വിശുദ്ധ ഹറമിലെ ആദ്യ ജുമുഅയിൽ ധന്യരായി മലയാളി ഹാജിമാർ
വിശുദ്ധ ഹറമിലെ ആദ്യ ജുമുഅയിൽ ധന്യരായി മലയാളി ഹാജിമാർ
മക്ക: പുണ്യ ഭൂമിയിലെത്തിയ മലയാളി ഹാജിമാർ ആദ്യ ജുമുഅയിൽ പങ്കു കൊണ്ടു. ജൂൺ നാല് മുതൽ കേരളത്തിൽ നിന്നും ആരംഭിച്ച മലയാളി ഹജ്ജ് സംഘം ആദ്യ ജുമുഅയിൽ തന്നെ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ്. മലയാളികളടക്കമുള്ള ഹാജിമാരുടെ മുഖത്തു വിശുദ്ധ ഹറമിലെ ആദ്യ ജുമുഅയിൽ പങ്കെടുത്ത സന്തോഷം പ്രകടമായിരുന്നു. ഹറം പള്ളിയുടെ മുൻഭാഗത്തും, ഉൾഭാഗത്തും ഇടം പിടിക്കാൻ മലയാളികടക്കമുള്ള ഇന്ത്യൻ ഹാജിമാർ നേരത്തെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടിരുന്നു.
താമസ സ്ഥലത്തു നിന്നും ഹറം പള്ളിയിലേക്ക് 24 മണിക്കൂറും സദാ സമയവും ബസ് സൗകര്യം ഏർപ്പെടുത്തിയതിനാൽ അതി രാവിലെ മുതൽ തന്നെ പള്ളിയിലേക്ക് യാത്ര പോകാൻ വലിയൊരു അനുഗ്രഹമായി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന മക്കയിൽ എത്തിയ മലയാളി ഹാജിമാർ മക്കയിലെ ഹറം പള്ളിയിലും മദീനയിലെത്തിയ ഇന്ത്യൻ ഹാജിമാർ മദീനയിലെ പ്രവാച പള്ളിയിലുമാണ് ജുമുഅ നിസ്കാരത്തിൽ സംബന്ധിച്ചത്. മക്കയിലെ മസ്‌ജിദുൽ ഹറാമിലെ ജുമുഅക്കും ഖുതുബ പ്രസംഗത്തിനും ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസും മദീനയിലെ പ്രവാചക പള്ളിയിൽ ശൈഖ് അബ്ദുൽ ബാരി അൽ തുബൈതിയും നേതൃത്വം നൽകി.
മക്കയിലും മദീനയിലും ഇന്ത്യൻ ഹാജിമാർക്ക് തുണയായി മലയാളി ഹജ്ജ് സേവക സംഘങ്ങൾ അണി നിരന്നത് ഏറെ സഹായകരമാണ്. ഹാജിമാർക്ക് ഏറ്റവും അനുഗ്രഹമായി മാറുന്നതും മലയാളി സന്നദ്ധ സേവക സംഘങ്ങളുടെ ഇടപെടലുകളാണ്. ഹറമിലേക്കും തിരിച്ചും പ്രായമായവരെയും മുതിർന്നവരെയും എത്തിക്കുന്നതിലും സഹായം ചെയ്യുന്നതിലും സന്നദ്ധ സേവകർ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് ഏറെ പ്രശംസനീയമാണ്. ഇരു നഗരികളിലും വെള്ളിയാഴ്ചകളിൽ അനുഭവപ്പെടുന്ന തിരക്കിൽ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ഹാജിമാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ ഹജ്ജ് സേവക സംഘങ്ങൾ നേരത്തെ തന്നെ ഒരുക്കിയിയിരുന്നു.
ഇന്ത്യൻ ഹജ് തീർത്ഥാടകർ വന്നിറങ്ങിയ മക്കയിലും മദീനയിലും വിഖായ, കെഎംസിസി, ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ നിരവധി വിവിധ സംഘങ്ങളുടെയും നേതൃത്വത്തിലാണ് ഹാജിമാർക്ക് വേണ്ട സഹായവുമായി ഹജ്ജ് സേവക സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഹാജിമാർ കൂടുതൽ ബുദ്ധിമുട്ടുകയും വഴി തെറ്റാൻ സാധ്യതയുള്ളതുമായ മക്കയിൽ വിഖായയുടെ നേതൃത്വത്തിൽ നല്ലൊരു സംഘം വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചതും ഹാജിമാർക്ക് ഏറെ അനുഗ്രഹമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."