തെരുവുനായ ഭീതിയില്‍ വാടാനപ്പള്ളിയും പരിസര പ്രദേശങ്ങളും
വാടാനപ്പള്ളി: തെരുവുനായ ഭീതിയില്‍ വാടാനപ്പള്ളിയും പരിസര പ്രദേശങ്ങളും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് ജനങ്ങളുടെ ആശങ്കക്ക് കാരണം. വലപ്പാട്, നാട്ടിക, തളിക്കുളം, ഏങ്ങണ്ടിയൂര്‍ എന്നീ പഞ്ചായത്തുകളിലും തെരുവ് നായ്ക്കളുടെ ശല്യം ഇപ്പോള്‍ രൂക്ഷമാണ്.
നാലു മുതല്‍ പത്തു നായ്ക്കള്‍ ഉള്‍പ്പെടുന്ന സംഘങ്ങളായിട്ടാണ് നായകളെ കാണുന്നത്. നാട്ടിക ഗ്രാമപഞ്ചായത്തില്‍ തെരുവുനായ്ക്കളെ പിടികൂടി കൊന്നൊടുക്കി ഒരു വര്‍ഷം പിന്നിടുന്നതിനിടെയാണ് വീണ്ടും നായ്ക്കളുടെ വര്‍ധനവുണ്ടായിരിക്കുന്നത്. നാട്ടിക മേഖലയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരും വളര്‍ത്തുമൃഗങ്ങളും തെരുവുനായ്ക്കളാല്‍ ആക്രമിക്കപ്പെടുന്നത് നിരന്തര സംഭവമായതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാനൂറ്റി അറുപത് തെരുവുനായ്ക്കളെ കൊന്നൊടുക്കിയിരുന്നു. നാട്ടിക കെ.എം.യു.പി സ്‌കൂളിനു സമീപം എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന വിഷ്ണുവിന്റെ ഇടത് കണ്‍പുരികമാണ് അന്ന് തെരുവുനായ കടിച്ചെടുത്തത്.
കുട്ടി അടുത്തിടെയാണ് സുഖം പ്രാപിച്ചത്. നാട്ടിക തിരുനിലം കോളനിയില്‍ കൈകുഞ്ഞും വൃദ്ധനും ഉള്‍പ്പെടെയുള്ളവരും തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടി സ്വീകരിച്ചത്. പാലക്കാട് നിന്നുള്ള ആറു പേരെ നാട്ടികയിലെത്തിച്ച് താമസവും ഭക്ഷണവും തെരുവുനായ ഒന്നിന് എഴുപത്തി അഞ്ച് രൂപ വീതം കൂലിയും നല്‍കി നായ്ക്കളെ പിടികൂടി കൊന്ന് കുഴിച്ചു മൂടി.
സംഭവം നടന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ നാട്ടികയിലും തെരുവുനായ്ക്കളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തൃപ്രയാര്‍ ഗോഖലെ മൈതാനം, നാട്ടിക ബീച്ചിന് വടക്ക്, എന്‍.ഇ.എസ്. കോളജിന് വടക്ക് ഭാഗം, വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രം പരിസരം, തളിക്കുളം തമ്പാന്‍കടവ്, നാട്ടിക ബീച്ച്, ഇടശ്ശേരി പടിഞാറുഭാഗം പത്താം കല്ല്, ചിലങ്ക ബീച്ച്, വാടാനപ്പള്ളി ബീച്ച്, മൊയ്തീന്‍ പള്ളി, തൃത്തല്ലൂര്‍ വെസ്റ്റ്, ഗണേശമംഗലം, ആശാന്‍ റോഡ്, ബംഗ്ലാവ് കടവ്, ഏത്തായ്, ഏങ്ങണ്ടിയൂര്‍ കിഴക്ക് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ തെരുവ് നായ്ക്കളുടെ സംഘം ജനങ്ങള്‍ക്ക് ഭീഷണിയാണ്. വൈകീട്ട് ആറ് മുതല്‍ രാവിലെ എട്ട് വരെയുള്ള സമയങ്ങളില്‍ നാട്ടുകാര്‍ ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്.
കല്ലും വടിയുമായാണ് കാല്‍നടയാത്രികരുടെ സഞ്ചാരം. ഉപ്രദവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നിയമതടസമില്ലെന്ന നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിന്റെ നിയമോപദേശം ഇപ്പോഴും തദ്ദേശസ്വയംഭരണവകുപ്പിന് മുന്നിലുണ്ട്. പൊന്തക്കാടുകളും കടപ്പുറവും കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങളുടെ അടിഭാഗവും, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങളും നായ്ക്കളുടെ വിഹാരകേന്ദ്രമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."