ലോക്ക്ഡൗണ്‍ ഇളവും ഡെല്‍റ്റ പ്ലസും; രണ്ടാം തരംഗം അവസാനിക്കുംമുന്‍പ് വൈറസ് വ്യാപനം കൂടുമെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളും ഇതിനിടെ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദവും ശക്തമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുന്‍പുതന്നെ കേരളത്തില്‍ കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നേരത്തേ നടന്ന സിറോസര്‍വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ചുശതമാനം പേരില്‍ മാത്രമാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇനിയും ബാധിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതല്‍. ഇതോടൊപ്പം തീവ്രവകഭേദങ്ങള്‍ കണ്ടെത്താനെടുക്കുന്ന കാലതാമസവും വെല്ലുവിളിയാണ്. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഡെല്‍റ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വകഭേദങ്ങളെ കുറിച്ചുള്ള പഠനം തുടങ്ങിയെങ്കിലും സാംപിളുകള്‍ ലഭിക്കുന്നതിലെ പ്രതിസന്ധി തിരിച്ചടിയാവുകയാണ്.വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസമാണ് സംസ്ഥാനം ജനിതക ശ്രേണീകരണ പഠനം തുടങ്ങിയത്.
തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റൂട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് നിലവില്‍ സംവിധാനമുള്ളത്. എന്നാല്‍ സ്ഥിരീകരിച്ച മൂന്ന് ഡെല്‍റ്റ പ്ലസ് കേസുകളുടെയും ഫലം ലഭിച്ചത് ഡല്‍ഹിയിലയച്ച സാംപിളുകളില്‍ നിന്നാണ്. ഡല്‍ഹിയില്‍നിന്ന് ഫലം ലഭിക്കുന്നതാകട്ടെ സാംപിളുകള്‍ നല്‍കി ഏറെ വൈകിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."