ജോറാക്കി ജാമിസന്‍
സൗതാംപ്റ്റന്‍: ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലി കൈല്‍ ജാമിസനെ പൊന്നും വിലയ്ക്ക് കൂടെക്കൂട്ടിയപ്പോള്‍ മനസിലായിരുന്നില്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അത് ന്യൂസിലന്‍ഡ് കരുതിവച്ച വജ്രായുധമായിരുന്നുവെന്ന്. ജാമിസന്റെ ഏറില്‍ തകര്‍ന്നടിഞ്ഞത് ലോകോത്തര നിലവാരമുള്ള ഇന്ത്യന്‍ ബാറ്റിങ്‌നിരയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ജാമിസന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ വെറും 217 റണ്‍സെടുക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. മൂന്നിന് 146 എന്ന സ്‌കോറുമായി മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് പിന്നീടുള്ള ഏഴു വിക്കറ്റിനിടെ കൂട്ടിച്ചേര്‍ക്കാനായത് വെറും 71 റണ്‍സ് മാത്രം.
രണ്ടാം ദിനം മികച്ച ഫോമില്‍ ബാറ്റ് വീശിയ നായകന്‍ വിരാട് കോഹ്‌ലിയും ജാമിസന്റെ വിക്കറ്റിനിരയായി. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി കുറിക്കാനായില്ല. രഹാനെയും (49) കോഹ്‌ലിയുമാണ് (44) ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഓപ്പണര്‍മാര്‍ ടോം ലാഥമും(30), ഡേവണ്‍ കോണ്‍വെയും (54) മികച്ച തുടക്കം നല്‍കി. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 101 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. കെയ്ന്‍ വില്യംസനും(12) റോസ് ടെയ്‌ലറുമാണ്(0) ക്രീസില്‍.
തുടക്കം തന്നെ പ്രഹരം
ചാറ്റല്‍ മഴ കാരണം മൈതാനത്ത് ഈര്‍പ്പം ഉണങ്ങേണ്ടതിനാല്‍ വൈകിയാണ് മൂന്നാം ദിനം ആരംഭിച്ചത്. കളി തുടങ്ങി മൂന്ന് ഓവറിനുള്ളില്‍ തന്നെ ഇന്ത്യക്ക് നായകനെ നഷ്ടമായി. കഴിഞ്ഞ ദിവസം മികച്ച കവര്‍ ഡ്രൈവുമായി മനോഹരമായി കളിച്ചു കൊണ്ടിരുന്ന കോഹ്‌ലി ജാമിസന്റെ എല്‍.ബിയില്‍ കുരുങ്ങി. തുടര്‍ന്നെത്തിയ അപകടകാരി റിഷഭ് പന്ത് (4) ആക്രമണം അഴിച്ചുവിടും മുന്‍പേ കൂടാരം കയറി. ജാമീസന്‍ പന്തിനെയും തിളങ്ങാന്‍ അനുവദിച്ചില്ല, പന്ത് ടോം ലാഥമിന്റെ കൈകളില്‍ ഭദ്രം. ശേഷമെത്തിയ ജഡേജയുമൊത്ത് രഹാനെ ഇന്ത്യയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നീല്‍ വാഗ്നര്‍ വിരിച്ച വലയില്‍ രഹാനെ വീണു കൊടുത്തു. രഹാനെ ലാഥമിന് ക്യാച്ച് നല്‍കി മടങ്ങി. വാഗ്നറിന്റെ ഫീല്‍ഡിങ് പൊസിഷനിലെ പ്ലാനിങ്ങിലായിരുന്നു രഹാനെയുടെ പുറത്താകല്‍. രഹാനെ മടങ്ങിയ ഉടനെയെത്തിയ അശ്വിന്‍ ക്ലാസ് ബാറ്റിങുമായി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ഇതിനിടെ സ്‌കോര്‍ 11ല്‍ നില്‍ക്കെ ജഡേജയുടെ ക്യാച്ച് സൗത്തി വിട്ടുകളഞ്ഞു. ബൗളര്‍മാരെ കണക്കെ പ്രഹരിച്ചു തുടങ്ങിയ അശ്വിന്(22) പക്ഷേ, അധികം ആയുസ്സുണ്ടായില്ല. ഇത്തവണയും ലാഥമായിരുന്നു കപ്പിത്താന്‍. സൗത്തിയുടെ പന്തില്‍ അശ്വിന്‍ പുറത്ത്. ജഡേജയ്ക്കും(15) അധികം പിടിച്ചു നില്‍ക്കാനായില്ല. ഇശാന്ത് ശര്‍മ (4), ജസ്പ്രിത് ബുംറ (0) എന്നിവര്‍ രണ്ടക്കം തികച്ചില്ല. 92ാം ഓവറില്‍ ഇശാന്ത് ശര്‍മയേയും ബുംറയെയും അടുത്തടുത്ത പന്തുകളില്‍ പറഞ്ഞയച്ചാണ് ജാമിസണ്‍ അഞ്ച് വിക്കറ്റ് തികച്ചത്. മുഹമ്മദ് ഷാമി(4) പുറത്താവാതെ നിന്നു. ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."