ലഹരിവിരുദ്ധ യുദ്ധംവീട്ടകങ്ങളിൽ നിന്നാരംഭിക്കണം
വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ ലഹരിമാഫിയയുടെ പിടിത്തത്തിൽപ്പെടുമോ എന്ന പേടിയിൽ കഴിയുന്ന മാതാപിതാക്കളുടെ എണ്ണം ഏറുകയാണ്. ലഹരി തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ വിതുമ്പലുകൾ അയൽപക്കത്ത് മാത്രമല്ല, സ്വന്തം വീടുകളുടെ അകത്തളങ്ങളേയും അസ്വാസ്ഥ്യപ്പെടുത്തുന്ന കാലം ദൂരയല്ലെന്നാണ് വർത്തമാനകാല സംഭവങ്ങൾ വിളിച്ചുപറയുന്നത്. ഇതിന്റെ നേർസാക്ഷ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ സുപ്രഭാതം പ്രസിദ്ധീകരിച്ച 'രസംകൊല്ലും രാസലഹരി' എന്ന പരമ്പര. ലഹരിക്കടിമയായ മകനെ ഭയന്ന് വീട്ടിൽ കഴിയേണ്ടി വരുന്ന അമ്മമാരുടെ ജീവിതം, വീടിനു തീയിടുന്ന മകനു മുമ്പിൽ പകച്ചുനിൽക്കേണ്ടി വരുന്ന മാതാ പിതാക്കൾ, രക്ഷിതാക്കൾ ജോലിക്കു പോകുമ്പോൾ വീട്ടകം ലഹരി വിപണ കേന്ദ്രമാക്കുന്ന മക്കൾ, ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തുന്നവർ, ലഹരിക്കടിമയായ സഹോദരനെ പേടിച്ച് അതേവീട്ടിൽ കഴിയുന്ന സഹോദരി... ഇങ്ങനെ ലഹരിയെന്ന വലിയ സാമൂഹികവിപത്തിന്റെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളെ പരമ്പര ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിപത്തിനെതിരേയുള്ള ജനകീയ പോരാട്ടത്തിന് അലംഭാവം തുടരുന്ന പക്ഷം കേരളീയ യുവത്വം നൽകേണ്ടി വരുന്ന വില ചെറുതായിരിക്കില്ലെന്ന് ഓർമിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം ബിരുദ വിദ്യാർഥിനിയെ ലഹരി നൽകി ദിവസങ്ങൾ പീഡിപ്പിച്ച ശേഷം കോഴിക്കോട് താമരശേരി ചുരത്തിൽ ഉപേക്ഷിച്ചതായ വാർത്ത. കാറിൽ കയറ്റി എറണാകുളം അടക്കം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കപ്പെട്ട 18 കാരി വിദ്യാർഥിനി, നമ്മുടെ നാട്ടിൽ ആവർത്തിക്കപ്പെടുന്ന ലഹരി പരമ്പരയിലെ ചെറിയ അധ്യായം മാത്രമാണ്. കോളജിനു സമീപം പെയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു വിദ്യാർഥിനി.
വീട്ടിലേക്കെന്നു പറഞ്ഞ് സ്ഥലംവിട്ട പെൺകുട്ടിയെ കോളജിൽ നിന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിലെത്തിയില്ലെന്ന് അറിയുന്നത്. തുടർന്നാണ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ ഓരോ ദിവസവും സംസ്ഥാനത്തെ പൊലിസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. പുറത്തറിയാത്തത് അതിലേറെയാണ്. ലഹരിമാഫിയകളുടെ വലയിൽ അകപ്പെട്ട നിരവധി പെൺകുട്ടികൾ ഇനിയും രക്ഷപ്പെടാനാകാതെ കഴിയുന്നുണ്ടാവാം. അവരെ കണ്ടെത്തി എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് രക്ഷിതാക്കളുടെ മാത്രം കടമയല്ല, സമൂഹത്തിന്റേതുകൂടിയാണ്.
സംസ്ഥാനത്തെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥന്റെ രണ്ടു മക്കളും ലഹരിക്കടിമകളാണെന്ന് തുറന്നുപറഞ്ഞത് കൊച്ചി പൊലിസ് കമ്മിഷണർ തന്നെയാണ്. സമാന തുറന്നുപറച്ചിൽ വേറെയും ഉന്നത പൊലിസ് ഓഫിസർമാരിൽ നിന്നും കേരളം കേട്ടു ഞെട്ടി. ഐ.എ.എസുകാരുടെയോ ഐ.പി.എസുകാരുടെയോ സാധാരണക്കാരുടെയോ ആരുടെ കുട്ടികളാകട്ടെ, അവർ ലഹരിമാഫിയകളിൽ നിന്ന് സുരക്ഷിതരല്ലെന്നാണ് ഇതൊക്കെ അടിവരയിടുന്നത്.
നാടൻ ചാരായവും കഞ്ചാവും മുതൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ വരെ കേരളത്തിലെ കൗമാരക്കാർക്ക് സുലഭമായി കിട്ടാനാകുന്ന സാഹചര്യമാണുള്ളത്. വിദ്യാർഥികളിൽ മാത്രം ഒതുങ്ങതുമല്ല ലഹരിമാഫിയയുടെ ഇടപെടൽ. ഡോ. വന്ദന ദാസിന്റെ ക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന ഓർമകൾ നമുക്ക് മുമ്പിലുണ്ട്. നിരവധി രോഗികൾക്ക് ആശ്വാസമാകേണ്ട ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയത് ലഹരിക്കടിമയായ അധ്യാപകനായിരുന്നുവെന്ന് തലകുനിച്ചാണ് കേരളം കണ്ടത്.
എങ്ങനെയാണ് ഓരോ പ്രദേശത്തേയും കുട്ടികളെ ലഹരിമാഫിയ തങ്ങളുടെ വലയത്തിലാക്കുന്നതെന്ന് പൊലിസും എക്സൈസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തേയും ചെറു സുഹൃത് സംഘങ്ങളിലെ നേതാവിനെയാണ് ലഹരി സംഘം ലക്ഷ്യം വയ്ക്കുന്നത്. ഇവർ പഠനത്തിലും മറ്റും മിടുക്കരായിരിക്കും. സമൂഹത്തിലുള്ള എല്ലാവർക്കും ഇഷ്ടമുള്ള കൗമാരക്കാരുമായി ലഹരി മാഫിയയുടെ കണ്ണികൾ സൗഹൃദം സ്ഥാപിക്കും. വീരകഥകൾ പറഞ്ഞും ലഹരി വീര്യം മനസിലേക്ക് കുത്തിവയ്ക്കും. പിന്നെ സൗജന്യമായി ലഹരി കൊടുക്കും. തങ്ങളുടെ കുട്ടികൾ ലഹരി ഉപയോഗിക്കുന്നുവെന്ന് ആദ്യഘട്ടത്തിൽ തന്നെ രക്ഷിതാക്കൾ മനസിലാക്കാറുണ്ടെങ്കിലും അതവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. പിന്നെ മാനക്കേട് ഓർത്ത് പുറത്തുപറയാനും ആവില്ല.
സംസ്ഥാനത്തെ 1,100 ഓളം സ്‌കൂളുകൾ ലഹരിമാഫിയകളുടെ പിടിയിലമർന്നതായാണ് എക്‌സ്‌സൈസ് വകുപ്പു കണ്ടെത്തിയിരിക്കുന്നത്. ഇത് ഞെട്ടിക്കുന്ന കണക്കു തന്നെയാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കുട്ടികൾക്കുമേൽ വല വിരിച്ചിരിക്കുകയാണ് ലഹരിമാഫിയ എന്ന ആശങ്കയെ ബലപ്പെടുത്തുന്നതാണ് ഈകണക്കുകൾ.
ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വകുപ്പ് വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽകരിക്കാനുള്ള ഒട്ടേറെ കർമ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹായമില്ലാതെ ഈ പോരാട്ടത്തിന് വിജയം കൈവരിക്കാനാവില്ല. വീടുകളിൽ നിന്നു തന്നെ തുടങ്ങേണ്ടതാണ് ഈ യുദ്ധം. ഓരോരുത്തരുടേയും കണ്ണുകൾ സ്വന്തം കുട്ടികളിലേക്ക് തന്നെ ആദ്യം തുറക്കണം. കുട്ടികളെക്കുറിച്ചുള്ള അമിത ആത്മവിശ്വാസമല്ല വേണ്ടത്, അവർ അഭിമാനത്തോടെ വളരണം എന്ന വിശ്വാസമാണാവശ്യം.
വീട്ടുകാരോട് സംസാരിക്കാതിരിക്കുക, ഒഴിഞ്ഞുമാറുക, ആവശ്യത്തിലധികം പണം ആവശ്യപ്പെടുക, മോഷ്ടിക്കുക, ഏറെനേരം മുറിയടച്ചിരിക്കുക, വിശപ്പില്ലായ്മ, അമിത ദേഷ്യം, വിയർപ്പ്, പഠനത്തോടും കളികളോടും വിരക്തി, സ്‌കൂൾ വിട്ടാൽ സമയത്ത് വീട്ടിലെത്താതിരിക്കുക, സ്‌കൂളിൽ നിന്നു വന്നാൽ ഉടൻ മൊബൈലിൽ ചാറ്റ് ചെയ്യുക തുടങ്ങിയവ കുട്ടികളുടെ ജീവിതവഴികളിൽ എവിടെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞാൽ ജാഗ്രതയാകാം. കുടുംബവും അധ്യാപകരും സമൂഹവും നിങ്ങൾക്കൊപ്പമുണ്ടാകും. കാരണം ഈ യുദ്ധം എല്ലാവർക്കും വേണ്ടിയുള്ളതാണ്. ലഹരിയുടെ അയഥാർഥ വികാരങ്ങൾ ഒഴുകിനടക്കാനുള്ളതല്ല യുവത്വത്തിന്റെ സിരകൾ. സമൂഹത്തിന്റേയും രാജ്യത്തിന്റേയും വളർച്ചയുടെ ഊർജം പ്രവഹിക്കേണ്ട സിരകളാണ്. അതിനാൽ നിശ്ചയദാർഢ്യവുമായി മുമ്പോട്ടുപോകാനാകണം നമുക്ക്.
നാളെയുടെ പ്രതീക്ഷകളെ അണച്ചുകളയാൻ മാഫിയകളെ അനുവദിക്കരുത്. നിയമത്തിന്റെ വിള്ളലുകളിലൂടെ ഒരു ലഹരിക്കടത്തുകാരനും രക്ഷപ്പെടില്ലെന്ന ഉറപ്പു സർക്കാർ നൽകണം. കർശനമായ നിയമം കൊണ്ടും മാതൃകാപരമായ ശിക്ഷകൊണ്ടും ലഹരിമാഫിയകളുടെ കോട്ടകൾ തകർക്കണം. ഈ പോരാട്ടം പൊടുന്നനെ അവസാനിക്കുന്നതോ അവസാനിപ്പിക്കാവുന്നതോ അല്ല, അത്രമേൽ ആഴത്തിലാണ്ടുകിടക്കുന്ന വേരാണ് പിഴുത് നീക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."