പറന്നുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്; കാരണം ഇതാണ്
ടിക്കറ്റ് നിരക്കിന്റെ അനിയന്ത്രിതമായ വര്‍ധന മൂലം വിമാനയാത്ര ഏറെ ദുഷ്‌ക്കരമയിരിക്കുകയാണ്. അടിക്കടി വര്‍ധിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്. പ്രധാനമായും പ്രവാസികളുടെ നട്ടെല്ലൊടിക്കുന്നുണ്ട് ടിക്കറ്റ് വര്‍ധന. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാണ് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രവാസി കൂട്ടായ്മകള്‍. ഈമാസം 26നു സ്‌കൂള്‍ അടയ്ക്കുന്നതും ബലിപെരുന്നാള്‍ അവധിയുമെല്ലാം മുന്നില്‍ കണ്ട് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് വര്‍ധനവ് നല്‍കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. ഈ മാസം മുഴുവനും അടുത്ത മാസവും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ശരാശി 35000 രൂപയിലധികമാണ് ടിക്കറ്റിന് ചാര്‍ജ്.
ഒരു കുടുംബത്തിന് യാത്ര ചെയ്ത് തിരിച്ചുവരാന്‍ ഏറ്റവും കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതേണ്ട അവസ്ഥയാണ്. ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തിയതും എയര്‍ ഇന്ത്യ സര്‍വീസുകള്‍ കൊച്ചിയിലേക്കു മാത്രമാക്കിയതും യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ട്രാവല്‍ ഏജന്റുമാരും പറയുന്നു. ടിക്കറ്റ് നിരക്ക് വര്‍ധനവ് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ടിക്കറ്റ്‌നിരക്ക് വര്‍ധനയ്‌ക്കെതിരെ ഈ മാസം 15ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഓള്‍ കേരള പ്രവാസി അസോസിയേഷന്‍ അടക്കമുള്ള കൂട്ടായ്മകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തിനുള്ളില്‍ മുംബൈ-ഡല്‍ഹി ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍ നിങ്ങളുടെ പോക്കറ്റ് കാലിയാകും. വെറും രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് വന്‍ തുക ചെലവാകുമെന്ന കാര്യത്തില്‍ സംശയമില്ല. മുംബൈ-ഡല്‍ഹി വിമാന ടിക്കറ്റ് നിരക്ക് 14,000 രൂപയായും രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയിലുള്ള നോണ്‍സ്റ്റോപ്പ് ഫ്‌ലൈറ്റിന് 37,000 രൂപയായും അടുത്തിടെ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള നോണ്‍സ്റ്റോപ്പ് ഫ്‌ലൈറ്റ് കുറഞ്ഞ നിരക്ക് 11,000 രൂപയായിരുന്നു, ഇതായിരുന്നു ഏറ്റവും വിലകുറഞ്ഞ ഓപ്ഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."