ശാസ്ത്രം തേങ്ങയുടക്കുന്നു
കാളിദാസൻ മേഘസന്ദേശത്തിലെ യക്ഷനിലൂടെ കണ്ട സ്വപ്നമാണ് ഉജ്ജയിനി. ഒ.എൻ.വി അത് മലയാളിക്ക് അനശ്വരമാക്കി. ആ ഉജ്ജയിനിയിൽനിന്ന് ഐ.എസ്.ആർ.ഒ ചെയർമാന് എന്താ ചിന്തിച്ചു കൂടാത്തത്?
ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ തലപ്പത്ത് എത്തിയ ആദ്യ മലയാളിയല്ല എസ്. സോമനാഥ്. വന്നവരിൽ മിക്കവരും ബഹിരാകാശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് മുമ്പ് വിഘ്നേശ്വരനെ പ്രീതിപ്പെടുത്താൻ തേങ്ങയുടക്കുന്നവരുമായിരുന്നു. എന്നാൽ, ശാസ്ത്ര സത്യങ്ങളെല്ലാം പണ്ടേക്ക് പണ്ടേ വേദങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് ഇത്ര പച്ചയ്ക്ക് വെളിപ്പെടുത്താൻ ചേർത്തല തുറവൂർ ശ്രീധരപ്പണിക്കർ സോമനാഥ് വരേണ്ടി വന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിയിൽ മഹർഷി പാണിനി വേദിക് യൂനിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിലാണ് വേദങ്ങളുടെ അപ്രമാദിത്വത്തെ കുറിച്ച് അദ്ദേഹം ഉപന്യസിച്ചത്. ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ ഇന്ത്യയിലാരും അത്ഭുതം പ്രകടിപ്പിക്കാറില്ല. ദിനേനയെന്നോണം കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എന്തിന് ന്യായാധിപർ വരെ വേദോപനിഷത്തുകളിൽ ലോകത്തെ സർവ വിജ്ഞാനവും സംഗ്രഹിച്ചിരിക്കുന്നുവെന്ന് തള്ളി മറിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ ഭരണം രണ്ടാം കാലാവധി പൂർത്തിയാക്കാനിരിക്കെ രാജ്യത്തിന്റെ മുക്കാലേ മുണ്ടാണി മേഖലകളിലും ഇത്തരം വാദക്കാർ ആധിപത്യം നേടിക്കഴിഞ്ഞു. ഗവേഷണത്തിന്റെ വലിയ ഭാഗം ഫണ്ടും നീങ്ങുന്നത് ഇത്തരം 'സത്യങ്ങൾ' കണ്ടുപിടിക്കാനാണ്.
സമുദ്രത്തിലാണ്ടെന്നു പറയുന്ന വേദ നഗരങ്ങൾ കണ്ടെത്തുക, പള്ളികളിലും മറ്റും അടിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ തേടുക തുടങ്ങിയവയാണ് ഗവേഷണത്തിന്റെ ഗതി, ഗവേഷണമെന്നതിന്റെ അർഥത്തിൽ ഒരു ഗോവിനെ തേടൽ ഉണ്ട്. പഞ്ചഗവ്യത്തിലേക്ക് അന്വേഷണങ്ങൾ പരിമിതിപ്പെടുകയാണ്. സ്കൂളുകളെ തന്നെ ഇതിലേക്ക് നയിക്കുന്നതാണ് ദേശീയതലത്തില ഇപ്പോൾ അംഗീകരിച്ച പാഠ്യപദ്ധതി. സർവകലാശാലാ തലത്തിലേക്ക് വരുമ്പോൾ മറ്റെല്ലാ മേഖലകളെയും പിന്തള്ളി വേദ ഗവേഷണം മുന്നേറുകയാണ്. ബിരുദ വിദ്യാർഥികളുടെ ക്രഡിറ്റുകളിൽ ആയുർവേദം, ധനുർവേദം, ഗന്ധർവവേദം, പുരാണം, മീമാംസ, ജ്യോതിശാസ്ത്രം.... തുടങ്ങിയ ഇടംനേടിയിരിക്കുന്നു. ഇക്കാലത്ത് ഐ.എസ്.ആർ.ഒ അധ്യക്ഷ പദവിയിലെത്തുന്ന ആൾ ഇങ്ങനെ സംസാരിച്ചില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്.
ബീജഗണിതം, സ്ക്വയർ റൂട്ട്സ്, കാലഗണന, ശിൽപകല, വ്യോമയാനം തുടങ്ങിയ ശാസ്ത്ര മേഖലകളുടെയെല്ലാം ആദ്യ ചുവടുകൾ വേദങ്ങളിൽ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ഉജ്ജയിനിയിൽ പറഞ്ഞത്. കാളിദാസന്റെ മേഘസന്ദേശത്തിലെ യക്ഷന്റെ കാഴ്ചയിൽ ഉജ്ജ്വലമായ ഉജ്ജയിനിയിൽനിന്ന് ഭാവനകൾക്ക് ചിറക് രൂപപ്പെടുന്നതിൽ ആശ്ചര്യമേതുമില്ല. അതുപക്ഷേ, ശാസ്ത്രത്തിന്റെ ചെലവിലാകുമ്പോഴാണ് പ്രശ്നം. ഈ വേദ വിജ്ഞാനം അറബികളാണ് യൂറോപ്യന്മാരിലെത്തിച്ചതെന്നും പിന്നീടിത് യൂറോപ്യൻ വിജ്ഞാനമായി മാറിയെന്നും പറഞ്ഞത് ഇനി തിരുത്തേണ്ടിവരുമോ എന്നറിയില്ല. അറബികൾ മോഷ്ടിച്ചുവെന്നാവും തിരുത്ത്. സംസ്കൃത വ്യാകരണക്കാരനായ പാണിനിയുടെ പേരിലുള്ള വേദ സർവകലാശാലയിൽ സംസാരിക്കവേ സംസ്കൃതത്തെ എല്ലാ വിജ്ഞാനത്തിന്റെയും പ്രഭവകേന്ദ്രമായും അദ്ദേഹം വിശേഷിപ്പിച്ചു.
അബ്ദുൽ കലാമിനെ പോലെ സ്വപ്നങ്ങളെ കുറിച്ചാണ് സോമനാഥനും സംസാരിക്കുന്നത്. ഭൂമിയില്ലെങ്കിൽ ആകാശവും ശൂന്യാകാശവും മറ്റു ഗ്രഹങ്ങളുമില്ല. അതുകൊണ്ട് ആകാശങ്ങൾ സ്വപ്നം കാണുന്നത് ഭൂമിയിൽ നിലയുറപ്പിച്ചുകൊണ്ടാവണം എന്നതാണ് ചെയർമാന്റെ നിലപാട്.
എസ്.എസ്.എൽ.സി പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയതിനുള്ള സമ്മാനം വാങ്ങിക്കാനാണ് സോമനാഥ് ചേർത്തലയിൽനിന്ന് തിരുവനന്തപുരത്തേക്ക് ആദ്യമായി പോയത്. 1985ൽ ആദ്യ പി.എസ്.എൽ.വി റോക്കറ്റിന്റെ നിർമാണത്തിൽ പങ്കാളികളാകാൻ ഐ.എസ്.ആർ.ഒ തിരഞ്ഞെടുത്ത വിദ്യാർഥികളിലൊരാളായിരുന്നു കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥിയായ സോമനാഥ്. കോളജിലെ അവസാനവർഷ വിദ്യാർഥികളായ പി. സുരേഷ് ബാബു, വി.പി ജോയ്, ജെയിംസ് കെ. ജോർജ്, ഷാജി ചെറിയാൻ എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് അന്ന് ഐ.എസ്.ആർ.ഒയുടെ വലിയമല കേന്ദ്രത്തിലെത്തിയത്. ഇവരിൽ ജെയിംസും ഷാജിയും സോമനാഥിന്റെ സഹപ്രവർത്തകരായി. വി.പി ജോയിയും സുരേഷ് ബാബുവും ഐ.എ.എസിലെത്തി. ജോയി കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി.
പി.എസ്.എൽ.വി വികസനത്തിന്റെ ആദ്യകാലത്താണ് ഇദ്ദേഹം ഐ.എസ്.ആർ.ഒയിൽ എത്തുന്നത്. തുടർന്ന് പി.എസ്.എൽ.വി സംയോജനസംഘത്തിന്റെ തലവനായി. 2015ൽ എൽ.പി.എസ്.സി ഡയരക്ടറും. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എൻജിനീയറിങ്ങിൽ വിദഗ്ധനായ സോമനാഥ്, പി.എസ്.എൽ.വിയുടെയും ജി.എസ്.എൽ.വിമാർക്ക് മൂന്നിന്റെയും രൂപകൽപന, പ്രൊപ്പൽഷൻ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ഐ.എസ്.ആർ.ഒയിൽനിന്ന് അവധിയെടുത്തായിരുന്നു ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പഠനം. എയ്റോ സ്പേസ് എൻജിനീയറിങ്ങിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി. ബഹിരാകാശ വാഹനങ്ങൾ പുനരുപയോഗിക്കുന്ന പരീക്ഷണത്തിൽ മുന്നോട്ടുപോയ ഐ.എസ്.ആർ.ഒ 2030ഓടെ ബഹിരാകാശ ടൂറിസത്തിലേക്ക് കടക്കും. 15 മിനുട്ട് ബഹിരാകാശ യാത്ര നടത്താൻ ആറുകോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."