രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് നിയന്ത്രണം ; കാണ്‍പൂരില്‍ 50കാരി റോഡില്‍ മരിച്ചു
ലഖ്‌നൗ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ട്രാഫിക് നിയന്ത്രണങ്ങളെ തുടര്‍ന്ന് കാണ്‍പൂരില്‍ 50കാരി മരിച്ചു. ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ പ്രാദേശിക ഘടകം വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ കൂടിയായ വന്ദനാ മിശ്രയാണ് മരിച്ചത്.
കടുത്ത ഛര്‍ദിയടക്കമുള്ള പ്രയാസങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട വന്ദനാ മിശ്ര ഗതാഗതനിയന്ത്രണങ്ങളെ തുടര്‍ന്ന് വഴിയില്‍ക്കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊവിഡാനന്തര രോഗങ്ങള്‍ക്കുള്ള ചികിത്സയിലായിരുന്നു വന്ദന.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലിസ് മാപ്പുപറഞ്ഞു. രാഷ്ട്രപതി തന്നെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും പൊലിസ് അറിയിച്ചു. സംഭവത്തില്‍ വന്ദനയുടെ കുടുംബത്തോട് മാപ്പു ചോദിക്കുന്നതായി കാണ്‍പൂര്‍ പൊലിസ് കമ്മിഷണറേറ്റ് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കാണ്‍പൂര്‍ ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ജി.ടി.എസ് മൂര്‍ത്തി പറഞ്ഞു. വന്ദനയുടെ വീട്ടില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് വന്ദന ഒരു തവണ ചികിത്സ തേടിയിരുന്നു. രാത്രി രോഗം കലശലായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കാണ്‍പൂര്‍ പൊലിസ് നഗരത്തില്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."