രാജി ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച്; ഭരണഘടനയെ അപമാനിച്ചിട്ടില്ല, അതീവ ദു:ഖമുണ്ട്; സഭയില്‍ സജി ചെറിയാന്
തിരുവനന്തപുരം : ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന് എം.എല്‍.എ. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താന്‍. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കല്‍ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാന് പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന് വിശദീകരണം നടത്തിയത്.
43 വര്‍ഷക്കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ എല്ലാകാലവും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചത്. വാക്കുകള്‍ തെറ്റായി വളച്ചൊടിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ദുഖമുണ്ട്. അംബേദ്കറെ അപമാനിച്ചുവെന്ന പ്രചാരണവും നടന്നു. ഇതെല്ലാം വസ്തുതാപരമായി തെറ്റാണെന്നും സജി ചെറിയാന് പറഞ്ഞു.
വിവാദത്തിന് പിന്നാലെ ഉന്നതമായ രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാജിവച്ചത്. പാര്‍ട്ടി നേതൃത്വം അനുമതി നല്‍കിയത് അനുസരിച്ചാണ് രാജി. പ്രസംഗം സംബന്ധിച്ച് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഒരിക്കല്‍കൂടി ഖേദം രേഖപ്പെടുത്തുന്നതായും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രത്യേക പ്രസ്താവന അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."