അഴിമതിയും കുടംപുളിയും
സജി ഉതുപ്പാൻ
corruption എന്ന വാക്ക് 1300 കളില്‍ corrumpere എന്ന ലാറ്റിന്‍ പദത്തില്‍നിന്ന് ഉണ്ടായതാണ്. 'നശിപ്പിക്കുക' എന്നര്‍ഥം വരുന്ന ഈ വാക്ക് ഈ 21-ാം നൂറ്റാണ്ടിലും ഇന്ത്യക്ക് വെല്ലുവിളിയാണ്. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും എന്നും വിഘാതമായി നില്‍ക്കുന്ന അപകടകരമായ പ്രവണതയാണ് അഴിമതി. നമ്മുടെ പാര്‍ലമെന്റിന്റെ ശൈശവദശയില്‍ തന്നെ രണ്ടാമത്തെ നിയമമായി 1947ലെ അഴിമതി തടയല്‍ നിയമം പാസാക്കി. കര്‍ശന അഴിമതി നിരോധന നിയമം നിലവിലുള്ള രാജ്യത്ത് ഇപ്പോഴും അഴിമതി കൊടികുത്തി വാഴാന്‍ കാരണമെന്ത്? അഴിമതി തടയാന്‍ നിയോഗിച്ചിരിക്കുന്നവര്‍ തന്നെ അത് നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ വേലി തന്നെ വിളവ് തിന്നുന്നതിനു തുല്യമാണ്.
ചെറുതും വലുതുമായി അഴിമതി ഇല്ലാത്ത ഏതു വകുപ്പാണുള്ളത്? ലക്ഷക്കണക്കിന് രൂപ ശമ്പളത്തോടൊപ്പം കൈനിറയെ ആനുകൂല്യങ്ങളും പുറമേ കിമ്പളവും കൈപ്പറ്റി പണിയെടുക്കാതിരിക്കുന്ന നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നാടിനും വരുന്ന തലമുറയ്ക്കും ബാധ്യതയാണ്. പണം കൂടാതെ കുടംപുളിയും പുഴുങ്ങിയ മുട്ടയും മുതല്‍ കാട്ടുതേന്‍വരെ ജനങ്ങളില്‍നിന്ന് പിടിച്ചുവാങ്ങുന്ന ഇക്കൂട്ടര്‍ക്കു ലജ്ജയുണ്ടാവില്ല. കാരണം ഇവരെ നിയന്ത്രിക്കേണ്ട രാഷ്ട്രീയ മേലാളന്മാരും അഴിമതിക്കു കുടപിടിക്കുന്നു. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരി കീശ വീര്‍പ്പിക്കുന്ന അഴിമതി വീരന്മാരെ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് അടിയന്തരമായി പിരിച്ചുവിടാനുള്ള ആര്‍ജവം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ഉണ്ടാവണം.
അഴിമതി വിഷയത്തില്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ മുന്‍പന്തിയിലാണ്. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ഗ്ലോബല്‍ കറപ്ഷന്‍ ബാരൊമീറ്റര്‍ എന്ന പഠനത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലെ കൈക്കൂലി നിരക്ക് 39 ശതമാനമാണ്! തൊട്ടുപിന്നിലായി ഇന്തോനേഷ്യയും ചൈനയുമാണ്. അവര്‍ തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ അഴിമതി ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഡെന്മാര്‍ക്ക്, ന്യൂസിലാന്‍ഡ്, സിങ്കപ്പൂര്‍ എന്നിവയാണ് മുന്‍പന്തിയില്‍.
അഴിമതി ആരോപണങ്ങള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഴിച്ചു മൂടപ്പെടുന്ന അതീവ ഗുരുതരമായ സ്ഥിതിയാണ് കേരളത്തിലുള്ളത്. അഴിമതിക്കെതിരേ ലോകായുക്തയുണ്ടെങ്കിലും അതിനും കൂച്ചുവിലങ്ങുകള്‍ ധാരാളമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന അഴിമതി മാലിന്യങ്ങളെ ഉടന്‍ നീക്കം ചെയ്യാന്‍ നട്ടെല്ലുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വങ്ങളാണ് കാലത്തിന്റെ ആവശ്യം.
ഭരണകക്ഷിയില്‍പ്പെട്ട പൊതുപ്രവര്‍ത്തകന്‍ തന്നെ അഴിമതിക്കെതിരേ പോരാടി പഞ്ചായത്ത് ഒാഫിസില്‍ ജീവന്‍ ഒടുക്കേണ്ടിവന്നത് ഗൗരവത്തില്‍ കാണേണ്ടിയിരിക്കുന്നു. പതിവുപോലെ ഒരു അപകടം ഉണ്ടായാല്‍ ഉടനെ അതതു ഡിപ്പാര്‍ട്മെന്റുകള്‍ ഉൗർജിത അന്വേഷണം തുടങ്ങും. മറ്റൊരു വിഷയത്തിലേക്ക് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ മാറുന്നതോടെ ഇൗ ഇടപെടലുകൾക്ക് അന്ത്യമാവും.
മാന്യമായി ജോലിചെയ്യുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം കെടുത്തുന്ന കൈക്കൂലി വീരന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുത്താല്‍ മാത്രമേ അഴിമതി എന്ന ഈ മഹാമാരിക്ക് കുറവുണ്ടാവു. കൈക്കൂലി കൊടുത്താല്‍ മാത്രമേ കാര്യം സാധിക്കു എന്ന നമ്മുടെ വിശ്വാസവും മാറേണ്ടിയിരിക്കുന്നു. അഴിമതി കണ്ടുകഴിഞ്ഞാല്‍ അതിനെതിരേ പ്രതികരിക്കുവാനും അധികാരികളെ അറിയിക്കാനും ജനങ്ങൾ തയാറാവണം.
Content Highlights:todays article about corruption
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."