ജസ്റ്റിസ് കെ.എം ജോസഫ്പടിയിറങ്ങുമ്പോൾ
ഡൽഹി നോട്സ്
കെ.എ സലിം
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കാൻ 2018 ജനുവരി 11ന് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള കൊളീജിയം നൽകിയ ശുപാർശ ഒന്നാം മോദി സർക്കാർ തള്ളിക്കളയുകയായിരുന്നു. കെ.എം ജോസഫിനെ സുപ്രിംകോടതിയിലേക്ക് ശുപാർശ ചെയ്ത നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി നിയമമന്ത്രി രവിശങ്കർ പ്രസാദ് ചീഫ് ജസ്റ്റിസിന് കത്തെഴുതി. കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് ശുപാർശ നൽകിയാൽ അത് പാലിക്കാൻ സാധിക്കാതെ വരുമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. കെ.എം ജോസഫിനുവേണ്ടിയുള്ള ശുപാർശ പരിഗണിക്കാതിരുന്ന സർക്കാർ ഇന്ദു മൽഹോത്രയെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചു.
കൊളീജിയവും കേന്ദ്രസർക്കാരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമാകാതിരുന്ന കാലത്താണ് ഇതെല്ലാം നടക്കുന്നത്. ജസ്റ്റിസ് ജോസഫിനെ നിയമിക്കാതെ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ നിയമിച്ചതിനെതിരേ 100 അഭിഭാഷകർ ഒപ്പിട്ട ഹരജി സുപ്രിംകോടതി ബാർ അസോസിയേഷൻ സുപ്രിംകോടതിയിൽ സമർപ്പിച്ചു. തങ്ങൾ ഇന്ദു മൽഹോത്രയ്‌ക്കെതിരല്ലെന്നും കെ.എം ജോസഫിനെ നിയമിക്കാത്ത കേന്ദ്രസർക്കാർ നടപടിയെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നുമായിരുന്നു കോടതിയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്. അധികാരത്തിലുള്ള കാര്യങ്ങൾ മാത്രമാണ് കേന്ദ്രം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഹരജി തള്ളിയെങ്കിലും കേന്ദ്രത്തിന്റെ എതിർപ്പ് തള്ളി 2018 ജൂലൈ 16 ന് കൊളീജിയം കെ.എം ജോസഫിന്റെ പേര് ആവർത്തിച്ചു ശുപാർശ ചെയ്തു. ഒാഗസ്റ്റ് ആറിന് കെ.എം ജോസഫ് സുപ്രിംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതിയിലേക്ക് നിയമിക്കാതിരിക്കാൻ കാരണമൊന്നുമില്ലെന്നാണ് വീണ്ടും ശുപാർശ നൽകിയ ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടിയത്. ഈ മാസം 22ന് വേനലവധിക്കായി അടച്ചുപൂട്ടുന്ന സുപ്രിംകോടതി ജൂലൈ മൂന്നിന് വീണ്ടും തുറക്കുമ്പോൾ സംഘ്പരിവാറിനും കേന്ദ്ര സർക്കാരിനും ആശ്വസിക്കാം. ജൂൺ 16ന് ജസ്റ്റിസ് ജോസഫ് വിരമിക്കും. മുനയുള്ള ചോദ്യങ്ങളുമായി അദ്ദേഹം സുപ്രിംകോടതിയിലുണ്ടാകില്ല. നീതിമാനായ ജഡ്ജിയാണ് നിശബ്ദമായി പടിയിറങ്ങിപ്പോകുന്നത്. മോദി സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന ചീഫ് ജസ്റ്റിസാണ് ദീപക് മിശ്ര. നാലു മുതിർന്ന സുപ്രിംകോടതി ജഡ്ജിമാർ ജസ്റ്റിസ് മിശ്രക്കെതിരേ വാർത്താസമ്മേളനം നടത്തിയത് മറക്കാറായിട്ടില്ല. എന്നാൽ, ജസ്റ്റിസ് കെ.എം ജോസഫിനെ നിയമിക്കുന്ന കാര്യത്തിൽ കേന്ദ്രത്തോട് ഏറ്റുമുട്ടലിന് തയാറായ ദീപക് മിശ്രയോട് ജനാധിപത്യ സമൂഹം നന്ദി പറയണം.
എന്തുകൊണ്ടായിരുന്നു സംഘ്പരിവാറിന് കെ.എം ജോസഫിന്റെ കാര്യത്തിൽ ഇത്ര എതിർപ്പെന്ന ചോദ്യത്തിനുള്ള മറുപടിക്ക് സുപ്രിംകോടതി ജഡ്ജിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിധിന്യായങ്ങളിലേക്ക് കണ്ണോടിച്ചാൽ മതിയാവും. സുപ്രിംകോടതിയിലിരുന്ന അഞ്ചു വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ വിധിന്യായങ്ങളും നിരീക്ഷണങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ ഊർജവും ആവേശവും ചെറുതല്ല. ബൽക്കീസ് ബാനുവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്യുകയും അവരെ ബലാത്സംഗം ചെയ്യുകയും ചെയ്ത കുറ്റവാളികൾക്ക് ജയിൽ മോചനം അനുവദിച്ച കേസ് കെ.എം ജോസഫിന്റെ ബെഞ്ചിൽ നിന്ന് മാറ്റാൻ കേന്ദ്ര സർക്കാരും കുറ്റവാളികളുടെ അഭിഭാഷകരും ചേർന്ന് നടത്തിയ ഫോറം ഷോപ്പിങ് തന്നെ മതിയാവും കെ.എം ജോസഫിന്റെ നീതിബോധത്തിന്റെ അളവുകോലായിട്ട്. തങ്ങൾക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്ന് ഉറപ്പുള്ള ബെഞ്ച് മുമ്പാകെ കേസ് എത്തിക്കലാണ് ഫോറം ഷോപ്പിങ്.
ഓരോ കാരണം പറഞ്ഞു കേസ് നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ, പ്രതിഭാഗം അഭിഭാഷകരോട് കെ.എം ജോസഫ് പറഞ്ഞു: 'നിങ്ങൾ ഈ കേസ് തോൽക്കുകയോ ജയിക്കുകയോ ചെയ്യാം. എന്നാൽ, ജുഡീഷ്യൽ സംവിധാനത്തിലെ ഉദ്യോഗസ്ഥരെന്ന നിലയിൽ നിങ്ങളുടെ കടമകളെക്കുറിച്ചോർക്കണം. ഈ കേസിൽ തങ്ങളുടെ ബെഞ്ച് വിധി പറയാതിരിക്കാൻ താൻ വിരമിക്കുംവരെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് എനിക്കറിയാം. ഞാൻ ജൂൺ 16ന് വിരമിക്കുകയാണ്. കോടതി ഈ മാസം 19 മുതൽ രണ്ടുമാസത്തോളം നീളുന്ന അവധിയിൽ പ്രവേശിക്കും. ഈ മാസം 19 ആണ് എന്റെ അവസാന പ്രവൃത്തിദിനം. നിങ്ങളുടെ ഉദ്ദേശമെന്തെന്ന് എനിക്ക് മനസിലാകും'.
കേസിന്റെ ആദ്യദിനത്തിൽ ഇന്ന് ബൽക്കീസിന് സംഭവിച്ചത് നാളെ എനിക്കും നിങ്ങൾക്കും സംഭവിക്കാമെന്ന വാക്കുകളിലൂടെ കേസിന്റെ വിധിയെഴുതിക്കഴിഞ്ഞിരുന്നു കെ.എം ജോസഫ്. മോചനത്തിനായി തീരുമാനമെടുത്ത ഫയലുകൾ കോടതി മുമ്പാകെ ഹാജരാക്കണമെന്ന് നിർദേശിച്ചെങ്കിലും അത് പാലിക്കാതെ രണ്ടു സിറ്റിങ് വരെ കേസ് സർക്കാർ നീട്ടിക്കൊണ്ടുപോയി. ഉത്തരവിനെതിരേ പുനപ്പരിശോധനാ ഹരജി നൽകുകയാണെന്ന അറിയിച്ചു. പിന്നീട് ഈ നിലപാട് മാറ്റി.
ഈ ഘട്ടം പിന്നിട്ടപ്പോൾ, ഹരജിയിൽ തെറ്റായ കാര്യങ്ങളുണ്ടെന്ന് ആരോപിച്ച് വീണ്ടും നീട്ടിവയ്പ്പിച്ചു. വീണ്ടും കേസ് പരിഗണനയ്ക്ക് വന്നപ്പോൾ കുറ്റവാളികളിൽ ഒരാൾക്ക് നോട്ടിസ് ലഭിച്ചിട്ടില്ലെന്നും അത് നൽകി മറുപടി ലഭിച്ചശേഷം മാത്രമേ വാദം നടത്താവൂ എന്നായി പ്രതിഭാഗം. സർക്കാരും ഇതിന് പിന്തുണ നൽകി. അടുത്ത തവണ കേസ് പരിഗണിച്ചപ്പോൾ കുറ്റവാളിയെ കാണാനായില്ലെന്നും നോട്ടിസ് നൽകാനായില്ലെന്നുമായി. കുറ്റവാളികളിലൊരാൾ നാടകീയമായി അപ്രത്യക്ഷമായിരുന്നു. അയാളുടെ അഭിഭാഷകൻ നോട്ടിസ് സ്വീകരിച്ചാൽ മതിയായിരുന്നു. എന്നാൽ അഭിഭാഷകൻ അതിന് തയാറായില്ല. ഒടുവിൽ പത്രത്തിൽ കേസ് നീട്ടിവച്ചതായി അറിയിപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടു. കേസിൽ അവധിക്കാലത്തും വാദം കേൾക്കാൻ താൻ തയാറാണെന്ന് ജസ്റ്റിസ് ജോസഫ് അറിയിച്ചെങ്കിലും ഗുജറാത്ത് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കുറ്റവാളികളുടെ അഭിഭാഷകനും സമ്മതിച്ചില്ല. മറ്റു വഴിയില്ലാതെ ബെഞ്ച് ജൂലൈ വരെ കേസ് നീട്ടുകയായിരുന്നു.
കേസ് ഇനി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ജോസഫ് വിരമിച്ചിരിക്കും. ജസ്റ്റിസ് ജോസഫിന് ഈ കേസിൽ വിധി പറയാൻ സാധിക്കുമോ ഇല്ലയോ എന്നതല്ല വിഷയം, നീതിക്കു വേണ്ടി നടത്തിയ ഇടപെടലുകളാണ്. സുപ്രിംകോടതിയുടെ ചരിത്രത്തിൽ ഈ ഇടപെടലുകൾ സുവർണലിപികളാൽ കൊത്തിവയ്ക്കപ്പെടും. ടെലിവിഷൻ ചാനലുകൾ വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ നടത്തിയ ഇടപെടലുകളായിരുന്നു മറ്റൊന്ന്. ചർച്ചകളിൽ ആരെങ്കിലും വെറുപ്പ് പ്രചരിപ്പിച്ചാൽ തടയാനുള്ള ഉത്തരവാദിത്വം അവതാരകർക്കാണെന്ന് കെ.എം ജോസഫ് പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്തിൽ വെറുപ്പിനും വിദ്വേഷത്തിനും ഇടമില്ലെന്ന നിരീക്ഷണം മറ്റൊരു കേസിലാണ്. രാജ്യത്ത് വിദ്വേഷത്തിന്റെ പേരിൽ കുറ്റങ്ങളുണ്ടാകുന്നത് സർക്കാർ ദുർബലമായതിനാലും യഥാസമയം നടപടിയെടുക്കാൻ ശേഷിയില്ലാത്തതിനാലുമാണെന്നും രാഷ്ട്രീയക്കാർ നേട്ടങ്ങൾക്കുവേണ്ടി മതത്തെ ഉപയോഗിക്കുന്നത് നിർത്തിയാൽ വിദ്വേഷ പ്രസംഗങ്ങൾ അവസാനിക്കുമെന്നുമായിരുന്നു മറ്റൊരു നിരീക്ഷണം.
രാജ്യത്തെ ജനാധിപത്യം അപകടത്തിലാകുന്ന കാലത്ത് ജുഡീഷ്യറി നടത്തേണ്ട ഇടപെടലുകളായിരുന്നു ജസ്റ്റിസ് കെ.എം ജോസഫിന്റെ വിധിന്യായങ്ങളെല്ലാം. ആരും നിയമത്തിന് അതീതരല്ലെന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണം. സമ്പത്തും അധികാരവും ആഡംബരങ്ങളുമല്ല, നീതിയുടെ സാന്നിധ്യമാണ് ഈ അടിസ്ഥാനം നിർണയിക്കുന്നത്. സുപ്രിംകോടതി ഇപ്പോഴും പ്രതീക്ഷയുടെ വിളക്കുമാടമായി നിലകൊള്ളുന്നത് ഏതാനും നീതിമാൻമാരായ ജഡ്ജിമാരിലൂടെയാണെന്ന് പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."