ഷമി ദ ഹീറോ
സൗതാംപ്റ്റന്‍: അഞ്ചാം ദിനം മഴ വില്ലനായില്ല, ഇന്ത്യന്‍ ബൗളര്‍മാര്‍ വില്ലന്‍മാരായി അരങ്ങ് വാണപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കാനിറങ്ങിയ ന്യൂസിലന്‍ഡിന്റെ മുനയൊടിഞ്ഞു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സായ 217നേക്കാള്‍ കൂടുതല്‍ റണ്‍സ് ലക്ഷ്യം വച്ചിറങ്ങിയ ന്യൂസിലന്‍ഡ് 249 റണ്‍സിന് കൂടാരം കയറി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റുമായി തിളങ്ങി. ഇശാന്ത് ശര്‍മ മൂന്നും അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
ഇതോടെ 32 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ അഞ്ചാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 64 എന്ന നിലയിലാണ്. കോഹ്‌ലി (8), പൂജാര (12) എന്നിവരാണ് ക്രീസില്‍. രോഹിത് (30), ഗില്‍(8) പുറത്തായി. ഇരുവരെയും സൗത്തി എല്‍.ബിയില്‍ കുരുക്കി. മത്സരം റിസര്‍വ് ദിനമായ ഇന്നും തുടരും. ഇന്ന് അദ്ഭുതം സംഭവിച്ചില്ലെങ്കില്‍ പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സമനിലയാവാനാണ് സാധ്യത.
എറിഞ്ഞിട്ട് ഇന്ത്യ
ചാറ്റല്‍ മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് അഞ്ചാം ദിനം കളി തുടങ്ങിയത്. രണ്ടിന് 102 റണ്‍സെന്ന നിലയില്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച കിവീസിന് 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ റോസ് ടെയ്‌ലറെ ((11) നഷ്ടമായി. താരത്തെ മുഹമ്മദ് ഷമി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. ഇന്ത്യക്ക് ഷമി നല്‍കിയ ബ്രേക് ത്രൂ ആയിരുന്നു അത്. തുടര്‍ന്നെത്തിയ ഹെന്റി നിക്കോള്‍സിനും (7) ബി.ജെ വാട്‌ലിങ്ങിനും (1) രണ്ടക്കം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരുവരും പുറത്താകുമ്പോഴും മറുവശത്ത് കാഴ്ചക്കാരനായി കിവീസ് നായകന്‍ കെയിന്‍ വില്യംസന്‍(49) നില്‍പ്പുണ്ടായിരുന്നു. പിന്നീടെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനും (13) കൈല്‍ ജാമിസനും (21) പിഴച്ചു. ഷമിക്കായിരുന്നു ഇരുവരുടേയും വിക്കറ്റ്. ഒടുവില്‍ മികച്ച പിന്തുണ ലഭിക്കാതെ നായകനും കീഴടങ്ങി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സകലെ നില്‍ക്കവേ വില്യംസനെ ഇശാന്ത് ശര്‍മ ഇന്ത്യന്‍ നായകന്റെ കൈകളിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."