അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം തള്ളി
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
രഹസ്യമൊഴിയുടെ പകർപ്പിനായി
സരിത ഹൈക്കോടതിയിൽ
കൊച്ചി
മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
സ്വപ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് വിജു അബ്രഹാം വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. സ്വപ്‌ന മജിസ്‌ട്രേറ്റിന് മുന്നില്‍ വ്യാജമൊഴി നല്‍കിയെന്നും മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുന്‍മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലിസെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യംതേടി ഹരജി നല്‍കിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കി ഹരജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം ജാമ്യമില്ലാത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തെന്നാണ് ഹരജിയിലെ ആരോപണം.
അതേസമയം, മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹരജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പാലക്കാട് കസബ പൊലിസെടുത്ത കലാപശ്രമ കേസും കന്റോണ്‍മെന്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാ കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹരജി നല്‍കിയത്.
അതിനിടെ, സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി സോളാർ കേസിലെ പ്രതി സരിത എസ്. നായർ ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. തന്നെ സംബന്ധിച്ച ചില പരാമർശങ്ങൾ മൊഴിയിലുള്ളതിനാൽ പകർപ്പ് വേണമെന്നാണ് ആവശ്യം. ഹരജി പരിഗണിച്ച കോടതി രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്ന് ആരാഞ്ഞു. തുടർന്ന് എതിർകക്ഷികളുടെ നിലപാടുതേടിയ കോടതി ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."