വീണ്ടും ജുമുഅ സമയത്ത് പരീക്ഷയുമായി പി.എസ്.സി; വ്യാപക പ്രതിഷേധം
വീണ്ടും ജുമുഅ സമയത്ത് പരീക്ഷയുമായി പി.എസ്.സി
കോഴിക്കോട്: വെള്ളിയാഴ്ച ജുമുഅ സമയത്ത് വീണ്ടും പരീക്ഷ നടത്താന്‍ പി.എസ്.സി. ഹയര്‍ സെക്കന്‍ഡറി അറബി അധ്യാപക (എസ്.എസ്.എസ്.ടി) ഓണ്‍ലൈന്‍ പരീക്ഷയാണ് ജൂണ്‍ 23ന് വെള്ളിയാഴ്ച നടത്താന്‍ പി.എസ്.സി തീരുമാനിച്ചത്.
പകല്‍ 11.15 മുതല്‍ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പി.എസ്.സി ഓഫിസിനോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരീക്ഷാ സെന്ററിലാണ് പരീക്ഷ നടക്കുക. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തും.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ച ഹയര്‍ സെക്കന്‍ഡറി ചരിത്രാധ്യാപക പരീക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തീയതി മാറ്റിയാണ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചനേരത്ത് മുസ്ലിം മത വിശ്വാസികള്‍ക്ക് ജുമുഅ നിസ്‌കാരം ഉണ്ടെന്ന് അറിഞ്ഞിട്ടും അതേ സമയം തന്നെ പരീക്ഷ നടത്തുന്നത് പി.എസ്.സി ആവര്‍ത്തിക്കുകയാണ്. വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം മുസ്ലിംകളെ സംബന്ധിച്ച് അതിപ്രധാനമായതുകൊണ്ട് ജുമുഅക്ക് തടസ്സം വരാത്ത വിധമായിരുന്നു മുന്‍കാലങ്ങളില്‍ പരീക്ഷകളുടെ ക്രമീകരണം. എന്നാല്‍ സമീപകാലത്ത് ഇത് കണക്കിലെടുക്കാതെയാണ് പി.എസ്.സി പരീക്ഷാ തീയതി നിശ്ചയിക്കുന്നത്. പ്രാര്‍ത്ഥനാ സമയത്ത് തന്നെ പരീക്ഷ നടത്താന്‍ പിടിവാശി കാണിക്കുന്നതില്‍ ദുരൂഹതയുണ്ട്.
ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ പി.എസ്.സി പരീക്ഷയുടെ സമയം നിശ്ചയിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
നിലവിലെ സമയക്രമം ഒരുനിലക്കും ഉദ്യോഗാര്‍ അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവര്‍ പ്രായോഗിക സമീപനം സ്വീകരിച്ച് അടിയന്തരമായി തീയതി മാറ്റി നിശ്ചയിക്കണമെന്നും സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (എസ്.ഇ.എ) സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറയും ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പനങ്ങാങ്ങരയും ആവശ്യപ്പെട്ടു. ഉദ്യോഗാര്‍ഥികളെ പ്രയാസപ്പെടുത്തുന്ന നടപടിയില്‍ നിന്ന് പി.എസ്.സി പിന്‍മാറണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് എസ്.ഇ.എ നേതൃത്വം നല്‍കുമെന്നും ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."