റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഗൂഗിള്‍ പേ ഇടപാടുകള്‍ നടത്താം; എങ്ങനെയെന്നല്ലേ…
റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഗൂഗിള്‍ പേ ഇടപാടുകള്‍ നടത്താം; എങ്ങനെയെന്നല്ലേ
യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനദാതാക്കളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുഗമമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തീരുമാനിച്ചു. റുപേ ക്രെഡിറ്റ് കാര്‍ഡും യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടര്‍ന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ നീക്കം. നിലവില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ മാത്രമാണ് ഈ സേവനം.
ഇടപാടുകാര്‍ക്ക് അവരുടെ റൂപേ ക്രെഡിറ്റ് കാര്‍ഡ് ഗൂഗിള്‍ പേയുമായി ബന്ധിപ്പിച്ചശേഷം എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ഇടപാടുകളും ഇതുവഴി നടത്താം. റൂപേ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അംഗീകരിക്കുന്ന എല്ലാ ഇടപാടുകള്‍ക്കും ഇവ ഉപയോഗിക്കാം.
ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയില്‍ റൂപേ ക്രെഡിറ്റ് കാര്‍ഡ് ഗൂഗിള്‍ പേ സൗകര്യം ലഭ്യമാണ്. ഇതോടെ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ ഓപ്ഷനും ലഭിക്കുന്നു.
മിക്ക പേയ്‌മെന്റ് ആപ്പുകളും പോലെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്പായ ഗൂഗിര്‍ പേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റിനെ മാത്രമേ പിന്തുണയ്ക്കൂ. പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ റുപേ ക്രെഡിറ്റ് കാര്‍ഡ് ചേര്‍ക്കാനും രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ക്ക് പരിധികളില്ലാതെ പണമിടപാടുകള്‍ നടത്താനും കഴിയും. നിലവില്‍, ഗൂഗിള്‍ പേയിലേക്കോ ഇന്ത്യയിലെ മറ്റേതെങ്കിലും യുപിഐ പേയ്‌മെന്റ് ആപ്പിലേക്കോ വിസ, മാസ്റ്റര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാന്‍ കഴിയില്ല.
റുപേ ക്രെഡിറ്റ് കാര്‍ഡ് ഗൂഗിര്‍ പേയിലേക്ക് എങ്ങനെ ചേര്‍ക്കാം?
ഗൂഗിള്‍ പേ തുറന്ന് സെറ്റിങ്‌സിലേക്ക് പോകുക
സെറ്റപ്പ് പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് Add RuPay ക്രെഡിറ്റ് കാര്‍ഡ് ക്ലിക്ക് ചെയ്യുക
ക്രെഡിറ്റ് കാര്‍ഡിന്റെ അവസാന ആറ് അക്കങ്ങള്‍, കാലഹരണപ്പെടുന്ന തീയതി, പിന്‍ എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കുക, ഒടിപി ഉപയോഗിച്ച് അത് പ്രാമാണീകരിക്കുക. എന്റര്‍ ചെയ്തുകഴിഞ്ഞാല്‍ സാധാരണ പോലെ ഇടപാടുകള്‍ നടത്താം.
ഏതെങ്കിലും യുപിഐ വെണ്ടര്‍ക്ക് പേയ്‌മെന്റ് നടത്തുമ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു റുപേ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാം, അത് ബാര്‍കോഡ് സ്‌കാന്‍ ചെയ്‌തോ അല്ലെങ്കില്‍ യുപിഐ ഐഡിയോ ഉപയോക്താവിന്റെ ഫോണ്‍ നമ്പറോ നല്‍കിയോ ചെയ്യാം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ് ഫോമുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 8.7 ബില്യണ്‍ ഇടപാടുകള്‍ യുപിഐ വഴി നടന്നിട്ടുണ്ട്.
ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാര്‍ അവരുടെ ദൈനംദിന ഇടപാടുകള്‍ക്കായി യു.പി.ഐ ഉപയോഗിക്കുന്നുണ്ട്. കൂടാതെ അഞ്ച് കോടിയിലധികം വ്യാപാരികളും യു.പി.ഐ ഉപയോഗിക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ബാങ്കുകള്‍ തമ്മില്‍ ഇടപാടുകള്‍ സുഗമമാക്കാനും ഇന്‍സ്റ്റന്റ് പേയ്‌മെന്റ് പ്രോസസ്സിംഗിനായും ജനങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റഫെയ്‌സ് അഥവാ യു.പി.ഐ. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( NPCI)യാണ് ഇത് വികസിപ്പിച്ചെടുത്തത്. പുതിയ തീരുമാനത്തിലൂടെ ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍.
google-pay-now-supports-upi-payments-using-rupay-credit-cards
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."