റിയാസ് ക്യാപ്റ്റൻ രണ്ടാമനോ?
1964ൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മാർക്‌സിസ്റ്റ് ഘടകത്തിന്റെ രൂപീകരണം തൊട്ട് പാർട്ടിക്ക് കേരളത്തിൽ എല്ലാ കാലത്തും രണ്ട് അധികാര കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. 1950-70 കാലഘട്ടത്തിൽ ഈ അധികാര കേന്ദ്രങ്ങൾ ഇ.എം.എസും എ.കെ.ജിയുമായിരുന്നു. അധികാരം നേടിയെടുക്കുന്നതിനുവേണ്ടി രാഷ്ട്രീയ ബന്ധങ്ങളുണ്ടാക്കുന്നതിലായിരുന്
പിണറായി പരിഷ്‌കർത്താവിന്റെ വേഷം കെട്ടി മുതലാളിമാരെ സ്വാഗതം ചെയ്തപ്പോൾ മുതലാളിത്തത്തിനെതിരേ യാഥാസ്ഥിതിക കമ്യൂണിസ്റ്റ് നിലപാട് സ്വീകരിച്ച ആളായിരുന്നു വി.എസ് അച്യുതാനന്ദൻ. 1998-2015 കാലയളവിൽ പിണറായി ആയിരുന്നു സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി. ഇക്കാലയളവിൽ വി.എസിനെ നിശബ്ദനാക്കാനുള്ള പല പ്രത്യക്ഷശ്രമങ്ങളും പിണറായി വിജയനിൽ നിന്നുണ്ടായിട്ടുണ്ട്. വിഭാഗീയത സൃഷ്ടിക്കുന്ന പിണറായിയുടെ നീക്കങ്ങൾക്ക് പലപ്പോഴും ഒരു കേഡർ സംഘടനയുടെ അച്ചടക്കത്തിന്റെ ഭാഗം എന്ന ഭാഷ്യമായിരുന്നു. ഇങ്ങനെ തെറ്റിദ്ധരിച്ച് ഭൂരിപക്ഷം പാർട്ടിക്കാരും ഇന്നത്തെ മുഖ്യന്റെ പിന്നിൽ അണിനിരന്നപ്പോൾ പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നു പറഞ്ഞ് പല നേതാക്കളും മാധ്യമങ്ങൾക്ക് മുന്നിലെത്തി. എന്നാൽ ഇതേസമയം പലയിടങ്ങളിലും പൊതുസ്ഥലങ്ങളിൽ വി.എസ് അനുകൂല ജാഥകൾ നടന്നു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ എന്നതിനപ്പുറം വി.എസിനും പിണറായിക്കുമിടയിലെ പ്രശ്‌നം കമ്യൂണിസ്റ്റ് പാർട്ടിയിലെ അധികാരത്തെയും സ്വാധീനത്തെയും ചൊല്ലിത്തന്നെയായിരുന്നു. ലാവ്‌ലിൻ കേസിൽ പിണറായിക്കെതിരേ ആദ്യമായി പാർട്ടിക്കകത്തുനിന്നു സംസാരിച്ചതും വി.എസ് തന്നെയായിരുന്നു. അഴിമതിയിൽ പിണറായിക്കുള്ള പങ്കിനെക്കുറിച്ച് വി.എസ് പരസ്യസൂചനകൾ വരെ നൽകി. 1996ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചെങ്കിലും വി.എസ് പരാജയപ്പെട്ടു. വി.എസിന്റെ പരാജയത്തിൽ പിണറായി വിജയനു പങ്കുണ്ടെന്ന തരത്തിലുള്ള പല ഗൂഢസിദ്ധാന്തങ്ങളും പാർട്ടിക്കകത്തും പുറത്തുമായി വ്യവഹരിക്കുന്നുണ്ട്.
കൂടാതെ, 2005ലെ പതിനെട്ടാമത് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വി.എസിനു വലിയ തിരിച്ചടിയുണ്ടായി. മലപ്പുറത്തു നടന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിൽ വി.എസിന്റെ പന്ത്രണ്ട് അംഗങ്ങളും പരാജയപ്പെട്ടെന്നു മാത്രമല്ല, സമ്മേളനത്തിൽ പങ്കെടുത്ത 545 പാർട്ടി പ്രതിനിധികളും പിണറായി നാമനിർദേശം ചെയ്ത പാനലിനെ അംഗീകരിക്കുകയും വി.എസ് നിർദേശിച്ചവർ തള്ളിപ്പോവുകയും ചെയ്തു. 2005ൽ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനത്തുനിന്ന് വി.എസിനെ നീക്കുകയും ചെയ്തു. മാറ്റിനിർത്തലും തഴയലും നേരിട്ടെങ്കിലും വി.എസ് വെറുതെയിരുന്നില്ല. 2006 തെരഞ്ഞെടുപ്പിൽ പോളിറ്റ് ബ്യൂറോ വി.എസിനു മത്സരിക്കാൻ അനുമതി നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിണറായി വിഭാഗത്തിന്റെ എതിർപ്പു കാരണം അതും ലഭിച്ചില്ല. ഈ അവസരത്തിവാണ് വി.എസ് വിഭാഗം തങ്ങളുടെ നേതാവിനു വേണ്ടി തെരുവിലിറങ്ങിയതും പോളിറ്റ് ബ്യൂറോയുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള സാഹചര്യമൊരുക്കിയതും. പോളിറ്റ് ബ്യൂറോ അദ്ദേഹത്തിനു സീറ്റ് നൽകി. വി.എസ് ജയിച്ചെങ്കിലും പാർട്ടി തോറ്റു.
2016ൽ വി.എസായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാനമുഖം. പിണറായിയാവട്ടെ വി.എസുമായി അനുനയ നിലപാടിലും. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചെങ്കിലും പിണറായി മുഖ്യമന്ത്രിയായി. വി.എസിനെ കാബിനറ്റ് പദവിയിലുള്ള പരിഷ്‌കരണ കമ്മിഷൻ ചെയർമാനാക്കിയെങ്കിലും ഇന്നിപ്പോൾ അദ്ദേഹം പിറന്നാൾ ദിവസം മാത്രം ടി.വിയിൽ കാണുന്ന മുഖമായി മാറിയിട്ടുണ്ട്. ഒരർഥത്തിൽ പറഞ്ഞാൽ, പിണറായിയെ ഇത്രകണ്ട് വളർത്തിയതും വി.എസ് തന്നെ എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.
2021ലെ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞതോടെ പിണറായി എല്ലാവരെയും തഴഞ്ഞുകൊണ്ട് പാർട്ടിയിലെ ഒറ്റയാനായി മാറി. വളരെ ജനസമ്മതിയുണ്ടായിരുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മാറ്റിനിർത്തി, കണ്ണൂരിലെ പാർട്ടിയുടെ ശക്തിയായിരുന്ന ഇ.പി ജയരാജൻ, പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക് എന്നിവരെല്ലാം പിണറായിയുടെ അധികാരലബ്ധിയുടെ വെട്ടേറ്റുവീണു. ഇതോടെ സി.പി.എമ്മിന്റെ ചരിത്രത്തിലിന്നോളം സംഭവിക്കാത്ത പലതും സംഭവിച്ചു. പാർട്ടിയിലെ ഒറ്റയാനും ഒരേയൊരു ക്യാപ്റ്റനുമായി സ്വയം അവരോധിതനായ പിണറായി വിജയൻ തന്റെ മരുമകനെ മന്ത്രിസഭയിലെ അംഗമാക്കി. എം.എൽ.എ ആയുള്ള ആദ്യ ജയത്തിൽ തന്നെ മന്ത്രിസ്ഥാനം ലഭിക്കാൻ തക്ക പ്രാപ്തിയുള്ള മികച്ച കമ്യൂണിസ്റ്റായി നാൽപ്പത്തിയെട്ടുകാരനായ റിയാസ് മാറിയതെങ്ങനെ? ഇതിനോട് ചേർത്തുവായിക്കേണ്ടതാണ് മുഖ്യമന്ത്രി പിണറായി വിജയനെ മറ്റു മന്ത്രിമാർ പ്രതിരോധിക്കുന്നില്ലെന്നുള്ള മന്ത്രി മുഹമ്മദ് റിയാസിൻ്റെ പരാതി. മറ്റു മന്ത്രിമാർ തങ്ങളുടെ പ്രതിച്ഛായയെക്കുറിച്ചുള്ള അശങ്കയാൽ പ്രഥമ കർത്തവ്യമായ പാർട്ടിയേയും മുഖ്യമന്ത്രിയേയും സകല വിമർശനങ്ങളിൽനിന്നും പ്രതിരോധിക്കുക എന്ന ജോലിയിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും റിയാസ് ആരോപിച്ചിരുന്നു.
ഇന്ന് പാർട്ടിയിൽ, മന്ത്രിസഭയിൽ പിണറായിക്കെതിരേ നിൽക്കാൻ ധൈര്യമുള്ള ഒരൊറ്റ എതിരാളിയുമില്ല. കാരണം, മന്ത്രിസഭയിലുള്ളവരെല്ലാം പുതിയ ആളുകളാണ്. ഇതിനു മുമ്പുവരെ പാർട്ടി സെക്രട്ടറിക്കായിരുന്നു പലവിഷയങ്ങളിലും മേൽക്കൈ ഉണ്ടായിരുന്നത്. എന്നാൽ, കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി ആവുകയും പിണറായിയുടെ വിശ്വസ്തനാവുകയും ചെയ്തതോടെ ആ രീതിയും അന്യംനിന്നു. കോടിയേരിയുടെ നിര്യാണത്തിനുശേഷം സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത എം.വി ഗോവിന്ദൻ പിണറായിക്കെതിരേ പ്രത്യക്ഷത്തിൽ ഒരു എതിർപ്പിനും പോകാതെ സുരക്ഷിത രാഷ്ട്രീയമാണ് കളിക്കുന്നത്. ഇതോടെ പിണറായിയെ ചോദ്യം ചെയ്യാൻ ആരുമില്ലെന്നായി. എഴുപത്തെട്ടിലെത്തി നിൽക്കുന്ന പിണറായി തന്റെ രാഷ്ട്രീയജീവിതത്തിന്റെ അവസാനകാലത്തെ അംഗീകരിക്കുകയാണെന്നു വേണം മനസ്സിലാക്കാൻ. ഇപ്പോൾ അദ്ദേഹത്തിനു വേണ്ടത് റിയാസിനെ മുഖ്യമന്ത്രി സ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ്. എന്നാൽ ഒരു നേതാവിനു ശക്തനായി ഉയരണമെങ്കിൽ അയാൾക്കെതിരേ ഒരു രാഷ്ട്രീയ പ്രതിയോഗിയെങ്കിലും അത്യാവശ്യമാണ്. എം. സ്വരാജ്, എം.ബി രാജേഷ്, എ.എൻ ശംസീർ തുടങ്ങി യുവനിര വേറെയും സി.പി.എമ്മിലുണ്ടെങ്കിലും ഇവരാരും പിണറായിക്കെതിരേ നിൽക്കില്ല. പിന്നെ അവശേഷിക്കുന്ന കെ.എൻ ബാലഗോപാൽ രാഷ്ട്രീയ പോരാളിയല്ല, പി. രാജീവ് പിണറായി ഭക്തനാണുതാനും.
ആരും മത്സരത്തിനില്ലാത്ത സാഹചര്യത്തിൽ ഒറ്റയ്ക്ക് ഓടി, ഒറ്റയ്ക്ക് ജയിക്കുന്ന റിയാസിനെ ആരാണ് അംഗീകരിക്കുക? എം.വി ഗോവിന്ദൻ കൂടുതൽ അധികാരം നേടി, ഒരുപക്ഷേ റിയാസിനെ കവച്ചുവച്ചാൽ മത്സരം പോലും ഒഴിവാക്കാമെന്നു വയ്ക്കാം. എന്നാൽ, റിയാസിൻ്റെ ഇപ്പോഴത്തെ പ്രതികരണത്തിനെതിരേ ആരെങ്കിലും ഒരാൾ ഈ മന്ത്രിസഭയിൽനിന്ന്, പാർട്ടിയിൽനിന്ന് ഒച്ചവച്ചാൽ അതിനർഥം റിയാസിന് പ്രതിയോഗിയുണ്ടെന്നാണ്. അങ്ങനെ പാർട്ടിക്കകത്ത് രണ്ട് അധികാര കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും കളമൊരുങ്ങും. കൂടാതെ, ഇനി റിയാസിനുതന്നെ മുഖ്യമന്ത്രിപദം കിട്ടിയാൽ പോലും ഒരു രാഷ്ട്രീയ പ്രതിയോഗിയെ പരാജയപ്പെടുത്താതെ എങ്ങനെയാണ് ഒരു ശക്തനായ നേതാവിനെ കേരളത്തിനു ലഭിക്കുക. പിന്നെ, റിയാസിനെ എങ്ങനെ മുഖ്യമന്ത്രിയാക്കണമെന്നത് പിണറായി വിജയന് നല്ല വശമുള്ള സംഗതിയാണ്. അദ്ദേഹം ക്യാപ്റ്റൻ വസതിയിൽനിന്നു നേരിട്ടുള്ള റിക്രൂട്‌മെന്റ് ആയതിനാൽ വലിയ പ്രതിഷേധമൊന്നും എവിടെ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."