്തനാര്‍ മാലിന്യം കൊണ്ട് നിറഞ്ഞു.
ഒരുകാലത്ത് ആയിരക്കണക്കിനു പേര്‍ക്ക് തെളിനീര് നല്‍കുകയും മൂന്നു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരുന്ന പുത്തനാര്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. അറവുമാടുകളുടെഅവശിഷ്ടങ്ങളും ഫ്‌ളാറ്റുകളിലും ആശുപത്രികളിലും വീടുകളിലും നിന്നുമുള്ള മാലിന്യങ്ങളും പായലും ചെളിയും നിറഞ്ഞ് ആറ് തീര്‍ത്തും വികൃതമായിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാറ്റ്പാക്ക് നടത്തിയ പഠനത്തില്‍ ഇവിടെ മാരകമായ രാസവസ്തുക്കളുടെ സാനിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്തേക്കുള്ള ജലഗതാഗതത്തിന് ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമായിരുന്നു പുത്തനാറിനുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഒരു കൊതുമ്പുവള്ളത്തിനു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
പാര്‍വതീ പുത്തനാറിനെ കോവളം നീലേശ്വരം ജലപാതയുടെ ഭാഗമാക്കുമെന്നു മാറി മാറി വന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജലഗതാഗതം പുനരാരംഭിക്കുന്നതിനും ടൂറിസം വികസനത്തിനും കോടികള്‍ ചിലവാക്കി ജോലികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുത്തനാര്‍ ഒഴുകുന്ന കരിക്കകത്തും ചാന്നാങ്കരയിലും സ്‌കൂള്‍ വാഹനങ്ങള്‍ മറിഞ്ഞു കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ആറിന്റെ ഇരു വശങ്ങളും കൈവരികെട്ടി സംരഷിക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.അതും നടപ്പായില്ല.
പുത്തനാറിനെ പഴയ പ്രതാപത്തിലേക്ക് മടക്കുന്നതിന് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷകള്‍ക്കു വക നല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തെ അനുഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും ജനത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."