വയനാട് ചൂരല്‍മല പുനരധിവാസം; ധനസമാഹരണാര്‍ഥം മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ കെഎം എബ്രഹാം
തിരുവനന്തപുരം: മുംബൈ മാരത്തണില്‍ പങ്കെടുക്കാനൊരുങ്ങുന്ന ഡോ കെഎം എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജഴ്‌സിയും ഫ്‌ളാഗും കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് ഡോ കെഎം എബ്രഹാം. വയനാട്ടില്‍ വന്‍ നാശം വിതച്ച ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഡോ കെഎം എബ്രഹാം മുംബൈ മാരത്തണില്‍ ഓടാനൊരുങ്ങുന്നത്. 42 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഫുള്‍ മാരത്തണ്‍ ജനുവരി 19ന് മുംബൈയിലാണ് നടക്കുന്നത്.
വയനാട് ദുരന്തത്തിലെ ഇരകള്‍ക്കുള്ള ഐക്യം ഉറപ്പിക്കുന്ന ജഴ്‌സിയും ഫ്‌ളാഗുമാണ് മുഖ്യമന്ത്രി ഡോ കെഎം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭായോഗത്തിനു ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ജഴ്‌സി കൈമാറ്റ ചടങ്ങ്. 'റണ്‍ ഫോര്‍ വയനാട് ' എന്ന തത്വത്തിലൂന്നി തയ്യാറാക്കിയ ജഴ്‌സിയിലും ഫ്‌ളാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാനുള്ള സന്ദേശവുമുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ https://donation.cmdrf.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
CMDRF ന്റെ അക്കൗണ്ട് വിവരങ്ങളും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പുകളുടെ നിര്‍മാണ കണ്‍സള്‍ട്ടന്‍സി ആയ കിഫ് കോണിന്റെ ചെയര്‍മാനും ഡോ കെഎം എബ്രഹാം ആണ്. നേരത്തേ ലണ്ടന്‍ മാരത്തണും കെഎം എബ്രഹാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."