രാഷ്ട്രീയനീക്കങ്ങള്‍ തുടര്‍ച്ചയായി പാളുന്നു; പി. ശശിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ എടുത്തുചാടിയുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകുന്നു. ശശിക്കെതിരേ സി.പി.എമ്മിലെ ഉന്നതനേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഇവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. അടുത്ത സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ചചെയ്യും. എടുത്തുചാടിയുള്ള അനാവശ്യ നടപടികള്‍ തോല്‍വി വിളിച്ചുവരുത്തുന്നുവെന്നും ഇത് പ്രതിപക്ഷം ആയുധമാക്കുന്നുവെന്നുമാണ് പ്രധാന വിമര്‍ശനം. പുത്തലത്ത് ദിനേശനെ മാറ്റി പി. ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതോടെ വിവാദങ്ങളുടെ ഊരാക്കുടുക്കില്‍പ്പെട്ട് ഉലയുകയാണ് സര്‍ക്കാര്‍. ശശിയുടെ രാഷ്ട്രീയതീരുമാനങ്ങളില്‍ അവസാനം അടിതെറ്റിയത് പി.സി ജോര്‍ജിനെതിരായ നീക്കങ്ങളായിരുന്നു.
ശശിയുടെ വരവോടെ തീരുമാനങ്ങള്‍ പാളുക മാത്രമല്ല, ഐ.എ.എസ്, ഐ.പി.എസ് തലപ്പത്തും അതൃപ്തിയുണ്ട്. എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പി. ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സര്‍വാധികാരത്തോടെ ശശി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി.
ശശി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയയുടന്‍ ആദ്യംചെയ്തത് നടിയെ അക്രമിച്ച കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എസ്. ശ്രീജിത്തിനെ മാറ്റിയതായിരുന്നു. തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ ഫഌറ്റില്‍ കയറി സരിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ വിജിലന്‍സ് ഡയരക്ടറായിരുന്ന അജിത്കുമാറിന് നിര്‍ദേശം നല്‍കിയതും ശശിയാണെന്നാണ് പൊലിസിലെ ഉന്നതര്‍ ആരോപിക്കുന്നത്. അജിത്തിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി മുഖംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ജനത്തെ ബന്ദിയാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് നിര്‍ദേശംപോയതും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് തന്നെയാണ്. കറുത്ത മാസ്‌ക്കിനും വസ്ത്രത്തിനും വിലക്കേര്‍പ്പെടുത്തുകയും പൊലിസ് തലങ്ങും വിലങ്ങും പരിശോധന കര്‍ശനമാക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ടിവന്നു. പരിശോധന വേണ്ടെന്ന് ഡി.ജി.പി നിര്‍ദേശിച്ചിട്ടും എ.ഡി.ജി.പി ഉത്തരവിറക്കാന്‍ വിസമ്മതിച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് പറയുന്നത്.
വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജ് വളരെപെട്ടെന്ന് ജാമ്യംകിട്ടി പുറത്തിറങ്ങിയതും സര്‍ക്കാരിന് നാണക്കേടായി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരുദിവസം ജോര്‍ജിനെ ജയിലില്‍ കിടത്താനായതാണ് ഏക ആശ്വാസം. കഴിഞ്ഞദിവസം പീഡനക്കേസിലുള്ള ജോര്‍ജിന്റെ അറസ്റ്റിനും ഇതേ ഗതിയായിരുന്നു. പീഡനക്കേസില്‍ ജോര്‍ജിനെ തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിന്ന് അറസ്റ്റ് ചെയ്‌തെങ്കിലും മൂന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള വഞ്ചിയൂര്‍ കോടതി വരെ മാത്രമേ ഇതിന് ആയുസുണ്ടായിരുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."