സഞ്ചാരികള്‍ കാണുന്ന ചൈന
നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട്
അയല്‍ രാജ്യമാണെങ്കിലും ചൈനയെക്കുറിച്ച് നമ്മുടെ അറിവുകള്‍ പരിമിതവും അതേസമയം പരിഭ്രമം ജനിപ്പിക്കുന്നതുമാണ്. സോവിയറ്റ് റഷ്യയുടെ പതനത്തിനുശേഷം അവശേഷിക്കുന്ന ചുരുക്കം കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഒന്നായ ചൈനയെക്കുറിച്ച് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രക്കാര്‍ക്കും പഴയ മതിപ്പില്ല. നാട്ടിലെ ഫേസ്ബുക്ക്, വാട്‌സാപ്പ് , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് പോലുള്ള നവമാധ്യമങ്ങള്‍ ചൈനയില്‍ വിലക്കപ്പെട്ടതിനാല്‍ ആ വഴിക്കും ചൈനക്കാരുമായി ഇടപഴകാന്‍ അവസരങ്ങളില്ല. അതിനാല്‍തന്നെ ചൈനയിലേക്ക് യാത്ര തിരിക്കുന്ന ഒരു സഞ്ചാരിക്ക് ആദ്യം ഉള്ളിലൂടെ പായുന്ന വേവലാതി പുറംലോകവുമായുള്ള സമ്പര്‍ക്കം എങ്ങനെ നിലനിർത്തും എന്നതുതന്നെയായിരിക്കും. ഒരു തുറന്ന വലിയ ജയിലിലേക്കാണ് പോവുന്നതെന്ന ചിന്ത എന്നെയും അസ്വസ്ഥതയോടെ പിടികൂടിയിരുന്നു.
ബിസിനസ് ആവശ്യാര്‍ഥം ഞങ്ങൾ ആറുപേര്‍ ചൈനയില്‍ ചെന്നിറങ്ങിയത് വിശുദ്ധ റമദാനിന്റെ രാപ്പകലുകളിലാണ്. ചൈനയിലെ അതിപ്രധാനമായ തുറമുഖ പട്ടണമായ ഗോങ് ചൗ വിസ്തൃതികൊണ്ടും അടിസ്ഥാന സൗകര്യങ്ങള്‍കൊണ്ടും മഹാനഗരം തന്നെയാണ്. ലോകത്തിലെ ഏത് മഹാനഗരങ്ങളോടും കിടപിടിക്കുന്ന, വളരെ കൃത്യവും സൂക്ഷ്മവുമായി നഗരാസൂത്രണം പൂര്‍ത്തിയാക്കപ്പെട്ട ഈ നഗരത്തിലാണ് ലോക പ്രശസ്ത വ്യാപാരമേളയായ കാന്റണ്‍ ഫെയര്‍ നടക്കുന്നത്. വര്‍ഷാ വര്‍ഷവും ഇടതടവില്ലാതെ നടക്കുന്ന ഇവിടുത്തെ മേളകള്‍ ലോകത്തൊരു രാജ്യത്തിനും സംഘടിപ്പിക്കാനോ സജ്ജീകരിക്കാനോ കഴിയാത്ത വിധം വലുതാണെന്ന് അവിടെ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ സാക്ഷ്യം പറയും. മേളയ്ക്കകത്തുകൂടി ശരാശരി പ്രതിദിനം പത്തു കിലോമീറ്റർ നടന്നിട്ടുപോലും നാലുദിവസം കൊണ്ട് മേള പൂർണമായും കണ്ടു പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയായിരുന്നു മടക്കം. ചൈനയെന്ന രാജ്യം ലോകത്തിന്റെ വ്യാപാര ഭൂപടത്തില്‍ എത്രത്തോളം മുന്നേറിക്കഴിഞ്ഞിരിക്കുന്നു എന്ന കാര്യം അത്ഭുതത്തോടെ അംഗീകരിക്കുക തന്നെ ചെയ്യും.
വഴിയോരം തണല്‍ വിരിച്ചുനില്‍ക്കുന്ന അധികം ഉയരമില്ലാത്ത മരങ്ങള്‍ തന്നെയാണ് ചൈനയിലെ ഒരു യാത്രികന്റെ ശ്രദ്ധയെ ആദ്യം ആകര്‍ഷിക്കുക. ഇത്രയധികം തണല്‍മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും, ഒരിലപോലും വീണു അഴുകി തെരുവ് വൃത്തിഹീനമായി കാണുന്നില്ലല്ലോ എന്നത് ആരെയും അത്ഭുതപ്പെടുത്തും. ശാസ്ത്രീയ രീതിയിലുള്ള മാലിന്യ നിർമാർജനവും നഗര സൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയ്ക്കും മറ്റൊരു തെളിവും ആവശ്യമില്ല തന്നെ.
ഈ മഹാ നഗരത്തെ മനോഹരമാക്കുന്ന മറ്റൊന്നാണ് മസ്ജിദ് സഅദ്ബ്‌നു അബീ വഖാസ് എന്ന പള്ളി. നഗര മധ്യത്തില്‍ ഏക്കർകണക്കിന് ചെറുകാട് നില നിർത്തി അതിന്റെ ഉള്ളിലാണ് ഈ പ്രസിദ്ധമായ പള്ളി നിലകൊള്ളുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രസിദ്ധനായ സ്വഹാബിവര്യന്‍ സഅദ് ബ്‌നു അബീവഖാസ് എന്നവര്‍ ഇവിടെയാണ് അന്ത്യ വിശ്രമം കൊള്ളുന്നത് എന്നാണ് ചൈനയിലെ മുസ്‌ലിംകളുടെ ചരിത്രം പറയുന്നത്. മദീനയിലെ ജന്നത്തുല്‍ ബഖീഇലാണ് അദ്ദേഹത്തെ മറവുചെയ്തത് എന്ന സുപരിചിത ഇസ്‌ലാമിക ചരിത്രത്തിന് വിരുദ്ധമാണ് ഈ പ്രാദേശിക ചരിത്രമെങ്കിലും ചരിത്രത്തിന്റെ ഈ മറുപുറം പൂർണമായും അവഗണിച്ചുപോവരുത്. അദ്ദേഹത്തിന്റെ പേരെഴുതി വയ്ക്കപ്പെട്ട മനോഹര മസ്ജിദ് ചൈനീസ് വാസ്തുവിദ്യയുടെ മകുടോദാഹരണം കൂടിയാണ്. അദ്ദേഹത്തിന്റെ ഖബര്‍ എന്ന അവകാശവാദത്തോടെ ഒരു മഖ്ബറയും അതിനോട് ചേര്‍ന്ന് നിലകൊള്ളുന്നുണ്ട്. പ്രവാചകാനുചരനായ അദ്ദേഹം ഇസ്‌ലാം മത പ്രബോധനത്തിന്റെ ഭാഗമായി ചൈനയില്‍ വരികയും അവിടെ മരണപ്പെടുകയും ചെയ്തു എന്നാണ് പ്രാദേശിക വിശ്വാസം. അതെന്തുമാവട്ടെ, അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ പള്ളിയുടെ നിർമാണം നടന്നിരിക്കുന്നത് ക്രിസ്താബ്ദം 627 നാണെന്ന് രേഖകള്‍ പറയുന്നു. അന്ന് തൊട്ടിന്നോളമുള്ള ചരിത്രത്തിന്റെ മുഴുവന്‍ ഗതിവിഗതികള്‍ക്കും കാലത്തിന്റെ സാക്ഷിയായി ഈ പള്ളി നിലനിന്നു പോന്നിട്ടുണ്ട്. സദാ സമയവും പട്ടാളം കാവല്‍ നില്‍ക്കുന്ന മസ്ജിദിലെ ഇമാം ചൈനീസ് വംശജനാണെങ്കിലും നല്ല സ്ഫുടം ചെയ്‌തെടുത്ത അറബി ഭാഷയിലുള്ള ജുമുഅ ഖുതുബ അവിടെയെത്തുന്നവര്‍ക്ക് സവിശേഷ അനുഭൂതി പകരുന്നുണ്ടെന്നു തീര്‍ച്ച.
നാനൂറിലധികം മലയാളികള്‍ ഈ ഗോങ് ചൗ മഹാനഗരത്തില്‍ തന്നെയുണ്ടെന്ന് അറിയാനിടയായി. ചെന്നെത്തുന്ന ഏത് നാട്ടിലും മലയാളി അവരുടെ കൈമുദ്ര പതിപ്പിക്കാറുണ്ട് എന്നതുപോലെ ഇവിടെയും മലയാളി കൂട്ടായ്മകളും അവരുടെ ഒത്തുചേരലുകളും മുറപോലെ നടക്കുന്നുണ്ട്. സകുടുംബം ചൈനയില്‍ വര്‍ഷങ്ങളായി കഴിയുന്ന മലയാളികളും ഒട്ടും കുറവല്ല. പ്രവാസം ജീവിതോപാധിയാക്കിയ മലയാളിള്‍ക്ക് ചൈനയും മറ്റൊരു പ്രവാസി ഭൂമികയാണിന്ന്.
അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങള്‍
2023ലെ കണക്കനുസരിച്ച് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ മെട്രോ സംവിധാനങ്ങളുള്ള രാജ്യമാണ് ചൈന. ഇവിടെ 47 മെട്രോ സിസ്റ്റങ്ങളാണെങ്കില്‍ അമേരിക്കയില്‍ പോലും 15 മെട്രോ സംവിധാനങ്ങള്‍ മാത്രമേയുള്ളൂ. ഭൂഗര്‍ഭ മെട്രോ ലൈനുകളാണ് ഓരോ ചൈനീസ് നഗരങ്ങളുടെയും പ്രത്യേകത. നഗരജീവിതത്തെ തെല്ലും അലോസരപ്പെടുത്താതെ കിലോമീറ്ററുകളോളം മെട്രോ സർവിസുകള്‍ സംവിധാനം ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് ചൈന. ഭൂമിക്കടിയില്‍ മറ്റൊരു ലോകമാണ് എന്നുതന്നെ പറയാം. യാത്രക്കാര്‍ക്ക് തന്നെ കിയോസ്‌ക്ക് ഉപയോഗിച്ച് രണ്ടു സ്റ്റേഷനുകള്‍ തെരഞ്ഞെടുത്ത് താല്‍ക്കാലിക ടോക്കണ്‍ എടുത്തു കയറാം. റേഡിയോ ഫ്രീക്വന്‍സി വച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക തരം പ്ലാസ്റ്റിക് ടോക്കണുകള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയാല്‍ ആക്‌സസ് ഡോറുകള്‍ക്ക് സമീപം നിക്ഷേപിക്കണമെന്നു മാത്രം. 803 കിലോമീറ്റര്‍ നീളമുള്ള ഷാങ്ഹായ് മെട്രോ ലൈന്‍ ലോകത്തിലെ ഏറ്റവും നീളമേറിയ മെട്രോ ലൈ നാണ്. രണ്ടാം സ്ഥാനം ചൈനയില്‍ തന്നെയുള്ള ബെയ്ജിങ് മെട്രോ ലൈനിനാണ് .
റോഡുകളുടെ കാര്യത്തില്‍ എടുത്തു പറയേണ്ടത് റോഡ് ബ്രിഡ്ജുകളാണ് . ചെറു പട്ടണങ്ങളുടെയും പ്രാന്ത പ്രദേശങ്ങളുടെയും മുകളിലൂടെ നീണ്ടുപോകുന്ന പാലങ്ങള്‍ പോലുള്ള നീളമുള്ള റോഡുകള്‍ ട്രാഫിക്കിന് പരിഹാരമാണ്. നമ്മുടെ പട്ടണങ്ങളില്‍ കാണും വിധമുള്ള ചെറിയ ബ്രിഡ്ജല്ല, 164 കിലോമീറ്ററുകള്‍ വരെ നീളമുള്ള റോഡ് ബ്രിഡ്ജുകള്‍ ഇതിനകം ഉപയോഗത്തിലുണ്ട് എന്നറിയുമ്പോഴാണ് ചൈനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വലുപ്പം മനസിലാവുക. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ബ്രിഡ്ജിനു പോലും 6 കിലോമീറ്റര്‍ നീളമേയുള്ളൂ എന്നുകൂടി അറിയേണ്ടതുണ്ട്. വിദൂരത്തുള്ള രണ്ടു നഗരങ്ങളെ വരെ ഇങ്ങനെ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ മറി കടന്ന് നിർമിക്കപ്പെട്ട ഈ റോഡുകള്‍ ഒരു ആകാശ യാത്രയുടെ അനുഭവമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. വളവും തിരിവും കുണ്ടും കുഴിയുമില്ലാതെ നീണ്ടു പരന്നു കിടക്കുന്ന റോഡുകള്‍ ചൈനയെ അതിവേഗം മുന്നോട്ട് ചലിപ്പിക്കുന്നു.
ഏറെ ശ്രദ്ധിച്ച മറ്റൊരു കാര്യം, ഇരുചക്ര വാഹനങ്ങളുടെ ഇരമ്പം തീരെയില്ല എന്നതാണ്. ചൈനക്കാരുടെ ശരീര പ്രകൃതിയോടിണങ്ങുന്ന ഇടത്തരം ഇരുചക്ര വാഹനങ്ങള്‍ അവയ്ക്ക് വേണ്ടി പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗത്തുകൂടി ഏതാണ്ട് നിശബ്ദമായി തന്നെ അതികം വേഗതയില്ലാതെ നീങ്ങുന്നു. നമ്മുടെ നാട്ടിലെ പോലെ റോഡിലെ ഇരുചക്ര വാഹനങ്ങളിലെ അഭ്യാസങ്ങള്‍ ഇവിടെ നടക്കുന്നില്ല. അതിനു പറ്റിയ ബൈക്കുകളും കണ്ടില്ല. ആവശ്യക്കാര്‍ക്ക് എടുത്തുപയോഗിക്കാവുന്ന ഈ ഇരുചക്ര വാഹനങ്ങള്‍ റോഡരികില്‍ അവയ്ക്കു വേണ്ടി അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്ന് എടുക്കുകയും എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ നിര്‍ണിത സ്ഥലങ്ങളില്‍ നിർത്തിയിട്ടുപോരുകയും ചെയ്യുന്ന മറ്റൊരു രീതിയും കാണാനായി. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഈ ഉപയോഗത്തിനുള്ള നിസാര വാടക ഈടാക്കുന്നത്. ഓരോ വീടിലും രണ്ടും മൂന്നും ഇരുചക്ര വാഹനങ്ങള്‍ വാങ്ങിക്കൂട്ടി റോഡ് ട്രാഫിക്ക് കൂട്ടുന്ന നമുക്ക് ഇത് അനുകരണീയ മാതൃകയാണ്.
ലോകത്തിന്റെ ഫാക്ടറി
ചൈനയുടെ ഉൽപന്നങ്ങള്‍ ഉപയോഗിക്കാത്തവരുണ്ടാവില്ല തന്നെ. നാമിന്ന് ഉപയോഗിക്കുന്ന ബ്രാന്‍ഡുകളില്‍ പലതും നിർമാണം കഴിഞ്ഞു വരുന്നത് ചൈനയില്‍ നിന്നാണ്. പ്രകൃതി കനിഞ്ഞു നല്‍കിയ വിഭവങ്ങളും വലിയ മാനവശേഷിയും ചൈനയുടെ ഉൽപാദന മേഖലയുടെ കരുത്താണ്. എന്നാല്‍ അതിനെല്ലാമുപരി അവരുടെ അധ്വാന ശീലം തന്നെയാണ് ഈ വലിയ മുന്നേറ്റത്തിന് പുറകിലുള്ളത് എന്ന് നിസ്സംശയം പറയാം. ഒരു യാത്രയ്ക്കിടെ നിങ്ങളുടെ ഈ ഉൽപാദന മികവിന്റെ രഹസ്യമെന്താണ് എന്ന ചോദ്യത്തിന് ഒരു ചൈനക്കാരന്‍ വീണുകിടക്കുന്ന ഒരു ചെറു മരം ചൂണ്ടിക്കാണിച്ച് എന്നോട് ചോദിച്ചു: 'നിങ്ങള്‍ ആ മരം കൊണ്ടെന്ത് ചെയ്യും'. കാര്യമായ ഒരു ഉപയോഗവും തോന്നിക്കാത്ത ഒരു ചെറിയ മരമായതിനാല്‍ ഞാന്‍ പറഞ്ഞു: 'ചെറിയ കഷ്ണങ്ങളാക്കി വിറകായി ഉപയോഗിക്കാം'. അയാള്‍ ചിരിച്ചു. തനിക്ക് ആ മരം കിട്ടിയാല്‍ താനതില്‍ നിന്ന് കുറച്ചു ക്രിക്കറ്റ് ബാറ്റുകള്‍ ഉണ്ടാക്കുമെന്നും അതിന്റെ മൂല്യം വെറുതെ കത്തിച്ചു കളയുന്നതിനേക്കാള്‍ വളരെയധികം കൂടുതലാണെന്നും അയാള്‍ പറയുകയുണ്ടായി. അവരുടെയും നമ്മുടെയും കാഴ്ചപ്പാടില്‍ തന്നെ വലിയ വ്യത്യാസമുണ്ട്.
നമ്മുടെ നാട്ടിലെ പോലെയല്ല, തൊഴില്‍ ചെയ്യുക എന്നത് എല്ലാവരിലും അന്തര്‍ലീനമായി കിടക്കുന്ന ഒരു സംസ്‌കാരമാണ് ചൈനയില്‍. കുറച്ചു പേര്‍ തൊഴില്‍ ചെയ്യുകയും അതിന്റെ നാലിരട്ടി സമൂഹം അവരുടെ ആശ്രിതരായി ജീവിക്കുകയും ചെയ്യുന്ന നമ്മുടെ തൊഴില്‍ സംസ്കാരത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് ഈ തൊഴില്‍ സംസ്കാരം. ജന സംഖ്യയിലെ 70 ശതമാനത്തില്‍ അധികവും തൊഴില്‍ ചെയ്യുന്ന ചൈനക്കാരും അതിന്റെ പകുതിയോ അതില്‍ താഴെയോ ആളുകള്‍ മാത്രം തൊഴില്‍ ചെയ്യുന്ന നമ്മളും തമ്മില്‍ ബഹുദൂരം അകലമുണ്ട് എന്ന് ചുരുക്കം. തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരെല്ലാം അതിരാവിലെ കൃത്യമായി ജോലിക്ക് പോവുകയും വൈകുന്നേരങ്ങളില്‍ തിരിച്ചുവരികയും ചെയ്യുന്ന ഒരു തൊഴില്‍ സംവിധാനം ചൈനയുടെ ഉൽപാദന മേഖലയുടെ മുതൽക്കൂട്ടാണ്. തൊഴില്‍ ചെയ്യേണ്ട സമയത്ത് നമ്മുടെ ടൗണുകളില്‍ കാണുന്നത് പോലെ യുവാക്കളുടെ ചുറ്റിക്കറങ്ങലുകള്‍ തീരെയില്ല എന്നു തന്നെ പറയാം.
നവമാധ്യമങ്ങള്‍ക്ക് ബദലുകള്‍
നമ്മുടെ നിത്യജീവിതത്തില്‍ നാമുപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളല്ല ചൈനക്കാരുടെ സോഷ്യല്‍ മീഡിയകള്‍. യൂട്യൂബിന് പകരം യൂകു, വാട്‌സാപ്പിന് പകരം വീ ചാറ്റ്, ട്വിറ്ററിന് പകരം വീബോ തുടങ്ങിയ ബദല്‍ മാധ്യമങ്ങളില്‍ സജീവമാണ് ചൈനയിൽ. നമ്മുടെ പ്ലാറ്റ്ഫോമുകളില്‍ അവരെ കാണാത്തത് അവയൊക്കെയും പുറമെ നിന്നുള്ള സാംസ്‌കാരിക , രാഷ്ട്രീയ സ്വാധീനങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ചൈനീസ് ഭരണകൂടം വിലക്കിയതു കൊണ്ടാണ്. വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി ആലിബാബയും വീ ചാറ്റും ഉപയോഗിച്ച് അവര്‍ വിദേശികളുമായി ആശയവിനിമയം നടത്തുന്നു. സെന്‍സര്‍ ചെയ്തു കിട്ടുന്ന വാര്‍ത്തകളില്‍ പരിമിതപ്പെട്ട അവരുടെ വാര്‍ത്താ സ്രോതസുകളും അവരുടെ രാജ്യത്ത് മാത്രം പ്രചാരത്തിലുള്ള ബദല്‍ സാമൂഹിക മാധ്യമങ്ങളും ആശ്രയിക്കുന്ന ഒരു ജനത ഒരു വലിയ ഇരുമ്പു മറക്കുള്ളിലാണെന്ന് പുറമെ നിന്നുള്ളവര്‍ക്ക് തോന്നുന്നതില്‍ അത്ഭുതമില്ല. പക്ഷേ ഫേസ്ബുക്ക് , ഗൂഗിള്‍ പോലുള്ള കുത്തക ഭീമന്മാര്‍ക്ക് ചൈനയില്‍ നിന്നൊന്നും ചോര്‍ത്താന്‍ സാധിക്കില്ല എന്നത് സത്യം. ഗൂഗിള്‍ മാപ്പിനു പോലും അതിനോളം തന്നെ മികച്ച ബദലുകളുണ്ട്.
ലോകം കീഴടക്കുന്ന ചൈനീസ് കാറുകള്‍
ചൈനയിലെ റോഡുകളില്‍ കാണുന്ന കാറുകളില്‍ അധികവും നാം സാധാരണ കാണുന്ന ജപ്പാന്‍ , അമേരിക്കന്‍ , ജര്‍മ്മന്‍ കാറുകളേയല്ല. ചൈനീസ് കമ്പനികള്‍ തദ്ദേശീയമായി നിർമിക്കുന്ന കാറുകളാണ് ചൈനയില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. രൂപ ഭംഗിയിലും ഗുണ മേന്മയിലും ലോകോത്തര ബ്രാൻഡുകളെ വെല്ലുന്ന കാറുകള്‍ ചൈനയിലെ കമ്പനികള്‍ ഇതിനകം ലോക വിപണിയിലേക്ക് എത്തിച്ചിട്ടുണ്ട്. അമേരിക്കയെ മറികടന്നു കൊണ്ട് ചൈനീസ് നിര്‍മ്മിത കാറുകള്‍ കയറ്റുമതിയില്‍ ഇപ്പോള്‍ തന്നെ രണ്ടാം സ്ഥാനത്താണ്. മിഡിലീസ്റ്റിലും ലാറ്റിന്‍ അമേരിക്കയിലും യൂറോപ്പിലും ഇതിനകം തന്നെ ചൈനീസ് കാറുകള്‍ വിപണി കൈയടക്കി കഴിഞ്ഞിരിക്കുന്നു. ചൈനീസ് നിർമിതമെന്നാല്‍ ഗുണ മേന്മയില്ലാത്തവയാണെന്ന നമ്മുടെ മുന്‍ധാരണകള്‍ തകിടം മറിയുന്നത് അവിടെയാണ്. ഒരു രാജ്യമെന്ന നിലയ്ക്ക് ഏതു മേഖലയില്‍ സ്വാശ്രയത്തം കൈവരിച്ച രാജ്യമായി ചൈന മാറിക്കഴിഞ്ഞ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് പറയാനുണ്ടാവുക.
മതസമൂഹം
ചൈന സന്ദര്‍ശിക്കുന്നവര്‍ക്കും ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കും റമദാന്‍ വ്രതം ഒരു പ്രയാസവുമില്ലാതെ അനുഷ്ഠിക്കാന്‍ സാധിക്കാറുണ്ട് എന്നാണനുഭവം. രാത്രികാലങ്ങളില്‍ മസ്ജിദുകള്‍ സജീവമാണ് . ഇഫ്താര്‍ തുറക്കാന്‍ തൊട്ടടുത്തുള്ള യമനി, സിറിയന്‍, ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ നല്ല തിരക്കാണ്. ഇക്കഴിഞ്ഞ റമദാനില്‍ കന്തൂറ ധാരിയായ, അറബി സംസാരിക്കുന്ന ഒരു ചൈനക്കാരനെ ഗോങ് ചൗവ്വില്‍ വച്ച് പരിചയപ്പെടാനും സാധിച്ചു. ചൈനക്കാരായ ധാരാളം മുസ്‌ലിംകളെ പള്ളികളില്‍ കണ്ടുമുട്ടുകയും ചെയ്തു. പൊതുവെ മത വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാത്ത ഭരണ കൂടമാണല്ലോ ചൈനയിലുള്ളത്. മറ്റേതൊരു കമ്യൂണിസ്റ്റ് ഭരണത്തിലുമെന്ന പോലെ ഒരു കാലത്ത് ഉരുക്കു മുഷ്ടിയുപയോഗിച്ച് ജനങ്ങളുടെ വിശ്വാസങ്ങളെ പിഴുതു കളയാനും പരിശ്രമങ്ങള്‍ വേണ്ടുവോളമുണ്ടായിട്ടുണ്ട് എന്നതൊക്കെ സത്യങ്ങളായി നിലനില്‍ക്കുമ്പോള്‍ തന്നെ ബുദ്ധ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ചര്‍ച്ചുകളും മുസ്‌ലിം പള്ളികളും പലയിടത്തും കാണാന്‍ സാധിക്കുകയും ചെയ്തു. സമാനതകളില്ലാത്ത മനുഷ്യാവകാശ വിഷയമാണെങ്കിലും ഉയിഗുര്‍ മുസ്‌ലിംകളുടെ പ്രശ്‌നം ഒരു പ്രാദേശിക വിഷയവും അതിലുപരി അതിന്റെ അടിസ്ഥാന കാരണം മതപരമെന്നതിനേക്കാള്‍ വംശീയവുമാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. അതവിടെ ഒതുങ്ങിനില്‍ക്കുകയും ചെയ്യുന്നു. മൊത്തം ചൈനയിലും അപ്രകാരമാണ് മുസ്‌ലിംകളുടെ കാര്യങ്ങള്‍ എന്ന പ്രചാരണം പ്രോപഗണ്ടയുടെ ഭാഗമായിരിക്കാനാണ് സാധ്യത.
കമ്യൂണിസമാവട്ടെ, ഒരു ഭരണകൂട സംവിധാനം മാത്രമായി ഒതുങ്ങിയിരിക്കുന്നു. പൂർണ ഉടമസ്ഥത ഭരണ കൂടം കൈയാളാതെ സ്റ്റേറ്റിന്റെ സ്ഥാപനങ്ങളുടെയും സ്വകാര്യ സംരഭങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ഇന്നത്തെ ചൈനീസ് എകണോമി. ഏതാണ്ട് പകുതിയോളംവരും ഇതില്‍ സ്വകാര്യ സംരംഭങ്ങള്‍. ആദ്യ കാലങ്ങളില്‍ സ്വകാര്യവൽക്കരണം അനുവദിക്കാതിരുന്ന ചൈനയില്‍ നയവ്യതിയാനം സംഭവിച്ചത് തൊണ്ണൂറുകളിലാണ് . കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ചൈനയുടെ മുന്നേറ്റത്തിന് പുറകില്‍ ഈ പോളിസി മാറ്റത്തിന്റെ പങ്ക് വളരെ വലുതാണ് താനും. ഇരുമ്പു മറക്കുള്ളില്‍ ശ്വാസംമുട്ടി ജീവിക്കുന്നവരുടെ ഒരു രാജ്യമാണ് ചൈന എന്ന മുന്‍ധാരണകളില്‍ കുടുങ്ങി, അതേ ശ്വാസംമുട്ടലോടെ അവിടേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അവിടെനിന്ന് മടങ്ങുമ്പോള്‍ പല ധാരണകളും തിരുത്തേണ്ടി വരുമെന്ന് തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."