സഊദിയിൽ രണ്ട് ബഹ്‌റൈൻ പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കി
റിയാദ്: തീവ്രവാദക്കേസിൽ സഊദി അറേബ്യയിൽ രണ്ട് ബഹ്‌റൈൻ പൗരമാരുടെ വധശിക്ഷ നടപ്പാക്കി. സഊദിക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ തീവ്രവാദ സെല്ലിൽ ചേർന്ന് പ്രവർത്തിച്ച രണ്ട് ബഹ്‌റൈൻ പൗരന്മാരെയാണ് തിങ്കളാഴ്ച വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈൻ പൗരന്മാരായ ജാഫർ മുഹമ്മദ് അലി മുഹമ്മദ് ജുമാ സുൽത്താൻ, സദീക് മാജിദ് അബ്ദുൽറഹീം ഇബ്രാഹിം താമർ എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സഊദി അറേബ്യയെയും ബഹ്‌റൈനെയും അസ്ഥിരപ്പെടുത്തുക, രാജ്യത്ത് ഒളിവിലുള്ള തീവ്രവാദികളുമായി പ്രവർത്തിക്കുക, അപകടകരമായ ആയുധങ്ങൾ കടത്തുകയും സൂക്ഷിക്കുകയും ചെയ്യുക, ഇരു രാജ്യങ്ങൾക്കും നേരെ ആക്രമണം ആസൂത്രണം ചെയ്യുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിൽ ഇവർ പങ്കാളികളാണ്.
ഇവരുടെ കേസ് പ്രത്യേക ക്രിമിനൽ കോടതിക്ക് കൈമാറുകയും വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. സഊദി അറേബ്യയുടെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾക്ക് തക്കതായ കടുത്ത ശിക്ഷ നൽകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."