മധുവിധു മായും മുമ്പേ സുചിത്രയുടെ ദുരൂഹ മരണം; ഞെട്ടല്‍ മാറാതെ കുടുംബവും കൂട്ടുകാരും
കായംകുളം: മധുവിധു മായുംമുമ്പേ സുചിത്രയും മരണത്തിന്റെ ലോകത്തേക്ക് പറന്നു. മാവേലിക്കര വള്ളിക്കുന്നം കാഞ്ഞിരത്തുംമൂട് ലക്ഷ്മി ഭവനത്തില്‍ തൊണ്ണൂറു ദിവസം മുമ്പ് വിഷ്ണുവിന്റെ കൈപിടിച്ച് കടന്നു വന്ന സുചിത്ര (19) കിടപ്പുമുറിയില്‍ ജീവിതം അവസാനിപ്പിച്ചെന്നത് നാട്ടുകാര്‍ക്ക് ഒട്ടും വിശ്വാസിക്കാനാവുന്നില്ല.
നൂറു പവനും ആവശ്യത്തിലേറെ സ്വത്തും നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയക്കും തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ കൊടും പീഡനത്തില്‍ കത്തി ചാമ്പലായ അര്‍ച്ചനക്കും പിന്നാലെ സുചിത്രയുടെ മരണവും വള്ളികുന്നം പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഓച്ചിറ കൊച്ചുമുറി സുനില്‍ ഭവനത്തില്‍ സുനില്‍ കുമാറിന്റെ മകള്‍ സുചിത്രയും ഉത്തരാഖണ്ഡിലെ സൈനിക ക്യാമ്പില്‍ ജോലി ചെയ്യുന്ന വിഷ്ണുവും തമ്മിലുള്ള വിവാഹം മാര്‍ച്ച് 21നായിരുന്നു.
രണ്ടു മാസത്തെ അവധിക്കു ശേഷം വിഷ്ണു മടങ്ങി. അതിനുശേഷം സുചിത്ര ഏകാകിയായി കിടപ്പുമുറിക്കുള്ളില്‍ സമയം ചെലവഴിച്ചു വരുകയായിരുന്നു. ഇന്നലെ പതിവു സമയം കഴിഞ്ഞിട്ടും മുറിക്കു പുറത്തേക്ക് വരാത്ത സുചിത്രയെത്തേടി ഭര്‍ത്തൃമാതാവ് എത്തിയെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്നാണ് സമീപവാസികളെ വിവരം ധരിപ്പിച്ചത്.
വിവരം വള്ളികുന്നം പൊലീസിനും കൈമാറി. തുടര്‍ന്നാണ് വാതില്‍ തകര്‍ത്ത് അകത്തു കടന്നുള്ള പരിശോധനയില്‍ സുചിത്ര തൂങ്ങി നില്‍ക്കുന്നതു കണ്ടത്.
ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വള്ളികുന്നം പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."