ഇന്‍കകളുടെ ഏദന്‍തോട്ടം
മുഹമ്മദ് നിയാസ്
സഞ്ചാരികളുടെ രാത്രിയുറക്കത്തെ മുറിച്ചുകളയുന്ന പെറുവിലെ സുന്ദരമായ നഗരം. ലാറ്റിനമേരിക്കന്‍ പോരാട്ട ചരിത്രങ്ങളുടെ നീണ്ട കഥപറയാനുള്ള കുസ്കോ നഗരത്തേക്ക് എത്തുമ്പോള്‍ തന്നെ അസ്വസ്ഥത വരിഞ്ഞുമുറുകിയിരുന്നു. രാത്രി ആയപ്പോഴേക്കും അസ്വസ്ഥത മരണഭയത്തിലേക്കു മാറി. കൃത്യംപറഞ്ഞാല്, ഉറക്കത്തെ കെടുത്തിക്കളഞ്ഞ രാത്രി. അടുത്ത മുറിയില്‍ ഭാവമേതുമില്ലാതെ ക്ഷീണിച്ചവശനായി കിടന്നുറങ്ങിയപ്പോയ രാമചന്ദ്രനെ കുറിച്ചുള്ള ആധിയായിരുന്നു മനസില്‍. കാരണം, സമുദ്രനിരപ്പില്‍നിന്നും 3,395 മീറ്റര്‍ ഉയരങ്ങളിലാണ് കുസ്കോ നഗരം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ശ്വാസമെടുക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. അത്രമേല്‍ ശ്വാസംമുട്ടല്‍ അനുഭവിക്കുന്നതുകൊണ്ടു തന്നെയാണ് മരണഭയമെന്നു തീര്‍ത്തുപറഞ്ഞത്.
വഴിയില്‍ കല്ലുകള്‍ പാകി വൃത്തിയും വെടിപ്പുമുള്ള നഗരമാണ് കുസ്കോ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിഷ്കളങ്ക നഗരം. എന്നാല്‍ ഭയാനകവും. ആ നിഷ്കളങ്കതയാണ് സ്പെയിനിന്റെ കോളനിയായി പെറുവിനെ മാറ്റിയത്. തെക്കന്‍ അമേരിക്കയിലെ വലിയ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ, മതപരമായ തലസ്ഥാനമായിരുന്നു ഒരുകാലത്ത് കുസ്കോ. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് രാവിലെ പുറപ്പെട്ട് ഏകദേശം ഒന്നര മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്ത് ഞങ്ങള്‍ കുസ്കോയില്‍ എത്തി. ടേബിള്‍ടോപ് ആയതുകൊണ്ട് പകല്‍ മാത്രമാണ് വിമാനസര്‍വിസ്. എയര്‍പോര്‍ട്ടിനടുത്ത് തന്നെയാണ് കുസ്കോ നഗരം. എല്ലാം പുരാതന കെട്ടിടങ്ങള്‍. കെട്ടിടങ്ങളെല്ലാം സ്പാനിഷ് കൊളോണിയല്‍ കാലത്തെ പ്രൗഢി വിളിച്ചോതുന്ന കലാപരമായ ഡിസൈന്‍. ചെറിയ വഴികള്‍. ചില്ലറയിനം കച്ചവടക്കാര്‍...
ഇന്‍ക സംസ്കാരം പിറവിയെടുത്ത ഏദന്‍തോട്ടം എന്നാണ് കുസ്കോ അറിയപ്പെടുന്നത്. ഇന്‍കകളുടെ പുണ്യഭൂമിയാണിത്. അവരുടെ ഭാഷയില്‍ (കെച്വ) മധ്യഭാഗം, പൊക്കിള്‍ചുഴി എന്നൊക്കെയാണ് അര്‍ഥം. കുസ്കോയ്ക്ക് ഒരു ഐതിഹ്യമുണ്ട്. സൂര്യന് തന്റെ മകളെയും മകനെയും ഒരു സ്വര്ണപ്പാരയും നല്കി ഭൂമിയിലേക്ക് അയക്കുന്നു. തങ്ങള്‍ പോകുന്നിടത് ഈ പാര താഴ്ത്തിനോക്കാന് ആവശ്യപ്പെടുന്നു. എവിടെയാണോ അനായാസം താഴ്ന്നിറങ്ങി അപ്രത്യക്ഷമാകുന്നത്, അവിടെ നഗരം പണിത് താമസം ഉറപ്പിക്കുക. ഇതായിരുന്നു സൂര്യന് അവര്‍ക്കു നല്കിയ നിര്‍ദേശം. തീത്തികാക്ക തടാക തീരത്ത് അവര്‍ മണ്ണില്‍ സ്വര്ണപ്പാര താഴ്ത്തിയപ്പോള്‍ അത് മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങി. പിന്നീടവരവിടെ പാര്പ്പുറപ്പിച്ചെന്നും കുസ്കോ കേന്ദ്രമാക്കി സാമ്രാജ്യം സ്ഥാപിച്ചെന്നുമാണ് ഐതിഹ്യം.
ആന്റിസ് പര്‍വതനിരയുടെ ഭാഗങ്ങളില്‍ താമസിച്ചിരുന്ന ഇന്കകളെ കീഴടക്കാന്‍ വന്ന ഫ്രാന്‍സിസ് കോ പിസാറെ യുദ്ധംചെയ്യാതെ ചതിയില്‍ കീഴ്പ്പെടുത്തുന്നതാണ് തുടക്കചരിത്രം. എന്നാല്‍ ഇന്‍ക സാമ്രാജ്യം കൊള്ളയടിച്ച് സമ്പത്ത് കുന്നുകൂട്ടിയ നിരക്ഷരനായ പിസാറൊക്ക് പേരെഴുതി ഒപ്പിടാന്‍ പോലും അറിയില്ലായിരുന്നു. 1571ല്‍ തുപ്പാക് അമരുവിന്റെ നേതൃത്വത്തില്‍ ഇന്കകള് സ്പാനിഷ് ആധിപത്യത്തിനെതിരേ, പെറുവിലെ വൈസ്റോയി ആയി ഫിലിപ്പ് രണ്ടാമന് നിയോഗിച്ച ഫ്രാന്‍സിസ്കോ ഡി തൊള്യുടെ ക്രൂരതകള്‍ക്കെതിരേ ആദ്യമായി ചെറുത്തുനിന്നു. ഇന്‍കകളുടെ ആ ചെറുത്തുനില്‍പ്പിനെ അടിച്ചമര്‍ത്തി കുസ്കോ നഗരത്തിന്റെ മധ്യത്തില്‍വച്ചു തുപ്പാക് അമരുവിന്റെ തലയറുക്കപ്പെട്ടു. കുസ്കോ മലനിരകള്‍ കേന്ദ്രീകരിച്ച് ധാര്‍മികത മുഖമുദ്രയാക്കി ഭരണം നടത്തിയ ഇന്‍ക രാജാവ് അവര്‍ക്കു കീഴ്പ്പെടാന്‍ നിര്‍ബന്ധിതമായി.
പിന്നീട് 1780ല്‍ ഇന്‍ക ഗോത്രപരമ്പരയില്പെട്ട ജോസ് ഗബ്രിയേല്‍ തുപ്പാക് അമരു രണ്ടാമന് എന്ന പേര് സ്വീകരിച്ചു സ്പാനിഷ് നേതൃത്വത്തിനെതിരേ യുദ്ധത്തിനൊരുങ്ങിയെങ്കിലും പരാജയം വിധിയെഴുതി. പ്രാദേശിക നേതൃത്വത്തെ പിടികൂടി വിചാരണ ചെയ്തു വധിച്ചു. കൂടുതല്‍ സൈന്യവുമായി വന്നു തുപ്പാക് അമരു രണ്ടാമനെ ചതിയില്‍ പിടിച്ചുകൊണ്ടുപോയി വധിച്ചു. കുസ്കോയിലെ പൊതുസ്ഥലത്തുവച്ച് തുപ്പാക്കുവിനെ ഭാര്യയുടെയും മക്കളുടെയും സഹപ്രവര്‍ത്തകരുടെയും കൂടെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. അദ്ദേഹത്തെ നാലായി കീറാന്‍ വേണ്ടി കുതിരകളെ ഉപയോഗിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത് (Open veins of latin America). ഏകമകനെ മരണംവരെ സ്പെയിനിലെ ജയിലില്‍ അടച്ചു. ആ ചോരക്കറ ഇന്നും അവിടുത്തെ കാത്തീഡ്രലിലും തെരുവുകളിലും കാണുന്നുണ്ട്.
കൊളോണിയല്‍ ഭംഗി കണ്ടും ചരിത്രത്തിന്റെ വേദനിക്കുന്ന ഭാഗം മനസിലിട്ടും ആ നഗരം കണ്ടുനില്ക്കുമ്പോള് ഒരാള്‍ പിന്നില്‍നിന്നും തട്ടിവിളിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ ചിരിച്ചുനില്ക്കുന്ന ഒരു മെസ്റ്റീസോ പെണ്‍കുട്ടി. അവള് കുറേ പാവക്കുട്ടികളെ നീട്ടിക്കാണിച്ചു. വില പറഞ്ഞുറപ്പിച്ച ശേഷം അതില്‍ രണ്ടെണ്ണം വാങ്ങി. അവളോട് സംസാരിക്കുമ്പോള്‍ തുപ്പാക് അമരുവിനോട് സംസാരിക്കുന്നപോലെ. പിരിയാന്‍ നേരം അവളെ ചേര്‍ത്തുനിര്‍ത്തി ഒരു ഫോട്ടോയെടുത്തു. പൈസയും വാങ്ങി അവള് അവളുടെ അമ്മയിരിക്കുന്ന കാത്തീഡ്രലിനു മുന്നിലേക്ക് ഓടി, അവളുടെ മുത്തച്ഛനെ കൊന്ന ഇടമാണെന്ന് അറിയാതെ. കുസ്കോ പിന്നെയും ഒരുപാട് കാര്യങ്ങള്‍ കാണിച്ചുതന്നു. പലതരം വാദ്യോപകരണങ്ങള്‍, ഭക്ഷണങ്ങള്‍... ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗന്ധവും ബന്ധവും ഭക്ഷണത്തില്‍ ലയിച്ചിരുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."