സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ സുരക്ഷിതമല്ലാത്ത അമൃതംപൊടി വിതരണംചെയ്‌തു
തിരുവനന്തപുരം
സുരക്ഷിതമല്ലാത്ത അമൃതംപൊടി അങ്കണവാടികൾ വഴി വിതരണംചെയ്‌തെന്ന് സി.എ.ജി റിപ്പോർട്ട്. നിയമസഭയിൽ വച്ച സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്.
സംസ്ഥാനത്ത് വിതരണംചെയ്ത 3,556.50 കിലോഗ്രാമോളം വരുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കൽ, തിരിച്ചെടുക്കൽ എന്നീ തുടർനടപടികൾ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അങ്കണവാടികളിൽ നിന്നും നിർമാണ യൂനിറ്റുകളിൽ നിന്നും അമൃതംപൊടിയുടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം ഉണ്ടായതായും റിപ്പോർട്ടിലുണ്ട്.
ടി.എച്ച്.ആർ.എസ് പദ്ധതിപ്രകാരം കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിലൂടെ വിതരണം ചെയ്യുന്നതാണ് അമൃതം പൊടി. പൂരക പോഷകാഹാരമെന്ന പേരിൽ അങ്കണവാടികൾ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. അമൃതം പൊടിയുടെ ഉൽപാദനം കുടുംബശ്രീക്കാണ്.
അങ്കണവാടികളിൽ വിതരണംചെയ്ത 444 കിലോ ബംഗാൾ പയറും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ലബോറട്ടറികൾ പരിശോധനകൾക്ക് പൂർണ സജ്ജമല്ലെന്നും ശബരിമലയിൽ വഴിപാട് സാധനങ്ങൾ പരിശോധിക്കാൻ സ്ഥാപിച്ച ലാബിന് ഇതുവരെ അക്രഡിറ്റേഷൻ ലഭ്യമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിലെ 21 ശതമാനം ജീവനക്കാരുടെ കുറവ് വകുപ്പിന്റെ നടപടിക്രമങ്ങളെ ബാധിക്കുന്നതിലെ പ്രധാന ഘടകമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വകുപ്പ് നടത്തിയ പരിശോധനകളിൽ കഴിഞ്ഞവർഷം ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം 1.88 കോടി രൂപ പിഴയിനത്തിൽ ലഭിക്കാനുണ്ടെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."