എസ്.എസ്.എല്‍.സി ഫലം ഇന്ന് വൈകീട്ട് മൂന്നിന്; ഇത്തവണ ഗ്രേസ് മാര്‍ക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നിര്‍വഹിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
പരീക്ഷഫലത്തിന് വ്യാഴാഴ്ച പരീക്ഷ കമീഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷ പാസ് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ ഫലം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ PRD LIVE മൊബൈല്‍ ആപിലും വെബ്‌സൈറ്റുകളിലും ലഭിക്കും. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 99.26 ശതമാനമായിരുന്നു എസ്.എസ്.എല്‍.സി വിജയം.
പരീക്ഷഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍:
www.prd.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും മൊബൈല്‍ ആപ്പും
എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ, 'സഫലം 2023'മൊബൈല്‍ ആപ്പും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത റിസല്‍ട്ടിനു പുറമെ, സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ല തലങ്ങളിലുള്ള റിസല്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസല്‍ട്ട് അനാലിസിസ്'എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭിക്കും.
ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'Saphalam 2023'എന്നുനല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.നേരത്തേതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തുവെക്കുന്നത് അവസാന നിമിഷ ഡേറ്റ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.
ഇത്തവണ ഗ്രേസ് മാര്‍ക്കും
പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."