ഐഷ സുല്‍ത്താനയെ 11 മണിക്കൂര്‍ ചോദ്യംചെയ്തിട്ടും മതിവരാതെ പൊലിസ്
ചോദ്യം ചെയ്യല്‍ ഇന്നും തുടരും
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയെടുത്ത കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും തൃപ്തിയാകാതെ ലക്ഷദ്വീപ് പൊലിസ്.
ഇന്നലെ എട്ടുമണിക്കൂറാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ 20ന് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യല്‍ ഇന്നും തുടരും. ഇന്നു രാവിലെ 9. 45ന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഒന്‍പതിന് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം പത്തരയോടെയാണ് കവരത്തി പൊലിസ് സ്റ്റേഷനില്‍ ഹാജരായത്. ഉച്ചഭക്ഷണത്തിന് നല്കിയ ഇടവേളയൊഴികെ വൈകിട്ട് 6.30 വരെ 15 അംഗ പൊലിസ് സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. ബയോ വെപ്പണ്‍ പ്രയോഗം ആരുടെ പ്രേരണയിലാണ് നടത്തിയത്, ഏതെല്ലാം സംഘടനകളുമായി ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ മറിച്ചും തിരിച്ചും ചോദിക്കുകയായിരുന്നു. ഐഷയുടെ ബാങ്കിടപാടുകളെക്കുറിച്ചും മൊബൈല്‍ വിളികളെക്കുറിച്ചും ചോദ്യം ചെയ്തു. 6.30ന് ശേഷം പൊലിസ് തന്നെ ഐഷയെ വീട്ടിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."