ബംഗാള്‍ ഗവര്‍ണര്‍ക്കെതിരേ പോരുമുറുക്കി മമത
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ ഗവര്‍ണറും ബി.ജെ.പി നേതാവുമായ ജഗ്ദീപ് ദങ്കറിനെതിരേ പോരുമുറുക്കി മുഖ്യമന്ത്രി മമതാബാനര്‍ജി. തലവേദനസൃഷ്ടിക്കുന്ന ഗവര്‍ണര്‍ക്കെതിരേ സാധ്യമായ എല്ലാ വഴിയും സ്വീകരിക്കാനാണ് തീരുമാനം. അടുത്തമാസം രണ്ടിന് നിയമസഭ തുടങ്ങുമ്പോള്‍ ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കുന്നതടക്കമുള്ള നീക്കങ്ങളും ആലോചിക്കുന്നു. ഗവര്‍ണറില്‍ അവിശ്വാസം രേഖപ്പെടുത്തി, ആ പദവിയില്‍ നിന്ന് നീക്കണമെന്ന് കേന്ദ്രത്തിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടും.
തെരഞ്ഞെടുപ്പിനുമുന്പ് തന്നെ ബംഗാള്‍ സര്‍ക്കാരുമായി അസ്വാരസ്യത്തിലായിരുന്നു ഗവര്‍ണര്‍. തൃണമൂല്‍ അധികാരത്തിലേറിയതോടെ ബന്ധം കൂടുതല്‍ വഷളായി. ബംഗാളിലെ അക്രമ വിവരങ്ങള്‍ അറിയാന്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചതടക്കമുള്ള സംഭവങ്ങള്‍ സ്ഥിതി രൂക്ഷമാക്കി. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നെന്നും രാഷ്ട്രപതിഭരണം വേണമെന്നും ഗവര്‍ണര്‍ കേന്ദ്രത്തിന് കത്തും നല്കി. നിയമസഭ പാസാക്കിയിട്ടും ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരേ ഭരണസ്തംഭനം ഉയര്‍ത്തി നിയമപരമായി നീങ്ങാനും തൃണമൂല്‍ ആലോചിക്കുന്നു.
ഈ പോരാട്ടത്തിന് ഇടതുപക്ഷം പിന്തുണ നല്‍കിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ ഗവര്‍ണര്‍ അടുത്തിടെ ഡല്‍ഹിയിലെത്തി കണ്ടു.
സംസ്ഥാനത്തെ വിഷയങ്ങളില്‍ ഇത്തരത്തിലുള്ള 'ആവേശം' ഗവര്‍ണര്‍മാരില്‍ അപൂര്‍വസംഭവമാണ്. അമിത് ഷായെ കണ്ടതിനു തൊട്ടുപിന്നാലെ പ്രത്യേക കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ലക്ഷ്യമിടുന്ന വടക്കന്‍ ബംഗാള്‍ സന്ദര്‍ശിച്ച ഗവര്‍ണറുടെ നടപടിയും ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."